ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ കൈമാറി മുഖ്യമന്ത്രി 247 മലയാളികൾ ഇതുവരെ തിരിച്ചെത്തിയെന്ന് നോർക്ക
തിരുവനന്തപുരം
ഉക്രൈന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3500ലേറെ പേർ ഇതിനകം ഓൺലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ മുംബൈയിലും ഡൽഹിയിലും നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്. ഉക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിച്ചേർന്ന 180 വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്‌ളൈറ്റ് സൗകര്യം ഏർപ്പെടുത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ ഇവരെ സൗജന്യമായാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചിയിൽ ഇറങ്ങിയ വിദ്യാർഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിക്കാനുള്ള വാഹന സൗകര്യവും നോർക്ക ഒരുക്കി. അതിനിടെ ഉക്രൈനിൽ കുടങ്ങിയ 247 മലയാളി വിദ്യാർഥികളെ മാർച്ച് ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക അറിയിച്ചു. 3500ഓളം പേരിൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്ത ശേഷം ഉക്രൈനിൽ പഠനത്തിനായി പോയതെന്നും വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയിൽ ഇല്ല എന്നും വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും നോർക്ക അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."