കൂടെയിരിക്കുന്നവരെല്ലാം കൂട്ടുകാരല്ല
വിശപ്പ് സഹിക്കവയ്യാതായപ്പോഴാണ് ദരിദ്രനായ ആ സഞ്ചാരി ഒരു വീട്ടുവാതില്‍ക്കല്‍ മുട്ടിയത്. പക്ഷേ, പ്രതീക്ഷിച്ച ദാക്ഷിണ്യം അവിടെ നിന്നു ലഭിച്ചില്ല. ഇതു വഴിപോക്കര്‍ക്കു ഭക്ഷണം വിളമ്പുന്ന സത്രമല്ലെന്നു പറഞ്ഞ് വീട്ടുകാരി നിഷ്‌കരുണം ആട്ടിവിട്ടു. അവളുടെ ഭര്‍ത്താവ് മാര്‍ക്കറ്റില്‍ പോയി തിരികെയെത്തിയത് ആ സമയത്താണ്. സഞ്ചാരിയെ കണ്ടതും അയാള്‍ ഭാര്യയോട് ചോദിച്ചു:
''വീട്ടില്‍ ഒരു അതിഥി വന്നിട്ട് നീ സ്വീകരിച്ചില്ലേ?''
അപ്പോള്‍ അവള്‍ തിരിച്ചുചോദിച്ചു:
''എന്തിന്? കണ്ടവരെയൊക്കെ സ്വീകരിച്ചിരുത്തേണ്ട സ്ഥലമാണോ ഇത്?''
ഭര്‍ത്താവിനു സഹിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ മറുപടി അയാളെ രോഷാകുലനാക്കി. പിന്നെ അവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തുമൂത്ത് കൈയാങ്കളിയോളമെത്തിയപ്പോള്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് സഞ്ചാരി പറഞ്ഞു: ''എന്റെ കാര്യത്തില്‍ നിങ്ങള്‍ വഴക്കിടരുത്. ഞാനിവിടെനിന്ന് മാറിത്തന്നാല്‍ പ്രശ്‌നത്തിനു പരിഹാരമാകില്ലേ. ഞാന്‍ പോകാം.''
ഭര്‍ത്താവ് വിട്ടില്ല. താങ്കള്‍ പോകരുതെന്നു പറഞ്ഞ് അദ്ദേഹം അയാളെ പിടിച്ചിരുത്തി. താന്‍ കൊണ്ടുവന്ന പഴങ്ങളും മറ്റും നല്‍കി സല്‍ക്കരിച്ചു.
ഉപകാരത്തിനു നന്ദിയര്‍പ്പിച്ചു സഞ്ചാരി പിന്നെയും യാത്ര തുടര്‍ന്നു. മരുപ്പറമ്പുകളും മലമ്പ്രദേശങ്ങളും താണ്ടിയുള്ള ദീര്‍ഘയാത്ര. സ്വാഭാവികമായും വിശപ്പു വീണ്ടും കഠിനമായിത്തുടങ്ങി. വേറൊരു ഗതിയുമില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം പരിസരത്തെ ഒരു വീട്ടില്‍ കയറി. പ്രതീക്ഷിച്ചതിലേറെ ഹൃദ്യമായ സ്വീകരണമാണ് അവിടെ നിന്നു ലഭിച്ചത്. സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി വീട്ടുകാരി അയാളെ സല്‍ക്കരിച്ചു. അവളുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത് ആ സമയത്താണ്. പതിവില്ലാത്ത ആ കാഴ്ച കണ്ടപ്പോള്‍ അയാള്‍ നെറ്റി ചുളിച്ച് ഭാര്യയോട് ചോദിച്ചു: ''ഇയാളേതാണ്?''
ഭാര്യ പറഞ്ഞു: ''ഇന്നു നമുക്ക് ലഭിച്ച അതിഥിയാണ്.''
അയാള്‍ക്കു കലി മൂത്തു. തനിക്കു വേണ്ട ഭക്ഷണമാണോ ഇയാള്‍ക്കു നല്‍കിയതെന്നു ചോദിച്ച് അയാള്‍ ഭാര്യയെ പ്രഹരിക്കാനോങ്ങി. ഉടനെ പ്രശ്‌നത്തില്‍ ഇടപെട്ട് സഞ്ചാരി പറഞ്ഞു: ''ക്ഷമിക്കണം, വിശപ്പ് സഹിക്കവയ്യാതായപ്പോള്‍ ഭക്ഷണമന്വേഷിച്ചു കയറിയതാണ്. താങ്കള്‍ക്കു വന്ന നഷ്ടം ഞാന്‍ ഏതു വിധേനയാണു നികത്തിത്തരേണ്ടത്?''
അയാള്‍ ഒന്നും മിണ്ടിയില്ല. തീപാറുന്ന കണ്ണുകളോടെ ഭാര്യയുടെയും സഞ്ചാരിയുടെയും മുഖത്തേക്കു മാറിമാറി നോക്കുക മാത്രം ചെയ്തു. ആദ്യം പറഞ്ഞ വീട്ടുകാരിയുടെ സഹോദരനായിരുന്നു അയാള്‍. ഭാര്യയാകട്ടെ ആദ്യം പറഞ്ഞ വീട്ടുകാരന്റെ പെങ്ങളും!
ഒന്നിച്ചാണെന്നു കരുതി ഒന്നാകണമെന്നില്ല. കൂടെയാണെന്നുവച്ച് കൂട്ടാകണമെന്നില്ല. മണ്ണും ജലവും എത്രകാലം ഒന്നിച്ചു കഴിഞ്ഞാലും ജലം മണ്ണോ മണ്ണു ജലമോ ആയി മാറില്ല. കത്തിയും കത്തിയുടെ പിടിയും ഒന്നിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഒന്നിച്ചാണു വിശ്രമിക്കുന്നതും. എന്നിട്ടും കത്തി ഇരുമ്പായും പിടി മരമായും തുടരുന്നു. തെരുവില്‍ ദിവസവും ആളുകള്‍ കൂടുകയും പിരിയുകയും ചെയ്യുന്നു. കൂടുന്നതും പിരിയുന്നതും അവരുടെ ശരീരങ്ങളാണെന്നു മാത്രം. തിരക്കുപിടിച്ച ബസ്സില്‍ ആളുകള്‍ തൊട്ടുരുമ്മിയാണു നില്‍ക്കുന്നതും ഇരിക്കുന്നതും. എന്നിട്ടും മുഖാമുഖം നോക്കാനോ പുഞ്ചിരിക്കാനോ ആരും സന്നദ്ധരല്ല. അശ്രദ്ധമായി ഇരിക്കുന്ന വിദ്യാര്‍ഥിയോട് നീ ഇവിടെയൊന്നുമല്ലേ എന്ന അധ്യാപകന്റെ ചോദ്യം വങ്കത്തമായി കണക്കാക്കാറില്ല. പങ്കാളിത്തമെന്നത് ശാരീരികം മാത്രമല്ലെന്നതാണ് അതിനു കാരണം.
സദ്‌സ്വഭാവിയായ ഭര്‍ത്താവിനു സദ്‌സ്വഭാവിയായ ഭാര്യ തന്നെയായിരിക്കുമെന്നത് അന്ധവിശ്വാസമാണ്. ജീവിതകാലം മുഴുക്കെ സദ്ഗുണയായ ഭാര്യയുടെ കൂടെ കഴിഞ്ഞിട്ടും സംസ്‌കാരശൂന്യത വിട്ടുമാറാത്ത ഭര്‍ത്താക്കന്മാര്‍ അനേകമുണ്ട്. സ്വര്‍ഗത്തില്‍ സ്വന്തമായി ഭവനമുള്ള മഹതിയാണ് ആസിയ ബീവി. എന്നാല്‍ അവരുടെ ഭര്‍ത്താവോ, ഞാനാണ് ഏറ്റവും വലിയ തമ്പുരാന്‍ എന്നു വീമ്പിളക്കിയ ഫറോവ. നൂഹ് നബിയുടെ കപ്പലില്‍ മൃഗങ്ങള്‍പോലും കയറി രക്ഷപ്രാപിച്ചപ്പോള്‍ അവിടുത്തെ ഭാര്യ അതില്‍ കയറിയില്ല! ലൂത്വ് നബിയുടെ സന്താനങ്ങള്‍ സത്യവിശ്വാസം പുല്‍കിയപ്പോള്‍ അവിടുത്തെ ഭാര്യ നിഷേധികളുടെ ചേരിയില്‍ ചേരുകയാണുണ്ടായത്.
ചില വീടുകള്‍ ശ്രദ്ധിച്ചിട്ടില്ലേ. കാഴ്ചയില്‍ കൊട്ടാരസമാനമായിരിക്കുമെങ്കിലും ശ്മശാനമൂകതയായിരിക്കും അകത്ത്. ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ വിവിധ തുരുത്തുകളിലായി കഴിയുന്ന വീട്ടംഗങ്ങള്‍. ആരും ആരെയും ശ്രദ്ധിക്കുകയോ വിലവയ്ക്കുകയോ ചെയ്യുന്നില്ല.
നമ്മിലെ നന്മകള്‍ നമുക്കൊപ്പമുള്ളവരില്‍ സ്വാധീനം ചെലുത്തുന്നില്ലെങ്കില്‍ അവരുടെ തിന്മകള്‍ നമ്മില്‍ ആധിപത്യം ചെലുത്താതെയെങ്കിലും നോക്കണം. പങ്കാളിയുടെ ദുസ്വഭാവം നമ്മുടെ സന്മനസ്സിനെ ഇളക്കിമറിക്കാന്‍ അനുവദിക്കരുത്. സദ്‌സ്വഭാവിയെ മാതൃകയാക്കാത്തവരും അദ്ദേഹത്തെ ബഹുമാനിക്കാറുണ്ട്. തിന്മ ചെയ്യുന്നവരുടെ കൂടെ കൂടിയാല്‍ അവര്‍ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ബഹുമാനാദരം ലഭിക്കില്ല. തിന്മ ചെയ്യുന്നവര്‍ക്ക് മനസ്സറിഞ്ഞ ആദരം ആരു നല്‍കാന്‍?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."