ഷിജുവിന്റെ മോചനത്തിന് ഇടപെടണം; കണ്ണീരോടെ പാണക്കാട്ടെത്തി കുടുംബം
മലപ്പുറം
തമിഴ്‌നാട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് യു.എ.ഇ ഫുജൈറ ഖൽബ ജയിലിൽ കഴിയുന്ന യുവാവിന്റെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം പാണക്കാട്ടെത്തി. കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ഷിജുവിന്റെ മോചനത്തിന് സഹായം ആവശ്യപ്പെട്ടാണ് കുടുംബം ഇന്നലെ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്.
കഴിഞ്ഞ വർഷം മാർച്ച് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എ.സി മെക്കാനിക്കായ ഷിജു ജോലിസ്ഥലത്തെ മറ്റൊരു പ്രവർത്തി ചെയ്യുന്നതിനിടെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി ഇലക്ട്രോണിക് ഉപകരണങ്ങൾ എടുക്കാൻ വെയർ ഹൗസിൽ പോയി തിരികെ വന്നപ്പോൾ കൂടെ പ്രവർത്തിച്ചിരുന്ന തമിഴ്‌നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദൻ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ഹൃദയാഘാതത്താലുള്ള മരണമെന്നായിരുന്നു പോസ്റ്റമോർട്ടം റിപ്പോർട്ടെങ്കിലും ഷിജുവിന്റെ കാരണത്താൽ ഷോക്കേറ്റ് മരിച്ചതാണെന്ന കുറ്റം ചുമത്തി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തോളമായി കേസ് നടത്തുകയും ഒരു മാസത്തോളമായി ജയിലിൽ കഴിയുകയുമാണ് ഷിജു. മോചനത്തിനായി രണ്ട് ലക്ഷം ദിർഹം(40 ലക്ഷം രൂപ) ബ്ലഡ് മണി നൽകാനായിരുന്നു യു.എ.ഇ സുപ്രിം കോടതി വിധി. തമിഴ്‌നാട്ടിലെ ബന്ധുക്കൾ പവർ ഓഫ് ആറ്റോർണി പിൻവലിച്ചെങ്കിൽ മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളു എന്ന് ഷിജു ജോലിചെയ്ത കമ്പനി പുതിയ നിർദേശംവച്ചിരിക്കുകയാണെന്നും ഇതോടെ ഷിജുവിന്റെ മോചനം പ്രതിസന്ധിയിലായാത്. ഷിജുവിനെ രക്ഷപ്പെടുത്താൻ വേണ്ട ഇടപെടലുകൾ നടത്താമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സാദിഖലി തങ്ങളുടെ ആശ്വാസ വാക്കുകൾ പ്രതീക്ഷയായി ഏറ്റെടുത്താണ് ഷിജുവിന്റെ ഭാര്യ ലിഷയും നാല് കുട്ടികളും പിതാവ് ശങ്കരൻ മാതാവ് പത്മിനിയും സഹോദരിമാരും ഉൾപ്പെടെയുള്ള കുടുംബം ഇന്നലെ മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എയും പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, എം.എ റസാഖ്, സാമൂഹ്യ പ്രവർത്തക ലത രാമനാട്ടുകര തുടങ്ങിയവർ നേരത്തെ ഇടപെടൽ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."