ബുറൈമിക്കാരുടെ 'പച്ചക്കാക്ക'
മസ്‌കത്ത് :നിറം മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ശക്തമായ ഉപകരണമാണ്. എന്നാല്‍ പച്ച നിറത്തെ ജീവന് തുല്യം ഇഷ്ടപ്പെടുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പച്ചയെ പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് ഒമാനിലെ ബുറൈമി മാര്‍ക്കറ്റിലെ കോഴിച്ചെന സ്വദേശി അബ്ദുറഹ്മാന്‍ഹാജി.
പച്ചയോട് ഇദ്ദേഹത്തിന് ഇമ്മിണി ബല്യ ഇഷ്ടമാണ്. ഏത് രാജ്യക്കാര്‍ക്കും ഇദ്ദേഹം പച്ച തന്നെയാണ്. മലയാളികള്‍ക്ക് പച്ച, അറബികള്‍ക്ക് ഹള്ര്‍,പാക്കിസ്ഥാനികള്‍ക്കും, ബാംഗ്ലാദേശികള്‍ക്കും ഹരാ ആദ്മി, യൂറോപ്യന്മാര്‍ക്ക് ഗ്രീന്‍,മറ്റു ചിലര്‍ക്ക് ഇദ്ദേഹം ഗ്രീന്‍ മുല്ലയും ആണ്.
പച്ചയെ പ്രണയിക്കാനുണ്ടായ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞത് മദീനാ ശരീഫിലെ പ്രവാചകന്റെ പച്ച ഖുബ്ബയെക്കുറിച്ചാണ്. സ്വര്‍ഗ്ഗത്തിലെ വസ്ത്രത്തിന്റെ നിറം പച്ചയാണെന്ന് ഖുര്‍ആന്‍ പറയുന്നു . പ്രകൃതിയോട് യോജിച്ച നിറവും പച്ച തന്നെ.പിന്നെ ചരിത്രങ്ങളിലും, മഹാന്മാരുടെ ജീവിതത്തിലും കണ്ട പച്ചകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ജീവിതം തന്നെ ഇദ്ദേഹത്തിന് പച്ചയാണ്. വസ്ത്രം, പേന,ചീര്‍പ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ പച്ചയാണ് . നാട്ടിലെ വീടിന് പച്ച പെയിന്റാണ് നല്‍കിയിട്ടുള്ളത്.
ജോലി ചെയ്യുന്നത് പച്ചക്കറി മാര്‍ക്കറ്റില്‍ , നാട്ടില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍, ഗള്‍ഫില്‍ കെഎംസിസി പ്രവര്‍ത്തകന്‍, മദ്രസയുടെ സേവകനായതിനാല്‍ കുട്ടികളുടെ പ്രിയപ്പെട്ട പച്ച ഉസ്താദ് ആണ്
നാട്ടില്‍ പോകുമ്പോള്‍ പര്‍ച്ചേസ് മുഴുവന്‍ പച്ചയാണ്.ഭാര്യക്കുള്ള ബാഗ് , തട്ടം, കുട്ടികള്‍ക്കുള്ള ടോയ്‌സ് തുടങ്ങി എല്ലാം പച്ച തന്നെ. പച്ചക്കളറില്‍ കാണുന്ന എന്തിനോടും ഒരു തരം ഇഷ്ടം .കൊറോണ വന്നതില്‍ പിന്നെ പച്ച മാസ്‌ക് കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അതും കൈവശം. 26 വര്‍ഷമായി ബുറൈമിയില്‍ ജോലി ചെയ്യുന്ന അബ്ദുറഹിമാന് ഭാര്യയും 3 മക്കളും ഉണ്ട് .ബുറൈമിയിലെ പച്ചക്കറി മൊത്ത വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ പോക്കര്‍ ഹാജിയുടെ സഹോദരന്‍ കൂടിയാണ് ബുറൈമി കാരുടെ ഈ പച്ചക്കാക്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."