ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർഥ്യമാവുമ്പോൾ
അധികാര വികേന്ദ്രീകരണപ്രക്രിയയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. മുപ്പത്തി ഒന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം വരുന്ന കണ്ടിജൻ്റ് ജീവനക്കാരും ചേരുന്ന ഒരു പൊതുസർവിസാണ് സംസ്ഥാനത്തും ജില്ലയിലും ഏകീകൃത കാര്യാലയങ്ങൾ സഹിതം നിലവിൽ വരുന്നത്.
താഴെ തലം മുതൽ സെക്രട്ടേറിയറ്റ് വരെ ശക്തമായ ഒരു പിന്തുണാസംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് ശക്തിപ്പെടുത്താനാവും. നേരത്തെ സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന ഗ്രാമവികസന വകുപ്പും തദ്ദേശ ഭരണവകുപ്പും സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. കൂടാതെ സമാന രീതിയിൽ പ്രവർത്തിക്കുന്ന സെക്ഷനുകളും അന്ന് പുനഃസംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിൽനടപ്പിലാക്കിയതുപോലെയുള്ള ഏകോപനം അഞ്ചുവകുപ്പുകളിലും നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ 2011ൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അന്നത് നടപ്പിലാക്കാനായില്ല. 2016ലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഇക്കാര്യം പ്രഖ്യാപിക്കുന്നുണ്ട്. തുടർന്നാണ് കരട് നിർദേശങ്ങൾ സമർപ്പിക്കാൻ ലോക്കൽ ഗവൺമെന്റ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്.
വിവിധ സർവിസ് സംഘടനകളുമായും ജനപ്രതിനിധികളുടെ സംഘടനകളുമായും ചർച്ച നടത്തി വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കരട് ചട്ടങ്ങൾ ലോക്കൽ ഗവൺമെന്റ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ചു. ചർച്ചയിൽ നിർദേശിക്കപ്പെട്ട ഭേദഗതികൾ പരിശോധിക്കുന്നതിനും അന്തിമമാക്കുന്നതിനും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ നിർദേശങ്ങളും സർക്കാരിന് ലഭിച്ചു. ഏകീകൃത വകുപ്പ് രൂപീകരിക്കുന്നതിന് മുനിസിപ്പൽ കോമൺ സർവിസിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കിക്കൊണ്ട് കേരള മുനിസിപ്പാലിറ്റി (ഭേദഗതി) നിയമം പാസാക്കി. ലോക്കൽ ഗവൺമെന്റ് കമ്മിഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും തുടർന്ന് നിർദേശിക്കപ്പെട്ട ഭേദഗതികളും പരിശോധിച്ച് അഞ്ചുവകുപ്പുകളും ഏകോപിപ്പിച്ച് ലോക്കൽ സെൽഫ് ഗവൺമെന്റ് വകുപ്പ് രൂപീകരിക്കാനും വകുപ്പുതലവന്റെ പേര് പ്രിൻസിപ്പൽ ഡയരക്ടർ എന്നാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെ സംബന്ധിച്ച് ജീവനക്കാർക്കുള്ള എല്ലാ ആശങ്കകളും പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോവുന്നത്.
ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് മുന്നിൽ സേവനങ്ങൾക്ക് വേണ്ടി സമീപിക്കുമ്പോൾ ചുവപ്പുനാടകളും ബ്യൂറോക്രാറ്റിക് തട്ടുകളും ഒരിക്കലും തടസമാവരുത്. കാത്തിരിക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന സംവിധാനമാണ് ആവശ്യം. ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാൽ വേഗത്തിൽ തീരുമാനങ്ങളുണ്ടാവും. സർക്കാരിന്റെ നയപരമായ തീരുമാനമോ, സ്പഷ്ടീകരണമോ, പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകൾ ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ. ഇത് ഫയൽ തീർപ്പാക്കുന്നതിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കും. ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാവും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുകൊണ്ടുള്ള പ്രവർത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവിൽ വരുന്നതോടെ ഇത് നടപ്പിലാവും. വിവിധ തട്ടുകളിൽ നടക്കുന്ന പ്രാദേശിക ആസൂത്രണ പ്രവർത്തനങ്ങളുടെ ഏകോപനവും ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ആസൂത്രണ പദ്ധതികൾ തയാറാക്കി നടപ്പാക്കുന്നതിന് അനിവാര്യമാണ്. ഓരോ ജില്ലയുടെയും മൊത്തത്തിലുള്ള ആസൂത്രണത്തിനും ഇത് സഹായകമാവും. പ്രാദേശിക ഭരണനിർവഹണത്തിലും വികസനഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാടനുസരിച്ച് മാറ്റങ്ങളുണ്ടാക്കാൻ പൊതുസർവിസ് രൂപീകരണത്തിലൂടെ കഴിയും. അതുവഴി ആസൂത്രണ പ്രക്രിയ മാത്രമല്ല, വിവിധ സേവന പ്രദാന പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്വങ്ങളും ഏകീകൃത സ്വഭാവത്തോടെയും നിശ്ചിത നിലവാരമുറപ്പുവരുത്തിയും നടപ്പിൽവരുത്താനാവും. തദ്ദേശ സ്വയംഭരണ പൊതുഭരണ സംവിധാനം ഏകോപിതമായി പ്രവർത്തിക്കുന്നതോടെ വിവിധ കേന്ദ്രാവിഷ്‌കൃത, സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ ഫലപ്രദമായും പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റിയും വികസന നേട്ടമുണ്ടാക്കാൻ വഴിയൊരുക്കും.ഏകീകൃത വകുപ്പിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽവരുന്നതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നതിൽ സംശയമില്ല. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പര പൂരകത്വം ഉറപ്പാക്കാനുമാവും. വകുപ്പിന്റെ ഭാഗമായ സാങ്കേതിക വിഭാഗം ജീവനക്കാരായ എൻജിനീയറിങ്, നഗര-ഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതികൾക്കും മെച്ചപ്പെട്ട നിലയിൽ ലഭ്യമാവുന്ന നിലയുമുണ്ടാവും.
കേരളത്തിന്റെ സമഗ്രമായ വികസന കുതിപ്പിന് കരുത്തേകാൻ ഉതകുന്നതും ജനകീയവും സേവനപ്രദാനവുമായ സർവിസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാൽവയ്പ്പാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രൂപീകരണം. പ്രാദേശിക സർക്കാരുകൾ അടക്കമുള്ള ഭരണസംവിധാനത്തെ നവീകരിക്കാനും കൂടുതൽ ജനപക്ഷമാക്കി മാറ്റാനും രണ്ടാം പിണറായി വിജയൻ സർക്കാരിന് സാധിക്കുമ്പോൾ, മലയാളിയുടെ കേരള മോഡലെന്ന കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്.
(തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."