യൂറോപ്പാ ലീഗ് ബാഴ്‌സലോണക്ക് മിന്നും ജയം
റോം
യൂറോപ്പാ ലീഗിൽ ബാഴ്‌സലോണക്ക് മികച്ച ജയം. ഇന്നലെ നടന്ന മത്സരത്തിൽ 4-2 എന്ന സ്‌കോറിന് നാപോളിയെ പരാജയപ്പെടുത്തിയതോടെ ബാഴ്‌സലോണ യൂറോപ്പാ ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. കാംപ് നൗവിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരിക്കുകയായിരുന്നു. ഇന്നലത്തെ ജയത്തോടെ 3-5 അഗ്രഗേറ്റിനായിരുന്നു ബാഴ്‌സലോണയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബാഴ്‌സലോണ എട്ടാം മിനുട്ടിൽ ജോദ്രി ആൽബയിലൂടെ ആദ്യ ഗോൾ സ്വന്തമാക്കി. അധികം വൈകാതെ 13ാം മിനുട്ടിൽ ഫ്രാങ്കി ഡി യോങിന്റെ സുന്ദര ഗോളിലൂടെ ബാഴ്‌സലോണ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ട് ഗോൾ ലീഡ് നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ബാഴ്‌സലോണ ഏറ്റെടുത്തു. എന്നാൽ 23ാം മിനുട്ടിൽ നാപോളി താരത്തെ ബോക്‌സിൽ വീഴ്ത്തിയതിന് നാപോളിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ലോറൻസോ ഇൻസിഗ്നെ പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 2-1 എന്നായി. 45ാം മിനുട്ടിൽ പ്രതിരോധ താരം ജെറാജ് പിക്വ ബാഴ്‌സക്കായി മൂന്നാം ഗോളും നേടി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 3-1 എന്നായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 59ാം മിനുട്ടിൽ ഒബമയോങ്ങിന്റെ ഗോൾകൂടി വന്നതോടെ സ്‌കോർ 4-1 എന്ന നിലയിലായി. 87ാം മിനുട്ടിൽ നാപോളിക്ക് വേണ്ടി മാറ്റിയോ പൊളിറ്റാനോയുടെ ഗോൾ വന്നതോടെ സ്‌കോർ 4-2 എന്നായി. എന്നാൽ പിന്നീട് ഇരുടീമുകൾക്കും ഗോളൊന്നും സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."