സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ ; പ്രതീക്ഷയോടെ പ്രവാസികൾ
ജിദ്ദ: സഊദിയിൽ സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ നാളെ (മാര്‍ച്ച് 14) നിലവില്‍ വരും. ഇതോടെ പ്രവാസികള്‍ക്ക് നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള മാറ്റം എളുപ്പമാവും.
നിബന്ധനകള്‍ക്കു വിധേയമായി തൊഴിലുടമയുടെ അനുവാദം കൂടാതെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.
അതേ സമയം തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പായി വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ സാധിക്കുമെങ്കിലും തൊഴില്‍ കരാറില്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാകും. കൂടാതെ ഇങ്ങിനെ തൊഴില്‍ മാറുന്നതിന് 90 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നാലു മാസം മുമ്പാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.
നിലവില്‍ സ്‌പോണ്‍സറുടെ അനുവാദത്തോട് കൂടി മാത്രമേ തൊഴില്‍മാറ്റം സാധ്യമാവൂ. പുതിയ നിയമപ്രകാരം തൊഴില്‍ കരാറിലെ കാലാവധി അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ പ്രവാസികള്‍ക്ക് സാധിക്കും. തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പാണെങ്കില്‍ നേരത്തേ നോട്ടീസ് നല്‍കിയ ശേഷം തൊഴില്‍ മാറാനും അവസരമുണ്ടായിരിക്കും. പക്ഷെ, ഒരു വര്‍ഷം നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ ജോലി ചെയ്ത ശേഷം മാത്രമേ ഇതു സാധ്യമാവൂ. തൊഴില്‍ കരാര്‍ ഇല്ലാത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ മാറ്റത്തിന് ഒരു നിബന്ധനയുമില്ല. തൊഴില്‍ മാറുന്നതിനാവശ്യമായ ഫീസ് അടയ്ക്കേണ്ട ഉത്തരവാദിത്തവും ഇവിടെ സ്പോണ്‍സര്‍ക്കാണ്.
പുതിയ തൊഴില്‍ നിയമം നടപ്പാവുന്നതോടെ സഊദിയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 70 ലക്ഷത്തോളം പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് തൊഴില്‍ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, വീട്ടുജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു കാവല്‍ക്കാര്‍, തോട്ടം ജീവനക്കാര്‍, ആട്ടിടയന്‍മാര്‍ എന്നിവര്‍ക്ക് ഈ പരിഷ്‌ക്കാരങ്ങള്‍ ബാധകമാവില്ല. അവര്‍ക്ക് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ നിയമപരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ രാജ്യത്ത് 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം ഇല്ലാതാകുമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സത്താം ബിന്‍ ആമിര്‍ അല്‍ ഹര്‍ബി അറിയിച്ചു. നിലവില്‍ സഊദി സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഒരു സഊദി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണമെന്നാണ് നിയമം. എന്നാല്‍ പുതിയ നിയമ പരിഷ്‌ക്കരണം വരുന്നതോടെ ഇത് ആവശ്യമില്ലാതാവും. പകരം തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരും. ഇതോടെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടാനും അത് ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യുവാനും നിര്‍ബന്ധിതമാകും.
പുതിയ തൊഴില്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് വിസ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. ഇതോടെ നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുകടക്കാന്‍ തൊഴിലുടമയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. മറിച്ച് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മാത്രം മതി. തൊഴില്‍ ഉപേക്ഷിച്ച് രാജ്യം വിടുന്നതിനുള്ള ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാര്യത്തിലും മാറ്റങ്ങളുണ്ട്. തൊഴില്‍ കാലാവധി കഴിഞ്ഞ ശേഷമാണെങ്കില്‍ ഇതിനും തൊഴിലുടമയുടെ അനുവാദം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിന്റെ സാമ്പത്തികവും മറ്റുമായ എല്ലാ ബാധ്യതകളും തൊഴിലാളി തന്നെ വഹിക്കണം.
അതേ സമയം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ഖിവാ' പോര്‍ട്ടല്‍ വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ പുതിയ സ്ഥാപനം നല്‍കേണ്ടത്. തൊഴില്‍ മാറ്റത്തിനുള്ള ആഗ്രഹം സ്ഥിരീകരിക്കുന്നതിനും 'ഖിവാ' പോര്‍ട്ടല്‍ വഴി അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളിക്ക് എസ്.എം.എസ് അയക്കും. ഇതിനു ശേഷം തൊഴില്‍ മാറ്റ അനുമതി അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും മന്ത്രാലയം വിവരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."