കരിപ്പൂര്‍ വിമാന ദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് എവിടെ? അപകടം നടന്ന് ഏഴു മാസമായിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന ദുരന്തം നടന്ന് ഏഴു മാസമാകുമ്പോഴും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അന്വേഷണ സംഘം.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) അഞ്ചംഗ സംഘത്തെയാണ് വിമാനാപകടം അന്വേഷിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ചിരുന്നത്. എന്നാല്‍, സംഘത്തിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇതുവരെ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാനായിട്ടില്ല.
2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പെട്ട് വൈമാനികരടക്കം 21 പേര്‍ മരിച്ചത്. ഓഗസ്റ്റ് 13നാണ് വ്യോമയാന മന്ത്രാലയം അപകടത്തിന്റെ അന്വേഷണം എ.എ.ഐ.ബിയുടെ അഞ്ചംഗ സംഘത്തിനു കൈമാറിയത്.
അഞ്ചു മാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍, തുടരന്വേഷണം വഴിമുട്ടിയതോടെ മാര്‍ച്ച് 13വരെ നീട്ടിനല്‍കുകയായിരുന്നു.
ക്യാപ്റ്റന്‍ എസ്.എസ് ചാഹറിന്റെ നേതൃത്വത്തില്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസില്‍ വിദഗ്ധന്‍ വൈ.എസ് ദഹിയ, എ.എ.ഐ.ബി ഡെപ്യൂട്ടി ഡയരക്ടര്‍ ജസ്ബീര്‍ സിങ് എന്നിവരാണ് കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കുന്നത്.
തെളിവെടുപ്പിനായി അന്വേഷണ സംഘം മൂന്നു തവണ കരിപ്പൂരിലെത്തിയിരുന്നു. അപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."