ഒരുമിച്ചൊഴുകേണ്ട പുഴകള്‍
ആവണി ശൈലേഷ്
ഏറ്റവും പ്രിയപ്പെട്ടവന്‍ അര്‍ബുദത്തിന്റെ വേദനയില്‍ പുളയുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ഒരു പെണ്‍കുട്ടി. ആ വിയോഗം ഏല്‍പ്പിച്ച ആഘാതത്തിന്റെ ഒറ്റപ്പെടലില്‍ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളുമായി ജീവിക്കേണ്ടി വന്നവള്‍. അപ്പോഴാണ് തന്റെ ജീവിതം എത്ര മധുരതരമായിരുന്നു എന്നവള്‍ തിരിച്ചറിയുന്നത്. അങ്ങനെയാണൊരുനാള്‍ നഷ്ടസൗഭാഗ്യങ്ങളുടെ ജീവിതയാത്ര വെറുതെ കുത്തിക്കുറിക്കാന്‍ തുടങ്ങിയത്.
കൊവിഡ് താണ്ഡവമാടിയ കാലത്താണ് കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ സ്വദേശിയായ ഷമീന ശിഹാബ് കാന്‍സര്‍ ബാധിതനായ പ്രിയതമന്റെ ജീവനുവേണ്ടി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്. അവളുടെ അതിജീവനത്തിന്റെ കഥ പറയുന്ന പുസ്തകമാണ് ഒറ്റയ്ക്ക് മരിച്ച പുഴ. ഒറ്റപ്പെടലിനിടയിലും മുന്നോട്ടുള്ള ജീവിതയാത്രയില്‍ എഴുത്താണ് തനിക്കു കൂട്ടെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. നിങ്ങള്‍ക്കതിനെ കണ്ണീരെന്നു വിളിക്കാം. അനുഭവക്കുറിപ്പെന്നോ കവിതയെന്നോ ഓമനപ്പേരിടാം. പക്ഷേ, അവള്‍ക്കത് സ്വന്തം ജീവിതം തന്നെയാണ്.
പ്രിയതമന്‍ ഷിഹാബ് വേദനകളില്ലാത്ത ലോകത്തേക്കു യാത്രയാകുമ്പോള്‍ ഷമീനയ്ക്ക് വയസ് 25. കൊവിഡ് വാര്‍ത്തകള്‍ക്കിടയില്‍ പള്ളിപ്പറമ്പിലെ പുതുമണ്ണില്‍ അദ്ദേഹവും അന്ത്യനിദ്രകൊണ്ടു. എവിടെയും അതൊരു വാര്‍ത്തയായില്ല. അധികമാരെയും ആ വേര്‍പാട് വേദനിപ്പിച്ചില്ല.
എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ടു ജീവിതത്തിനു മുമ്പില്‍ അവള്‍ പകച്ചുനിന്നില്ല. അടച്ചിടലിന്റെ കാലത്തെയും അതിജീവനത്തിനുള്ള വഴിയാക്കി മാറ്റി. ഇപ്പോഴും 'നീ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും' എന്ന് ചോദിച്ചവരുടെ മുന്നില്‍ അവള്‍ തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്. എന്റെ ഹൃദയത്തില്‍ അദ്ദേഹം മരിക്കാത്തിടത്തോളം കാലം ഞാന്‍ ഒറ്റയ്ക്കല്ല- അവള്‍ പറയുന്നു. ആറുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ 60 വര്‍ഷത്തിന് തുല്യമുള്ള സന്തോഷവും സ്‌നേഹവും കരുതലും ഷിഹാബിക്ക തനിക്ക് നല്‍കിയിട്ടുണ്ടെന്നും ഓര്‍മക്കുറിപ്പില്‍ അവള്‍ പറയുന്നുണ്ട്.
ഇദ്ദകാലം പൂര്‍ത്തിയായപ്പോള്‍ ഷമീന ആദ്യം ചെയ്തത് ഡ്രൈവിങ് പഠിക്കുകയായിരുന്നു. സങ്കടങ്ങളൊക്കെ കവിതകളായും അനുഭവക്കുറിപ്പുകളായും പകര്‍ത്തിവെച്ചു. പാതിവഴിയില്‍ നിന്ന ഡിഗ്രി പഠനം പുനരാരംഭിച്ചു. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ മക്കള്‍ക്കു മാതാവും പിതാവുമായി. കേരള എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കി നല്ലൊരു അധ്യാപികയായി മാറാനുള്ള അവസാന മിനുക്കുപണികളിലാണിപ്പോള്‍.
ഒറ്റയ്ക്കായപ്പോഴാണ് വീണ്ടും വായനയിലേക്കൊരു പാലമിട്ടത്. എഴുത്തിലേക്ക് തലചായ്ച്ചത്. അങ്ങനെ വിരിഞ്ഞതാണീ കൊച്ചു പുസ്തകം. ഏഴ് അനുഭവക്കുറിപ്പുകള്‍. 20 കവിതകള്‍ എല്ലാം ചേര്‍ത്തപ്പോള്‍ അവളുടെ ജീവിതത്തിന്റെ പുസ്തകമായി. ഹൃദയത്തില്‍ തൊട്ടെഴുതിയ ജീവിതക്കുറിപ്പുകള്‍ സമാന അനുഭവങ്ങളുള്ളവര്‍ക്ക് പ്രചോദനത്തിന്റെ വഴികളാകുന്നു. എഴുത്തുകാരിക്കു ലഭിച്ച കത്തുകളും നിലയ്ക്കാതെ വരുന്ന ഫോണ്‍കോണുകളും അതു ശരിവയ്ക്കുന്നു. സമാനമനസ്‌കരോട് മനസു പങ്കുവയ്ക്കുമ്പോള്‍ വല്ലാത്ത ചാരിതാര്‍ഥ്യമനുഭവിക്കുന്നതായി ഷമീന കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ കവിതകളൊക്കെ എഴുതുമായിരുന്നു. എന്നാല്‍ പിന്നീട് എഴുതിത്തുടങ്ങിയത് ഭര്‍ത്താവിന്റെ വിയോഗാനന്തരമാണ്.
ഈ ജീവിതമെഴുത്ത് സമാനമായ ഹൃദയമുള്ള ഒരാളിലേക്ക് ചെന്നെത്തുമ്പോള്‍ ഒരുപക്ഷേ കരുത്ത് പകര്‍ന്നേക്കാം. ജീവിത പ്രതിസന്ധിയില്‍ തളരാതിരിക്കാന്‍ അവരെ പ്രാപ്തരാക്കിയേക്കാം. മൂന്നാം പതിപ്പിലേക്കു കടക്കുകയാണ് ഒറ്റയ്ക്ക് മരിച്ച പുഴയെന്ന പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം. 100 രൂപയാണ് വില.
പ്രിയ വിദ്യാര്‍ഥിനിയുടെ ആദ്യ പുസ്തകം വായിച്ച അധ്യാപിക ശഹാന നിജാസിന്റെ വാക്കുകളിങ്ങനെയാണ്: ഭര്‍തൃവിയോഗത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെയും മാറോടണക്കി അവള്‍ ഈ ലോകത്തോട് പടപൊരുതി. ഒരു സ്ത്രീ സഹിക്കേണ്ടതിലുമപ്പുറം അവളുടെ മുന്നില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ അവള്‍ കരുത്തു നേടി. ആ ഒഴുക്ക് വിധിക്ക് നേരെ തിരിഞ്ഞപ്പോള്‍ അവള്‍ ഒഴുക്ക് കുറഞ്ഞു നേര്‍ത്തുപോയ പുഴയായി മാറി. പ്രിയപ്പെട്ടവളെ, ഞാനും ഒരു പുഴയാണ്, നിനക്ക് എന്നിലേക്ക് ചേരാം. ഒറ്റക്കായി എന്ന് ഇനിയും തോന്നുന്നുവെങ്കില്‍ നിനക്ക് വേണ്ടി ഞാനൊരു കടലാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."