ഏഷ്യന്‍ വനമേഖലകളില്‍ കണ്ടുവരുന്ന സര്‍പ്പശലഭംകൗതുകമായി
മഞ്ചേരി:നിബിഡവനപ്രദേശങ്ങളില്‍ കണ്ടുവരുന്ന ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ -അറ്റക്കാമ- ഇനത്തില്‍പ്പെട്ട സര്‍പ്പശലഭം എന്ന അറ്റ്‌ലസ് ശലഭം നാട്ടിന്‍ പ്രദേശത്തെത്തിയത് കൗതുകമായി. മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തിലെ മാളിയക്കല്‍ ജുമുഅത്ത് പള്ളി പരിസരത്താണ് വ്യാഴായ്ച്ചയോടെ ഇതിനെ കണ്ടെത്തിയത്.
ഇരുചിറകുകളും വിടര്‍ത്തുമ്പോള്‍ 210 മില്ലീമീറ്റര്‍ നീളമുണ്ട്. ചെമപ്പ് കലര്‍ന്ന തവിട്ടുനിറമാണ് ഇതിന്. മുന്‍ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ ഇതുപകരിക്കുന്നു. ചിറകുകളില്‍ വെളുത്ത നിറത്തില്‍ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകള്‍ക്കു പിന്നില്‍ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാല്‍ -സ്‌നേക്‌സ് ഹെഡ് -എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗണ്‍, പര്‍പ്പിള്‍ നിറങ്ങളില്‍ അറ്റ്‌ലസ് ശലഭങ്ങളെ വിവിധ സ്ഥലങ്ങളില്‍ അപൂര്‍വ്വമായേ കണ്ടെത്താറുള്ളൂ. ഈ ശലഭങ്ങള്‍ക്ക് രണ്ടാഴ്ച്ച മാത്രമാണ് ആയുസ്സ്. ആവാസവ്യവസ്ഥയില്‍നിന്ന് അധികദൂരം ഇവ പറന്നുപോകാറില്ല. തെക്കുകിഴക്കന്‍ ഏഷ്യയിലെ വനമേഖലകളില്‍ ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലും കണ്ടുവരാറുള്ളത്. അതേസമയം മലപ്പുറം ജില്ലയിലെ നാട്ടിന്‍പുറത്ത് എത്തിയതിനെ കുറിച്ച് വിവരങ്ങലില്ല.
സാധാരണഗതിയില്‍ 10 മുതല്‍ 12 ഇഞ്ചുവരെയാണ് വിടര്‍ത്തിയ ചിറകുകളുടെ നീളം. ഈ വിഭാഗത്തിലെ ആണ്‍ശലഭങ്ങളേക്കാള്‍ പെണ്‍ശലഭങ്ങള്‍ക്കാണ് വലിപ്പവും ഭംഗിയും കൂടുതല്‍. രണ്ടാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന വര്‍ണ ശബളമായ ജീവിതത്തില്‍ ഇവ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതല്‍ ഉപയോഗപ്പെടുത്തിയാണ് പ്രജനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. വായ ഭാഗം തീരെ വികാസം പ്രാപിക്കാറില്ല. പെണ്ണിന്റെ പ്രത്യേക ഹോര്‍മോണ്‍ ഗന്ധത്തില്‍ ആകൃഷ്ടരായാണ് ആണ്‍ ശലഭം എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."