'ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ല?' പി.വി അന്‍വറിനെതിരായ ഹരജിയില്‍ ഹൈക്കോടതി
കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്നു വര്‍ഷമായിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കലക്ടര്‍ക്കും ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
പി.വി അന്‍വര്‍ എം.എല്‍.എയ്ക്കു പ്രത്യേക ദൂതന്‍വഴി നോട്ടിസ് നല്‍കാനും ഉത്തരവിട്ടു. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോഡിനേറ്റര്‍ കെ.വി ഷാജി നല്‍കിയ ഹരജിയിലാണ് നടപടി. പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധികമായി കൈവശംവയ്ക്കുന്ന ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്കു നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചിരുന്നത്.
മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറിനെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19നു സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കിയിരുന്നു. ഈ ഉത്തരവിറങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേസെടുത്തില്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
ഭൂപരിഷ്‌കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധി 12 ഏക്കറാണ്. 207.84 ഏക്കര്‍ ഭൂമി കൈവശംവയ്ക്കുന്നതായി അന്‍വര്‍തന്നെ വിവിധ തെരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ അടുത്ത 19നു മുന്‍പു വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."