വനിത ദിനത്തില്‍ 108 ആംബുലന്‍സ് ഡ്രൈവിങ് സീറ്റിലേക്ക് ദീപമോള്‍ എത്തുന്നു
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.
സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്.
2008ല്‍ ആണ് ദീപമോള്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. 2009ല്‍ ദീപമോള്‍ ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു.
ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."