ഭക്ഷ്യ വിഷബാധ; പ്രതി സര്‍ക്കാര്‍ തന്നെ
വി.ഡി സതീശന്‍
ക്ഷ്യ വിഷബാധയും അതേതുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിദമായ അവസ്ഥയിലേക്ക് സംസ്ഥാനം മാറിയിരിക്കുന്നു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു ദിവസത്തിനിടെ രണ്ടു മരണങ്ങള്‍ സംഭവിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിനു പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യവകുപ്പും നോക്കുകുത്തികളാകുന്നു. വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതുതന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയിലെ പരാജയം വ്യക്തമാക്കുന്നതാണ്. 2004ല്‍ സംസ്ഥാനത്തു നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ഭക്ഷ്യസുരക്ഷാ വകുപ്പിന് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു വകുപ്പിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും പരാജയമല്ലാതെ മറ്റെന്താണ്?
അശാസ്ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നടക്കുന്നത്. ഉദ്യോഗസ്ഥന്‍ സ്റ്റാറ്റ്യൂട്ടറിയായി പ്രതിമാസം രണ്ട് സാംപിള്‍ മാത്രം എടുത്താല്‍ മതിയെന്നതാണ് നിലവിലെ നിര്‍ദേശം. അതില്‍ കൂടുതല്‍ നോണ്‍ സ്റ്റാറ്റ്യൂട്ടറി സാംപിളുകള്‍ ശേഖരിച്ചാല്‍ അതിന് നിയമപരിരക്ഷ ലഭിക്കില്ല. അതായത്, നോണ്‍ സ്റ്റാറ്റ്യൂട്ടറി സാംപിളില്‍ വിഷാംശം കണ്ടെത്തിയാലും നിയമനടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനാകില്ല. നിലവില്‍ അതതു ജില്ലകളില്‍ തന്നെയുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. ഇതും അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഉദ്യോഗസ്ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. ഇതിനു പരിഹാരമായി മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കുന്ന ഇന്റര്‍ ഡിസ്ട്രിക്ട് സ്‌ക്വാഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ രീതി ഫലപ്രദമായി നടപ്പാക്കിയതുമാണ്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നടപടിയെടുക്കണമെന്നാണ് സര്‍ക്കാരിന്റെ അശാസ്ത്രീയമായ മറ്റൊരു നിര്‍ദേശം. എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ തീരുമാനം കൈക്കൊള്ളുന്നതില്‍ എന്തു പ്രായോഗികതയാണുള്ളത്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രീതിയനുസരിച്ച് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്ന ജില്ലാതല കമ്മിറ്റിയാണ് തീരുമാനം എടുത്തിരുന്നത്. പ്രായോഗികമായ ഈ രീതിയും സര്‍ക്കാരും ആരോഗ്യവകുപ്പും അട്ടിമറിച്ചു.
പരിശോധനാ സ്‌ക്വാഡുകള്‍ക്കു പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക് റെസ്‌പോണ്‍സ് സ്‌ക്വാഡുകളുടെ (QRT) പ്രവര്‍ത്തനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഏതുസമയത്തും ഈ സ്‌ക്വാഡ് പരിശോധന നടത്തി ഹോട്ടലുകളില്‍ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തന സജ്ജമാണോയെന്ന് പരിശോധിക്കുമായിരുന്നു. ക്യുക്ക് റെസ്‌പോണ്‍സ് സ്‌ക്വാഡുകളെ നിര്‍ജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു. ആര്യങ്കാവ്, അമരവിള, വാളയാര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന മത്സ്യവും മാംസവും പാലും പച്ചക്കറികളും പരിശോധിക്കാന്‍ സ്ഥിരം ചെക്‌പോസ്റ്റുകളും ഓഫിസ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും അത് ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ച് ഇല്ലാതാക്കി.
സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള എന്‍.എ.ബി.എല്‍ അനലറ്റിക്കല്‍ ലാബുകള്‍ സജ്ജമാണെങ്കിലും ഭക്ഷണപദാര്‍ഥങ്ങളിലെ രാസപരിശോധന മാത്രമാണ് കുറച്ചെങ്കിലും നടത്തുന്നത്. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്. മൈക്രോ ബയോളജി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും വിനിയോഗിക്കാന്‍ സംസ്ഥാനം തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്ത അവസ്ഥയാണ്.
യു.ഡി.എഫ് ഭരണകാലത്ത് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത പരിശോധനാ സംവിധാനവും അനിശ്ചിതത്വത്തിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനംകൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എവിടെ വേണമെങ്കിലും ആര്‍ക്കും ഹോട്ടലുകള്‍ ആരംഭിക്കാവുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണ് എത്തിക്കുന്നതെന്നതും മാലിന്യനിര്‍മാര്‍ജനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിക്കാറില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്ക് നിയമാനുസൃതമായ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉണ്ടോയെന്നും ആരും അന്വേഷിക്കാറില്ല. ഇതിലൊന്നും സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ?
അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."