ശൈഖ് സാഇദ് ഫെസ്റ്റിവലിന് പുതുമയായി ഒട്ടകക്കറവ മത്സരം
ദുബൈ:രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ് അബുദബിയിലെ ശൈഖ് സാഇദ് ഫെസ്റ്റിവെല്‍. യു.എ.ഇയുടെ സാംസ്‌കാരിക,പൈതൃക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി വിവിധ മത്സര പരിപാടികള്‍ അരങ്ങേറുകയാണിവിടെ.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഒട്ടകക്കറവയാണ് ഇപ്പോഴത്തെ വ്യത്യസ്തമായ മത്സരം. കഴിഞ്ഞ ദിവം ആരംഭിച്ച ഈ മത്സരം ഈ മാസം 8 വരെയാണ് നടക്കുന്നത്. മരുക്കപ്പലായ ഒട്ടകത്തിന്റെ ജീവിതവും പ്രചനനവുമെല്ലാം പഠിക്കാനുതകുന്നതാണ് പരിപാടി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്നും മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള 300 ഓളം ഒട്ടകങ്ങള്‍ മത്സരത്തിന്റെ പങ്കെടുക്കും.
ഈയടുത്തായി പ്രസവിച്ചവയാണ് മത്സരത്തിനെത്തുക. രാവിലെയും വൈകുന്നേരവുമായി ഉടമകളോ അവര്‍ ഏല്‍പ്പിക്കുന്നവരോ ഒട്ടകങ്ങളുടെ പാല്‍ കറക്കണം. കറന്നെടുത്ത ഒട്ടകപ്പാല്‍ ജഡ്ജിങ് പാനലിന് മുന്നില്‍വെച്ച് നേരിട്ട് അളക്കും. ഓരോ ഒട്ടകത്തിന്റേയും മൊത്തം പാലിന്റെ അളവ് ഓരോ ദിവസവും രജിസ്റ്ററില്‍ രേഖപ്പെടുത്തിയാണ് മത്സര വിജയികളെ തീരുമാനിക്കുന്നത്.
ഒട്ടകങ്ങളുടെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനത്തിന് 300,000 യു.എ.ഇ ദിര്‍ഹം, രണ്ടാം സ്ഥാനത്തിന് 200,000, മൂന്നാം സ്ഥാനത്തിന് 100,000 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."