ആ വൈറല്‍ കുട്ടികള്‍ ഇവിടെയുണ്ട്
കുഞ്ഞു ലിയോ
പേരിനൊരു ഗ്രൗണ്ട് പോലുമില്ലാത്ത, നാടന്‍ കളിക്കപ്പുറം പ്രൊഫഷണല്‍ ഫുട്‌ബോള്‍ എന്തെന്നറിയാത്ത കര്‍ണാടക അതിര്‍ത്തിയിലെ കാസര്‍കോടന്‍ ഗ്രാമത്തില്‍ നിന്നാണ് മഅ്‌റൂഫ് എന്ന 'കുഞ്ഞു ലിയോ' ലോക താരങ്ങള്‍ക്ക് പോലും പരിചിതനായത്. മറ്റേതൊരു മഴക്കാലം പോലെയും കഴിഞ്ഞ മഴക്കാലത്തും പരപ്പയിലെ കണ്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടാനിറങ്ങിയതായിരുന്നു മഅ്‌റൂഫ്. ഇതിനിടയില്‍ കൂട്ടുകാരന്‍ ഷഫീഖ് ക്യാമറയില്‍ ആ മനോഹര നിമിഷം ഒപ്പിയെടുത്തു. ഡ്രിബ്ലിങ്ങുകള്‍ കൊണ്ട് മാന്ത്രികത തീര്‍ക്കുന്ന കാലുകള്‍ക്കു മുന്‍പില്‍ പൊക്കത്തിലും പരിചയത്തിലും ഒട്ടേറെ ഉയരത്തിലുള്ള നാലഞ്ചു പേരെ വകഞ്ഞുമാറ്റി ഗോള്‍ സമ്മാനിക്കാന്‍ പാസ് നല്‍കുന്നതായിരുന്നു വീഡിയോ. ഗോള്‍ പോസ്റ്റിലേക്ക് പാഞ്ഞടുത്ത പന്തിന്റെ വേഗത്തേക്കാള്‍ പറന്ന വീഡിയോ, പ്രമുഖ താരം ഹ്യൂമിന്റെ കണ്ണുകളെയും പുളകംകൊള്ളിച്ചു. അതോടെ കഥമാറി.
ആഗ്രഹം
മെസിയെപ്പോലെ, ക്രിസ്റ്റിയാനോയെപ്പോലെ ആവണമെന്നാണ് ആഗ്രഹം. ക്രിസ്റ്റിയാനോ, മെസി, മാര്‍സലോ, റാമോസ് എന്നിവരെയാണ് കൂടുതല്‍ ഫോളോ ചെയ്യാറുള്ളത്. റൊണാള്‍ഡോയും മെസിയുമാണ് ഇഷ്ടതാരങ്ങള്‍. ലിവര്‍പൂളാണ് ഇഷ്ട ടീം. ബൈസൈക്കിള്‍ ഗോളുകളാണ് കാണാനിഷ്ടം.
സന്തോഷം
സുനില്‍ ഛേത്രി, ഹ്യൂം ഇവരുടെ അഭിനന്ദനങ്ങള്‍ മറക്കാനാവാത്തതാണ്. ഛേത്രിയെ നേരിട്ട് കാണാനും സംസാരിക്കാനും ഒക്കെ സാധിച്ചു. അതൊക്കെ തന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല.
പിന്തുണ
ഉപ്പ മുഹമ്മദും ഉമ്മ മിസ്‌രിയയും തന്നെയാണ് വലിയ പിന്തുണ നല്‍കുന്നവര്‍. സഹോദരങ്ങളായ മഷ്ഹൂഖും മര്‍സൂഖും കൂട്ടിനുണ്ടാവും. പിന്നെ, സാപ്പിലെ കോച്ച് നിയാസ് സാറും. കളിച്ചിട്ട് നല്ല നിലയില്‍ എത്തണമെന്നാണ് വീട്ടില്‍ നിന്ന് പറയാറ്. ആദ്യമൊക്കെ പലരും കിറ്റുകളുമായി വന്നിരുന്നു. ഉപ്പയും ഉമ്മയുമാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് കിറ്റുകളൊക്കെ വാങ്ങിത്തരുന്നത്. സാപ്പില്‍ പരിശീലന കാലത്ത് 2006 ലെ സാപ് ക്യാപ്റ്റന്‍ ആയിരുന്ന സനീനിന്റെ വീട്ടിലാണ് താമസിച്ചത്. അവന്റെ ഉമ്മ ഷറീനയും ഉപ്പ അഫ്‌സലും ആ ദിവസങ്ങളിലൊക്കെ സ്വന്തം മോനെപ്പോലെയാണ് കരുതിയത്. ആ സ്‌നേഹമൊന്നും മറക്കാനാവില്ല.
പരിശീലനം
പ്രൊഫഷണല്‍ ഫുട്‌ബോളാണ് ഏറ്റവും ഇഷ്ടം. അതിനായി കഠിനപ്രയത്‌നം ചെയ്യുന്നു. വീട്ടിലായിരിക്കുമ്പോഴും പരിമിതമായ സൗകര്യത്തില്‍ പരിശീലനം തുടരുന്നുണ്ട്. ഹിറ്റായി മാറിയ നിമിഷം ഇടയ്ക്കിടെ ഓര്‍മവരും. അതാണ് വീണ്ടും പ്രയത്‌നിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ ഹിറ്റായെങ്കിലും പിന്നീട് അത് തുടരാനാവുമോയെന്ന ചെറിയ പേടിയുണ്ടായിരുന്നു. പരിശീലനം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ അതൊക്കെ മാറി. പുത്തലം സോക്കര്‍ അക്കാദമി അരീക്കോട് സാപ്പ് അക്കാദമി എന്നിവിടങ്ങളിലാണ് ഇപ്പോഴത്തെ പരിശീലനം.
കിക്കുകളുടെ രാജകുമാരന്‍
ലോക്ക്ഡൗണ്‍ ബോറടി മാറ്റാനാണ് മിഷാല്‍ മമ്പാട് കാട്ടുമുണ്ടയിലെ ഗ്രൗണ്ടില്‍ പ്രമുഖ താരങ്ങളുടെ കിക്കുകള്‍ അനുകരിച്ച് വീഡിയോകള്‍ ചെയ്തത്. ഫ്രീകിക്കിനായി പന്ത് നിലത്തുവയ്ക്കുന്നതു മുതല്‍ ഗോള്‍ ആഘോഷത്തില്‍ വരെ താരത്തിന്റെ മാനറിസങ്ങള്‍ അതേപോലെ അനുകരിക്കും. ജ്യേഷ്ഠന്‍ വാജിദ് അബുലൈസ് പൊലിമയൊട്ടും ചോരാതെ ഇത് ക്യാമറയില്‍ പകര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ലക്ഷങ്ങള്‍ കണ്ടു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായതോടെ, പ്രമുഖ താരങ്ങള്‍ ലൈക്കും അഭിനന്ദനങ്ങളുമായെത്തി.
റോണാള്‍ഡോ, മെസി, നെയ്മര്‍, ലംപാര്‍ഡ് എന്നിവരുടെ വ്യത്യസ്തവും ശ്രദ്ധേയവുമായ ഫ്രീകിക്ക് ഗോളുകളാണ് മിഷാല്‍ അതുപോലെ അനുകരിച്ചത്. മറഡോണ അന്തരിച്ചപ്പോള്‍ ഫ്രീകിക്ക് അനുകരിച്ചാണ് മിഷാല്‍ അനുശോചിച്ചത്. മെസിയുടെ ഇടംകാല്‍ ഗോളാണ് ഇതില്‍ ഏറ്റവും ഹിറ്റ് സമ്മാനിച്ചത്. പിന്നെയും ശ്രദ്ധേയമായ കിക്കുകള്‍ മിഷാലിന്റെ കാലില്‍ നിന്ന് പറന്നു.
ആഗ്രഹം
മെസിയെപ്പോലെ പ്രൊഫഷണല്‍ പ്ലേയറാവാനാണ് ആഗ്രഹം. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോഴത്തെ പരിശീലനമെല്ലാം അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീട്ടുകാര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. പഠനം കൂടി ഒപ്പം കൊണ്ടുപോകണമെന്നുള്ള നിര്‍ബന്ധമേ വീട്ടുകാര്‍ക്കുള്ളൂ. കളിക്കാനുള്ള സാധനങ്ങളൊക്കെ ആദ്യം വീട്ടുകാര്‍ തന്നെയാണ് വാങ്ങിച്ചുതന്നത്. പിന്നെ നിവ്യയില്‍ നിന്ന് എല്ലാം ഉള്‍പ്പെട്ടൊരു കിറ്റ് അയച്ചുതന്നു. പുറത്തുനിന്നും കിട്ടാറുണ്ട്. മമ്പാട് റെയിന്‍ബോ അക്കാദമി, അരീക്കോട് സാപ്പ് അക്കാദമികള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.
സന്തോഷം
ഡി മരിയയും കാള്‍സ് പുയോളും വരെ വീഡിയോയ്ക്ക് ലൈക്കും കമന്റുമിട്ടു. ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നൈമര്‍ ലൈക്കടിച്ചപ്പോഴായിരുന്നു. നൈമര്‍ വീഡിയോ സ്വന്തം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. മറഡോണ മരിച്ചപ്പോള്‍ നല്ല സങ്കടം വന്നു. ഇതിനെ തുടര്‍ന്നാണ് മറഡോണയുടെ ഗോള്‍ അനുകരിച്ചത്.
ഇഷ്ടം
നെയ്മറെയും റൊണാള്‍ഡോയെയും ഒക്കെ ഇഷ്ടമാണ്. കൂടുതല്‍ ഇഷ്ടം മെസിയെ ആണ്. ഇഷ്ടപ്പെട്ട ടീം മെസി കളിക്കുന്ന ബാഴ്‌സലോണ തന്നെ. ഇഷ്ടരാജ്യം അര്‍ജന്റീനയും. മെസി ലിവര്‍പൂളിനെതിരെ നേടിയ ഫ്രീകിക്ക് ഗോളാണ് ഇഷ്ടഗോള്‍. മെസിയുടെ ഡ്രിബ്ലിങ്ങൊക്കെ ഭയങ്കര ഇഷ്ടമാണ്. അതുപോലെ കളിക്കണമെന്ന് തോന്നാറുണ്ട്.
പരിശീലനം
ചേലേമ്പ്ര സ്‌കൂളിലായിരുന്നു പഠനവും പരിശീലനവും. കൊറോണ കാരണം സ്‌കൂള്‍ മുടങ്ങിയപ്പോള്‍ അരീക്കോട് സാപ്പിലായി പരിശീലനം. ജ്യേഷ്ഠന്‍ വാജിദ് തന്നെയാണ് കിക്ക് ചെയ്യുന്ന വീഡിയോസൊക്കെ ഇപ്പോഴും ഷൂട്ട് ചെയ്യുന്നത്. ഉപ്പ അബുലൈസും ഉമ്മ റുബീനയും സഹോദരിമാരായ സുമിന തസ്‌നി, ദില്‍ന ഫിന്‍ഷി എന്നിവരും കട്ടയ്ക്ക് സപ്പോര്‍ട്ടാണ്. സ്‌കൂളിലെ കോച്ച് മന്‍സൂര്‍ സാറും സാപ്പിലെ കോച്ച് നിയാസ് സാറും എന്തുസഹായവും ചെയ്തുതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."