അഞ്ജുശ്രീയുടെ മരണം; 'മരണകാരണം ഭക്ഷ്യവിഷബാധയല്ല' മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു, വിഷം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍
കാസര്‍കോട്: ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം ഭക്ഷ്യ വിഷബാധ കാരണമല്ലെന്ന് ആരോഗ്യ വകുപ്പ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമന പ്രകാരം കരളിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പോസ്റ്റ്മോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളജില ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളജില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അഞ്ജുശ്രീയുടെ വീട്ടില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."