'പെട്രോൾ വില പിടിച്ചുനിർത്തുമോ? ' രാജ്യസഭയിൽ ചോദ്യത്തിന് മറുപടി പറയാതെ പെട്രോളിയം മന്ത്രി
ന്യൂഡൽഹി
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റം വരാതിരുന്ന പെട്രോൾ, ഡീസൽ വില തുടർന്നും ഇതേ നിലയിൽ തുടരുമോയെന്ന കെ. സി വേണുഗോപാലിന്റെ ചോദ്യത്തിന് രാജ്യസഭയിൽ കൃത്യമായ മറുപടി പറയാതെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുമ്പോഴും കഴിഞ്ഞ നവംബർ മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വന്നിട്ടില്ല. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഈ ആശ്വാസം തുടർന്നും ഉറപ്പ് വരുത്തുമോ എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ ചോദ്യം.
'തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ ഇനി ഇന്ധനവില കൂടു'മെന്നും 'ടാങ്ക് നിറച്ചോളൂ' എന്നുമുള്ള രാഹുലിന്റെ ട്വീറ്റ് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്ന് എണ്ണയുടെ ഉപഭോഗം 20 ശതമാനം കൂടി. ചിലർ എണ്ണവില വർധന ആഘോഷിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഷയത്തിൽ മറുപടി പറയാതെ മന്ത്രി മറ്റെന്തൊക്കെയോ പറയുകയാണെന്ന് കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുർ ഖാർഗെ ചൂണ്ടിക്കാട്ടി. ചെയറിലുണ്ടായിരുന്ന വന്ദനാ ചവാനും മറുപടി ആവശ്യപ്പെട്ടെങ്കിലും മന്ത്രി പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."