ഇസ്‌റാഈലില്‍ കൊവിഡിന്റെ പുതിയ വകഭേദം
ജറുസലേം: ഇസ്‌റാഈലില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇസ്‌റാഈലിന്റെ കണ്ടെത്തലിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.1, BA.2 എന്നിവ ചേര്‍ന്നതാണ് പുതിയ വകഭേദം. ചെറിയ പനി, മസിലുകളിലെ വേദന, തലവേദന എന്നിവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍. ചെറിയ ലക്ഷണങ്ങള്‍ മാത്രമായിരിക്കും രോഗിക്കുണ്ടാവുകയെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദത്തിന് പ്രത്യേക ചികിത്സ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്‌റാഈലില്‍ ഇതുവരെ 1.4 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,244 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 9.2 ദശലക്ഷം ജനസംഖ്യയില്‍ നാല് ദശലക്ഷത്തിലധികം ആളുകള്‍ ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."