സാമൂഹികനീതിയുടെ മണ്ഡൽ രാഷ്ട്രീയത്തിന് പിൻമടക്കമോ?
പവർ പ്ലേ
എൻ.കെ ഭൂപേഷ്
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്ത് ബി.ജെ.പിയും ഒരിടത്ത് ആം ആദ്മി പാർട്ടിയും വിജയിച്ചതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ കാരണങ്ങൾ രാഷ്ട്രീയപ്പാർട്ടികളും അക്കാദമിക് വിദഗ്ധരും അന്വേഷിക്കുകയാണ്. ജനാധിപത്യത്തിൽ സാധാരണഗതിയിൽ സ്വാഭാവികമായി അഞ്ച് വർഷത്തിനുശേഷം ഉണ്ടാകുമായിരുന്ന സർക്കാർ വിരുദ്ധ വികാരം -ആന്റി ഇൻക്യൂബൻസി- പഞ്ചാബിലൊഴികെ പ്രതിഫലിച്ചില്ലെന്നതും അധികാരത്തിലെത്തി എട്ട് വർഷത്തിനിപ്പുറവും നരേന്ദ്ര മോദിയുടെ ജനസ്വാധീനശേഷിയിൽ കാര്യമായ മാറ്റമുണ്ടാകുന്നില്ലെന്നതുമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.ഹിന്ദുത്വത്തെ നേരിടുക പിന്നോക്ക സമുദായ പിൻബലമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരിക്കുമെന്ന തോന്നലുകൾക്കും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുന്നുണ്ട്.
ഇന്ത്യയിൽ ഏകദേശം ഒരേ കാലത്താണ് മണ്ഡൽ രാഷ്ട്രീയവും രാമമന്ദിരവുമായി ബന്ധപ്പെട്ട ഹിന്ദുത്വരാഷ്ട്രീയവും ശക്തിപ്പെട്ടത്. 1980 കളുടെ അവസാനത്തിൽ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ കാലത്ത് തന്നെ ഈ രണ്ട് രാഷ്ട്രീയധാരയുടെ പൂർവ മാതൃകകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയം ജാതിയെ കൂടി ചോദ്യം ചെയ്തപ്പോൾ ആർ.എസ്.എസുമായി ചേർന്നുനിന്ന ജനസംഘം, ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെയും മുന്നോട്ടുകൊണ്ടുവന്നു
അടിയന്തരാവസ്ഥക്കാലവും ഈ രാഷ്ട്രീയ ധാരകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതായിരുന്നു. അതിനുശേഷം അധികാരത്തിൽ വന്ന ജനതാപാർട്ടി ഇവയെ രണ്ടിനെയും ഉൾക്കൊണ്ട ഒരു സംവിധാനമായിരുന്നു. അന്നത്തെ രാഷ്ട്രീയസാഹചര്യം ജയപ്രകാശ് നാരായണിന്റെ ഇടപെടലും ആന്തരികമായി വൈരുധ്യം നിറഞ്ഞ ഒരു രാഷ്ട്രീയപ്പാർട്ടിയെ സാധ്യമാക്കി. എന്നാൽ അത് ഏറെക്കാലം നീണ്ടുനിന്നില്ല. ജനതാ പരീക്ഷണത്തിനുശേഷം ജനസംഘം ബി.ജെ.പിയായി കൂടുതൽ ആക്രമാസക്തമായി അവതരിച്ചു. ഇതേ കാലത്ത് അതായത് മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നതിന് ബി.പി മണ്ഡലിന്റെ നേതൃത്വത്തിൽ കമ്മിഷനെ നിയമിക്കുന്നത്. ഈ റിപ്പോർട്ട് നടപ്പിലാക്കാൻ പത്തുവർഷം കഴിഞ്ഞ് തീരുമാനിക്കുന്നത് ബാബരി പള്ളി പൊളിക്കാൻ ആർ.എസ്. എസും ബി.ജെ.പിയും എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള കലാപങ്ങൾ ആസൂത്രണം ചെയ്യുമ്പോഴാണ്. വി.പി സിങ്ങിന്റെ ആ നീക്കം ഹിന്ദുത്വത്തെ ഉലച്ചു. അവർ കൂടുതൽ അക്രമോത്സുകരായി. പള്ളി പൊളിച്ചു.
പിന്നീട് കണ്ടത് ഉത്തരേന്ത്യയിൽ ബി.ജെ.പിയെ പോലെ തന്നെ മുലായം സിങ്ങിന്റെയും ലാലു പ്രസാദ് യാദവിന്റെയും പാർട്ടികൾ ശക്തിപ്പെടുന്നതാണ്. ബാബരി പള്ളി പൊളിച്ചതിന് ശേഷം സമാജ് വാദി പാർട്ടിയും ബി.എസ്.പിയും ചേർന്ന് ഉത്തർപ്രദേശ് ഭരിക്കുകയും പിന്നീട് ഇരു പാർട്ടികളും തനിച്ച് മാറി മാറി സംസ്ഥാനം ഭരിക്കുകയും ചെയ്തു. ലാലു പ്രസാദ് ബിഹാറിൽ ശക്തനായി തുടർന്നു. അങ്ങനെ കോൺഗ്രസ് ദുർബലമായി തുടങ്ങിയപ്പോൾ ഹിന്ദുത്വത്തെ പ്രതിരോധിക്കുക, സവർണതയ്‌ക്കെതിരായ ഒ.ബി.സി, ദലിത് രാഷ്ട്രീയമായിരിക്കുമെന്നുമുള്ള വാദത്തിന് വലിയ സ്വീകാര്യത കിട്ടി. പ്രത്യേകിച്ച് ഇടതുപക്ഷക്കാരും നെഹുറുവിയൻ നിലപാട് സ്വീകരിക്കുന്നവരും ഒഴിച്ചുള്ള വിഭാഗത്തിൽനിന്ന് ഇതേ കാലത്തുതന്നെയാണ് ഇന്ത്യയിൽ ഉദാരവൽക്കരണവും ആരംഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 1991ലാണ് ഔദ്യോഗികമായി ഇന്ത്യ ഉദാരവൽക്കരണത്തെ വരിച്ചതെങ്കിലും രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. ഉദാരവൽക്കരണത്തെ ഇടതുപാർട്ടികളും ചില നെഹ്‌റു അനുകൂലികളും ശക്തമായി എതിർത്തപ്പോൾ അതിനെ പിന്തുണച്ചവരായിരുന്നു സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികരിൽ ഏറെയും. സാമ്പത്തിക വളർച്ച വർധിക്കുന്നതോടെ, ഇന്ത്യ പതിറ്റാണ്ടുകളായി പെട്ട, 'ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് ' എന്ന് പരിഹാസ രൂപേണെ വിളിച്ച സാമ്പത്തിക വളർച്ചയിൽനിന്ന് മുക്തമാകുമെന്നും ഇത് ദലിത്, പിന്നോക്ക വിഭാഗങ്ങൾക്ക് സഹായകരമാണെന്നുമായിരുന്നു ഇവരുടെ വാദം. (ഇന്ത്യയുടെ അക്കാലത്തെ സാമ്പത്തിക വളർച്ചയും ഹിന്ദു ജനസംഖ്യയിലെ വർധനയും ഒരേ അളവിലായതിനാലാണ് അതിനെ രാജ് കൃഷ്ണ എന്ന സാമ്പത്തിക വിദഗ്ധനാണ് ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് എന്ന് വിളിച്ചത്)
എന്തായാലും അത്തരത്തിൽ ദലിത്, പിന്നോക്ക ശാക്തീകരണമൊന്നും ഉദാരവൽക്കരണം മൂലം ഉണ്ടായില്ല. ഇപ്പോഴാണെങ്കിൽ സാമുദായികതയിൽ മാത്രം ഊന്നിയുള്ള രാഷ്ട്രീയം, അതിന്റെ മാത്രം അടിസ്ഥാനത്തിൽ വലിയ ഭീഷണിയൊന്നും അതീവ കൗശലക്കാരായ ഹിന്ദുത്വ രാഷ്ട്രീയക്കാർക്ക് മുന്നിൽ ഉയർത്തുന്നില്ലെന്ന് തെളിയുകയും ചെയ്തിരിക്കുന്നു. ബി.എസ്.പി പൂർണമായും തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിവിധ പിന്നോക്ക വിഭാഗങ്ങളെ ചേർത്തുനിർത്താൻ കഴിഞ്ഞുവെങ്കിലും അതിശക്തരായ ബി.ജെ.പിയെ മറികടക്കാൻ സമാജ് വാദി പാർട്ടിക്ക് താരതമ്യേന നല്ല പ്രകടനം കാഴ്ചവച്ചിട്ടുപോലും സാധിക്കാതെ പോയി. ഹിന്ദു ധ്രുവീകരണം നടത്തിയതോടൊപ്പം ക്ഷേമപദ്ധതികളും യോഗി ആദിത്യനാഥിന് ഗുണകരമായി മാറിയെന്നാണ് ചില നിരീക്ഷകർ പറയുന്നത്. വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, കൊവിഡ് നേരിടുന്നതിൽ കാണിച്ച അനാസ്ഥയും കെടുകാര്യസ്ഥതയും തുടങ്ങി നിരവധി കാരണങ്ങൾ സർക്കാരിനെതിരേ നിലനിൽക്കുമ്പോഴാണ് മതധ്രുവീകരണത്തിൽപെടുത്തി വോട്ടർമാരെ തുടർച്ചയായി ആകർഷിക്കാൻ ബി.ജെ.പിക്ക് വീണ്ടും വീണ്ടും കഴിയുന്നത്. വികസനത്തെയും ക്ഷേമത്തെയും പറ്റിയുള്ള അവകാശവാദങ്ങളും ചേർത്ത് ഹിന്ദുത്വത്തെ ഹിന്ദുത്വ പ്ലസ് ആക്കി നവീകരിച്ചുകൊണ്ടാണ് ഇതു സാധ്യമാകുന്നതെന്ന് ചില നിരീക്ഷകർ മനസിലാക്കുന്നു. മുസ്‌ലിം ജനവിഭാഗത്തെ പൂർണമായി മാറ്റിനിർത്തി തെരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമാണെന്ന് പ്രഖ്യാപിച്ചാണ് ഹിന്ദുത്വത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ ഇന്ദിരാഗാന്ധിയുടെ കാലത്തേതിനെക്കാൾ കൂടുതൽ വ്യക്തി കേന്ദ്രീകൃതമാക്കാൻ മോദിക്ക് കഴിഞ്ഞുവെന്നത് കൂടിയാണ് തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ഉത്തർപ്രദേശിലെയും മറ്റ് ബി.ജെ.പി സംസ്ഥാനങ്ങളിലെയുമെല്ലാം നേട്ടങ്ങളുടെ കാരണക്കാരനായി മോദി അവതരിപ്പിക്കപ്പെടുന്നു. അതിന് ഇപ്പോഴും ജനങ്ങളുടെ ഇടയിൽ സ്വീകാര്യത കിട്ടുകയും ചെയ്യുന്നു. മോദി അധികാരത്തിൽ വരുമ്പോഴുള്ളതിനെക്കാൾ കൂടുതൽ ആളുകൾ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വീകരിക്കാൻ തയാറാവുന്നുവെന്ന യാഥാർഥ്യത്തെ മറിച്ചുപിടിച്ചിട്ട് കാര്യമില്ല.
മുസ്‌ലിം വിരുദ്ധതയുടെ അടിസ്ഥാനത്തിൽ വോട്ടർമാർ ആകർഷിക്കപ്പെടുമ്പോൾ, എതിർപക്ഷത്ത് സാമൂഹ്യനീതിയുടെ രാഷ്ട്രീയം പറഞ്ഞവരുടെ സ്വത്വരാഷ്ട്രീയം തിരിച്ചടി നേരിടുകയും ചെയ്യുന്നു. സവർണ ഹിന്ദുത്വത്തെ, പിന്നോക്ക-ദലിത് ജാതിവിഭാഗത്തിൽപ്പെട്ടവരുടെ സംഘടിത രാഷ്ട്രീയമാണ് മറികടക്കുക എന്ന രണ്ട് പതിറ്റാണ്ടോളമായുള്ള ചിന്തയെ ഇന്ന് ആരും കാര്യമായി കാണുന്നില്ല. സാമുഹ്യനീതിയുടെ രാഷ്ട്രീയത്തെ ജാതീയതയിലും ജാതി സമവാക്യങ്ങളിലും മാത്രമായി തളിച്ചിടുകയുംഅതോടൊപ്പം കുടുംബാധിപത്യ രാഷ്ട്രീയം മുതൽ ജനാധിപത്യ മൂല്യങ്ങളെ ഒരർഥത്തിലും ആന്തരികവൽക്കരിക്കാത്ത നേതൃത്വവുമെല്ലാം ഇതിന് പരിമിതികൾ തീർത്തിട്ടുണ്ടെന്ന് വേണം കണക്കാക്കാൻ. കൂടാതെ, സാമ്പത്തിക നയ സമീപനങ്ങളെ തീർത്തും അവഗണിച്ചതോ അല്ലെങ്കിൽ നിയോ ലിബറൽ ആഖ്യാനങ്ങളിൽ കുടുങ്ങി കിടന്നതോ രാഷ്ട്രീയ സ്വാധീനമേഖല വിപുലപ്പെടുത്തുന്നതിൽ അവർക്ക് തടസമായി.
'നല്ല ഭരണ'വും ക്ഷേമപദ്ധതികളും മുന്നോട്ടുവയ്ക്കുന്ന, ഹിന്ദുത്വവുമായി വലിയ തർക്കങ്ങളില്ലാത്ത, അല്ലെങ്കിൽ അതുമായി പൊരുത്തപ്പെട്ട് പോകുന്ന ആം ആദ്മി ഒരു ദേശീയ രാഷ്ട്രീയപ്പാർട്ടിയായി അതിവേഗം മാറുന്നുവെന്നതിനെക്കൂടി ഇതിന്റെ ഭാഗമായി തന്നെ കാണണം. ഒരു മതേതര സമവാക്യത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പാർലമെന്ററി ജനാധിപത്യരാഷ്ട്രീയം അതിവേഗം തന്നെ ഹിന്ദുത്വ സമവാക്യത്തിലേക്ക് മാറ്റപ്പെടുന്നുവെന്നതിന്റെ ലക്ഷണമായി 'ആപ്പി'ന്റെ വർധിച്ചുവരുന്ന സ്വീകാര്യതയെ കാണാം. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ആഖ്യാനങ്ങളെ അവഗണിച്ചോ അല്ലെങ്കിൽ യോജിച്ചോ ആണ് 'ആപ്പ്' വളർന്നുവരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ഈ ഘടനാപരമായ മാറ്റത്തെ തിരിച്ചറിയാനും അതിനനുസരിച്ച് നിലപാടുകൾ പുതുക്കാനും കഴിയാതെ പോയി എന്നതുകൂടിയാണ് സാമൂഹികനീതിയുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയേൽക്കാനുണ്ടായ കാരണങ്ങളിൽ പ്രധാനം. ഭൂരിപക്ഷ വർഗീയതയെ മാധ്യമങ്ങളുടെയും മറ്റ് പ്രചാരണ സംവിധാനങ്ങളുടെയും സഹായത്തോടെ ഉണ്ടാക്കിയെടുത്ത 'മോദി പ്രതിഭാസം'ത്തിന്റെ സഹായത്തോടെ, സ്വാഭാവികവൽക്കരിക്കാൻ ഹിന്ദുത്വത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. 2014ന് ശേഷം ദ്രുതഗതിയിൽ, അത് നേടിയെടുക്കാൻ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞുവെന്നത്, ഇത്ര കാലമത്രയും ആഘോഷിച്ച ജനാധിപത്യത്തിന്റെ ഇന്ത്യൻ മാതൃകയെ വിമർശനപരമമായി സമീപിക്കേണ്ടതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."