ഇരട്ടപ്രഹരത്തില്‍ നട്ടംതിരിഞ്ഞ് ബി.ജെ.പി, മൂന്നു മണ്ഡലങ്ങളിലെ വോട്ടുകള്‍ എങ്ങോട്ടു മറിയും?
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ തുറന്നുവിട്ട 'ഡീല്‍' ഭൂതത്തിനു പിന്നാലെ പത്രിക തള്ളലുംകൂടി വന്നതോടെ ഇരട്ടപ്രഹരത്തില്‍ നട്ടംതിരിയുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. സംസ്ഥാന പ്രസിഡന്റ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെതിന്റെയും ശോഭാ സുരേന്ദ്രനെപ്പോലുള്ള നേതാക്കളെ ഒതുക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെയും പേരില്‍ ഉലയുന്ന സംസ്ഥാന ഘടകം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലാ പ്രസിഡന്റിന്റെയും മഹിളാ മോര്‍ച്ച അധ്യക്ഷയുടെയും നാമനിര്‍ദേശപത്രിക തള്ളിയതോടെ.
പത്രിക തള്ളിയതിനെതിരേ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നായിരുന്നു നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ കോടതി ഹരജി തള്ളിയതോടെ ബി.ജെ.പി ദേശീയ ഘടകത്തിന് വിശദീകരണം നല്‍കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
പത്രിക തള്ളിയതോടെ വോട്ട് കച്ചവട ആരോപണവുമായി ഇരുമുന്നണികളും രംഗത്തെത്തി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതു വ്യക്തമാക്കുന്നതെന്ന് സി.പി.എമ്മും സി.പി.എം- ബി.ജെ.പി ഒത്തുകളിയാണ് പത്രിക തള്ളിയതിനു പിന്നിലെന്ന് കോണ്‍ഗ്രസും ആരോപിച്ച് രംഗം കൊഴുപ്പിക്കുന്നു. പഴയ കോ-ലീ-ബി സഖ്യം കാണിച്ചാണ് യു.ഡി.എഫിനെതിരേ സി.പി.എം ആഞ്ഞടിക്കുന്നത്.
പത്രികകള്‍ തള്ളിയതോടെ എല്ലാവര്‍ക്കും അറിയേണ്ടത് തലശേരിയിലും ഗുരുവായൂരിലും ബി.ജെ.പി വോട്ടുകള്‍ ആരുടെ പെട്ടിയില്‍ വീഴുമെന്നാണ്. മറ്റൊരു പത്രിക തള്ളിയ ദേവികുളത്ത് എന്‍.ഡി.എ ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരു സ്വതന്ത്രനെ കിട്ടിയെങ്കിലും ഇവിടെയും ബി.ജെ.പിയുടെ വോട്ട് എങ്ങോട്ട് മറിയുമെന്ന് ഒരു പിടിയുമില്ല. പത്രിക തള്ളിയതുകണ്ട് ആരും മനപ്പായസമുണ്ണേണ്ടെന്നും കോടതി വിധി അനുകൂലമല്ലെങ്കില്‍ അപ്പോള്‍ തങ്ങളുടെ വോട്ടര്‍മാര്‍ക്ക് ആവശ്യമായ സന്ദേശം നല്‍കുമെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. ആ സന്ദേശം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാന നേതൃത്വം ഏറ്റവുമധികം വെട്ടിലായത് അമിത്ഷാ വോട്ട് ചോദിച്ചെത്തുന്ന തലശേരിയില്‍ ആര്‍ക്കു വോട്ട് ചോദിക്കുമെന്നതിലാണ്. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22,125 വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥി നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടിയ ബി.ജെ.പി തലശേരി നഗരസഭയില്‍ പ്രധാന പ്രതിപക്ഷവുമാണ്.
ഇത്തവണ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെ തന്നെ സ്ഥാനാര്‍ഥിയാക്കി അമിത് ഷായെ പ്രചാരണത്തിനിറക്കി മത്സരം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.ജെ.പി. അമിത് ഷായുടെ ജില്ലയിലെ പരിപാടി തലശേരിയില്‍ വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. സിറ്റിങ് എം.എല്‍.എ എ എന്‍. ഷംസീറാണ് തലശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫിന് എം.പി അരവിന്ദാക്ഷനും.
ഗുരുവായൂരില്‍ 2016ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന മഹിളാ മോര്‍ച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന് 25,490 വോട്ടുകളാണ് ലഭിച്ചിരുന്നത്. അന്ന് സി.പി.എമ്മിലെ കെ.വി അബ്ദുല്‍ ഖാദര്‍ 15,098 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമസഭയിലെത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ട് വിഹിതം കൂട്ടിയ മണ്ഡലമാണിത്. ഇവിടെ മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദറും സി.പി.എമ്മിലെ എന്‍.കെ അക്ബറുമാണ് മത്സരരംഗത്തുള്ളത്.
ദേവികുളത്ത് സ്വതന്ത്രനായ ഗണേഷിനെ എ.ഐ.എ.ഡി.എം.കെയിലെടുത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടെങ്കിലും ഇവിടെയും ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ 9,592 വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നതില്‍ മറ്റു മുന്നണികള്‍ക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എസ്. രാജേന്ദ്രന്‍ 6,232 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. അന്ന് എ.ഐ.എ.ഡി.എം.കെ ഒറ്റയ്ക്ക് മത്സരിച്ച് 11,613 വോട്ട് നേടിയിരുന്നു. അന്നും ഇവിടെ സ്ഥാനാര്‍ഥിയായിരുന്ന എസ്.ധനലക്ഷ്മിയുടെ പത്രികയാണ് ഇത്തവണ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."