ഈ കുതിപ്പിനും കിതപ്പിനും അറുതിവേണ്ടേ?
ഡോ.ടി.വി മുഹമ്മദലി
അതിവേഗ റെയിലിലൂടെ അതിദൂരയാത്രക്ക് പകരം ദൂരവും സമയവും യാത്രാചെലവും കുറക്കുന്ന ബദൽ പദ്ധതിയെപ്പറ്റി ആലോചിക്കുന്നതല്ലേ ജനോപകാരം? ഭരണസിരാകേന്ദ്രം തിരുവനന്തപുരത്ത് നിന്ന് മധ്യകേരളത്തിലേക്ക് മാറ്റിയാൽ കാസർക്കോട്ടുകാർക്ക് ഓടിക്കിതച്ച് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടതില്ലല്ലൊ. നിയമസഭയും സെക്രട്ടേറിയറ്റും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നില്ലെങ്കിൽ മലബാറുകാർ പിന്നെന്തിന് അവിടേക്ക് പോകണം?
കെ-റയിൽ പദ്ധതി വലിയ വിവാദമുയർത്തിയിരിക്കുന്നു. ബദൽ നിർദേശങ്ങളും സമർപ്പിക്കപ്പെട്ടിരിക്കുന്നു. പാത ഇരട്ടിപ്പിക്കൽ, മൂന്നും നാലും ലൈനുകൾ, സിഗ്നൽ ആധുനികവൽക്കരണം തുടങ്ങിയവ. എല്ലാം തിരുവനന്തപുരത്തേക്കുള്ള യാത്ര ലക്ഷ്യമാക്കി തന്നെ. ദേശീയപാത വികസിപ്പിക്കുന്ന - നാലുവരി ആറുവരിയാക്കുന്ന പ്രവർത്തനങ്ങളും തകൃതിയാണിപ്പോൾ. കാസർകോട് - തിരുവനന്തപുരം അതിവേഗ യാത്ര തന്നെ ഉന്നം.
എന്തിനാണ് ഭരണകേന്ദ്രം തിരുവനന്തപുരത്ത് തന്നെ പ്രവർത്തിക്കണമെന്ന മനോഭാവം. ചിത്തിര തിരുനാൾ ബാലരാമവർമ രാജാവ് വാണിരുന്ന തിരുവിതാംകൂറും പരീക്ഷിത്ത് തമ്പുരാൻ വാണിരുന്ന കൊച്ചി രാജ്യവും 1949ൽ ഒന്നായിച്ചേർന്ന് തിരു-കൊച്ചി രൂപീകൃതമായപ്പോൾ ഭരണസിരാകേന്ദ്രം തിരുവനന്തപുരമായി നിശ്ചയിക്കുകയായിരുന്നുവല്ലൊ.
പിന്നീട്, മദിരാശി സംസ്ഥാനത്തിന്റെ ഭാഗവും കോഴിക്കോട് കേന്ദ്രവുമായി ഭരണം നടന്നിരുന്ന മലബാറിനെക്കൂടി ചേർത്തുള്ള ഐക്യകേരളം 1956ൽ നിലവിൽ വന്നു. അപ്പോഴും സംസ്ഥാനത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ തിരുവനന്തപുരം തന്നെ ഭരണസിരാകേന്ദ്രമായി തീരുമാനിക്കപ്പെട്ടു! അങ്ങനെ ആറേഴ് പതിറ്റാണ്ടോളമായി കേരളീയൻ തെക്കോട്ടേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കുതിപ്പിന് വേഗം കൂട്ടാനാണ് ഭരണകൂടം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതിപ്പോൾ. കുതിപ്പും കിതപ്പും കുറക്കുകയല്ലേ ജനനന്മ; വികസനവും?
കേരള ഭരണ കേന്ദ്രം മധ്യകേരളത്തിലേക്ക് മാറ്റുകയും കേരള ഹൈക്കോടതിയുടെ ബെഞ്ചുകൾ തെക്കൻ കേരളത്തിലും വടക്കൻ
കേരളത്തിലും ലക്ഷദ്വീപിലും സ്ഥാപിതമാവുകയും ചെയ്താൽ മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. ഭരണതലസ്ഥാനം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നില്ലെങ്കിൽ പിന്നെ ആളുകൾ അങ്ങോട്ടേക്ക് പോകേണ്ടുന്ന പ്രശ്‌നമില്ല. അർബുദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്ക് കോഴിക്കോടും എറണാകുളത്തുമൊക്കെ വിദഗ്ധ ചികിത്സാകേന്ദ്രങ്ങളൊക്കെ ഉണ്ടല്ലൊ. പ്രവാസികളായിരുന്നു മുമ്പ് വിമാനം കയറാൻ തിരുവനന്തപുരത്തേക്ക് പോയിരുന്നവർ. ഏക അന്താരാഷ്ട്ര വിമാനത്താവളം അവിടെയായിരുന്നു. 1999-ൽ നെടുമ്പാശ്ശേരിയും 2006ൽ കരിപ്പൂരും 2018ൽ കണ്ണൂരും അന്താരാഷ്ട്രവിമാനത്താവളങ്ങളായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രവാസികളുടെ തിരുവനന്തപുരം യാത്രയും നിലച്ചു.
കേരളപിറവി മുതലാണ് കേരള ഹൈക്കോടതി എറണാകുളത്ത് നിലവിൽ വന്നത്. കേരളവും ലക്ഷദ്വീപുമാണ് അധികാര പരിധിയിൽ. അന്നു മുതൽ ഹൈക്കോടതി വ്യവഹാരങ്ങൾക്ക് ലക്ഷദ്വീപുകാരും കേരളത്തിലെ ഉത്തര-ദക്ഷിണ മേഖലയിലുള്ളവരും എറണാകുളത്തേക്ക് യാത്ര തുടരുകയാണ് - കെട്ടികിടക്കുന്ന, ഇഴഞ്ഞുനീങ്ങുന്ന കേസുകൾക്ക് പിന്നാലെ. തിരുവിതാംകൂറും കൊച്ചിയും 1949ൽ ഒന്നായി തിരു-കൊച്ചി ആയപ്പോൾ ഇരുരാജാക്കന്മാരും തമ്മിലെ കരാർ വ്യവസ്ഥയാണ്, ഭരണകേന്ദ്രം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും പ്രവർത്തിപ്പിക്കാമെന്നത്. അന്നത്തെ തിരു-കൊച്ചി ഹൈക്കോടതിയാണ് പിന്നെ ഐക്യകേരളം നിലവിൽ വന്നതോടെ കേരള ഹൈക്കോടതിയായി ഉയർന്നത്.
അന്ന് തിരുവിതാംകൂർ, കൊച്ചി ഭരണാധികാരികൾ കൈക്കൊണ്ട തീരുമാനം ഇന്നും പാലിച്ചു വരികയാണ് നമ്മൾ - ഭരണതലസ്ഥാനം തിരുവനന്തപുരത്തും കേരള ഹൈക്കോടതി എറണാകുളത്തും നിലനിർത്തിക്കൊണ്ട്. വരും തലമുറകളെ കൂടി സാമ്പത്തിക കടക്കെണിയിൽ കുടുക്കുന്ന, അപരിഹാര്യമായ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന, പതിനായിരങ്ങൾ കുടിയിറക്കപ്പെടുന്ന ഈ അതിവേഗ കെ റെയിൽ പദ്ധതിക്ക് ഒരു ബദർ ചിന്ത പ്രസക്തമല്ലേ? ഭരണ തലസ്ഥാനത്തേക്ക് എൻഡോ സൾഫാൻ ദുരിതബാധിതരുൾപ്പെട്ട കാസർകോട്ടുകാരും മറ്റു മലയാളികളുമെല്ലാം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നതിന്റെ ക്ലേശങ്ങൾ വലുതല്ലേ? ഹൈക്കോടതി വ്യവഹാരങ്ങൾക്ക് എറണാകുളത്തേക്ക് തന്നെ എല്ലാവരും പോകണമെന്ന സ്ഥിതിയും മാറേണ്ടതല്ലേ? അധികാര, നീതിന്യായകേന്ദ്രങ്ങൾ ജനങ്ങളിലേക്കടുക്കുന്ന പറിച്ചുനടലും വികേന്ദ്രീകരണവും തീർച്ചയായും അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."