നടത്താത്ത സിറ്റിങ്ങിൻ്റെ പേരിൽ വിധി തയാറാക്കി വഖ്ഫ് ബോർഡ് സ്ഥിരീകരണവുമായി ബോർഡ് അംഗം
സുനി അൽഹാദി
കൊച്ചി
സിറ്റിങ് നടത്താതെ വഖ്ഫ് ബോർഡ് വിധി തയാറാക്കിയതായി രേഖ.
പരാതിക്കാരുടെ സാമാന്യനീതി ലംഘിച്ചുകൊണ്ട് വഖ്ഫ് ബോർഡ് വിധി തയാറാക്കിയെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാലക്കോട് ചാത്തങ്ങോട്ട്പുരം സുബുലുസ്സലാം മദ്റസ, മലപ്പുറം കക്കോവ് ഹിദായത്തുൽ മുസ് ലിമീൻ സംഘം തെരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിലാണ് സിറ്റിങ് നടത്താതെ തീർപ്പ് കൽപിച്ചതായി രേഖകൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 25ന് നിശ്ചയിച്ചിരുന്ന സിറ്റിങ്ങിലാണ് ഈ കേസുകൾ പരിഗണിക്കാനിരുന്നത്.
എന്നാൽ അന്നേദിവസം കൊവിഡ് മാനദണ്ഡം കാരണമായി സിറ്റിങ് നടന്നില്ലെന്നാണ് കൊച്ചിയിലെ വഖ്ഫ് ബോർഡ് ആസ്ഥാനത്തുനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.
എന്നാൽ പിന്നീട് 25ന് നടന്ന സിറ്റിങ്ങിലെ തീരുമാനം എന്ന നിലയ്ക്ക് ഈ കേസിൽ വിധി തീർപ്പ് തയാറാക്കുകയായിരുന്നു.
എന്നാൽ ഇന്ന് രാവിലെ പതിനൊന്നിന് വഖഫ് ബോർഡ് കോഴിക്കോട് ഡവിഷനൽ ഓഫിസിൽ ചേരുവാൻ തീരുമാനിച്ചിട്ടുള്ള ബോർഡ് സിറ്റിങ്ങിൽ 8, 9 നമ്പർ അജൻഡകളായി ഈ കേസുകളിൽ വിധി പുറപ്പെടുവിക്കാൻ നിശ്ചയിച്ചിട്ടുമുണ്ട്.
ജനുവരി 25ന് നടന്ന സിറ്റിങ്ങിൽ ബോർഡ് ചെയർമാൻ ടി.കെ ഹംസ അംഗങ്ങളായ അഡ്വ.എം. ഷറഫുദ്ദീൻ, എം.സി മായിൻ ഹാജി, അഡ്വ. പി.വി സൈനുദ്ദീൻ,പ്രൊഫ. കെ.എം അബ്ദുറഹീം, റസിയ ഇബ്റാഹീം, രഹന എന്നിവർ പങ്കെടുത്തിരുന്നുവെന്നും വിധി തീർപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇത്തരം ഒരു സിറ്റിങ് തന്നെ നടന്നിട്ടില്ലെന്നാണ് ബോർഡ് അംഗം എം.സി മായിൻഹാജി 'സുപ്രഭാത'ത്തോട് പറഞ്ഞത്. നടക്കാത്ത സിറ്റിങ്ങിൻ്റെ പേരിൽ തയാറാക്കിയ ഉത്തരവുകളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്ത് വിധി തയാറാക്കുമ്പോൾ മാത്രമേ അംഗങ്ങൾക്ക് പരാതിക്കാധാരമായ പ്രശ്നങ്ങളിലുള്ള യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താനാവൂ. അല്ലാതെ തയാറാക്കുന്നവയെല്ലാം വ്യാജരേഖകളായേ കണക്കാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഒരു ബോർഡ് അംഗത്തിൻ്റെയും ഡിവിഷനൽ ഓഫിസറുടെയും പ്രത്യേക നിർദേശമനുസരിച്ചാണ് ഇത്തരത്തിൽ വിധി പ്രസ്താവം തയാറാക്കിയതെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."