പ്രബോധനരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യണം: ജിഫ്‌രി മുത്തുക്കോയ തങ്ങൾ
എസ്.വൈ.എസ് കാംപയിനിന് തുടക്കമായി
കോഴിക്കോട്
പ്രബോധന രംഗത്തെ പ്രതിസന്ധികളെ തരണം ചെയ്ത് പൂർവികമാതൃക പിന്തുടരണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ 'വഹാബിസം, ലിബറലിസം, മതനിരാസം' കാംപയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാർ മുതലുള്ള പ്രബോധകർ ഒരുപാട് ത്യാഗം ചെയ്താണ് ഇസ്‌ലാമിനെ പ്രചരിപ്പിച്ചത്. സത്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പ്രയാസങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇസ്‌ലാമിൽ പുതിയ വാദങ്ങളുമായി രംഗത്തുവന്ന വഹാബിസത്തിനെതിരേ സമസ്ത എടുത്ത തീരുമാനങ്ങൾ ഇന്നും പ്രസക്തമാണ്. ആ തീരുമാനങ്ങൾ ഇക്കാലത്ത് പ്രായോഗികമല്ലെന്ന് പറയുന്നത് അർഥശൂന്യമാണ്. പൂർവികരുടെ നയനിലപാടുകൾ തന്നെയാണ് ഇന്നും നാം പിന്തുടരുന്നത്. സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ മൗനം പാലിക്കുന്നതിൽ അർഥമില്ല. സാമൂഹിക അരാജക നിർമിതികളെ എക്കാലത്തും നാം പ്രതിരോധിച്ചു നിൽക്കേണ്ടതുണ്ടെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി.
മുൻഗാമികളുടെ പാതയിൽനിന്ന് വ്യതിചലിച്ചാൽ സമൂഹത്തിൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പൂർവിക മാതൃകയെ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി കാംപയിൻ പദ്ധതി പ്രഖ്യാപനം നടത്തി. ജില്ലാതല സംഗമങ്ങൾ, 600 പഞ്ചായത്ത്-മുനിസിപ്പൽ ബോധന സമ്മേളനങ്ങൾ, ആദർശ ദശദിന യാത്ര, കാംപസ് ആദർശ വർഷ, മണ്ഡലം-മേഖലാതല ഡിബേറ്റ് ഗാതറിങ്, 4,000 ആദർശ അവബോധ സംഗമങ്ങൾ, ലഘുലേഖ വിതരണം തുടങ്ങിയ പദ്ധതികൾ കാംപയിൻ കാലയളവിൽ നടപ്പാക്കും.
ചടങ്ങിൽ സുന്നി അഫ്കാറിന്റെ കാംപയിൻ സ്‌പെഷൽ പതിപ്പ് ജിഫ് രി തങ്ങൾ കാടാമ്പുഴ മൂസ ഹാജിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
എസ്.വൈ.എസ് സെക്രട്ടറി കെ. മോയിൻ കുട്ടി മാസ്റ്റർ ആമുഖഭാഷണം നടത്തി.
വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. എ.എം പരീത്, മുസ്തഫ മുണ്ടുപാറ, അബൂബക്കർ ബാഖവി മലയമ്മ, നാസർ ഫൈസി കൂടത്തായി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഹസ്സൻ ആലങ്കോട്, സി.കെ.കെ മാണിയൂർ, കെ.എ റഹ്മാൻ ഫൈസി, എ.കെ അബ്ദുൽ ബാഖി സംബന്ധിച്ചു. ഇ. മൊയ്തീൻ ഫൈസി പുത്തനഴി സ്വാഗതവും മുസ്തഫ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."