'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്' തട്ടമഴിക്കാന്‍ തയ്യാറായവരെ ചേര്‍ത്തു പിടിച്ചും വിസമ്മതിച്ചവരെ തീവ്രവാദികളാക്കിയും ചിലര്‍
ഉഡുപ്പി: അവളെ സംബന്ധിച്ച് അത് നിവൃത്തികേടായിരുന്നു. പഠിച്ച് എവിടെയെങ്കിലുമെത്തണം എന്ന എന്ന കിനാവ് സാക്ഷാത്ക്കരിക്കാന്‍ ഇതല്ലാതൊരു വഴിയില്ലെന്നൊരു ചിന്തയിലെടുത്ത തീരുമാനമായിരുന്നു. അത്രമേല്‍ ജീവന്റെ ഭാഗമായ ഇഷ്ടമായ തന്റെ തട്ടമഴിച്ചുവെക്കുക എന്നത്. ഇത് ഹിജാബ് വിധിക്കു ശേഷമുള്ള ആദ്യ ദിനത്തില്‍ കര്‍ണാടകയിലെ ഒരു കോളജില്‍ നിന്നുള്ള രംഗമായിരുന്നു.
തട്ടമഴിച്ചുവെച്ച് വല്ലാതെ കനംതൂങ്ങുന്ന ശിരസ്സുമായി ക്ലാസ് മുറികളിലേക്ക് കയറിയപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞതിങ്ങനെ 'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്'. ഉഡുപ്പിയിലെ ഒരു കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന കൗസര്‍ എന്‍.ഡി.ടി.വിയോട് പറയുന്നു. വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭീതിയില്‍ താല്‍ക്കാലികമായി അഴിച്ചുവെച്ച് ക്ലാസില്‍ കയറാന്‍ തയ്യാറായ ചുരുക്കം വിദ്യാര്‍ഥികളില്‍ ഒരാളാണ് സന.
'എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാന്‍ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികില്‍ ഇരുന്നപ്പോള്‍, ഒരു ഹിന്ദു വിദ്യാര്‍ത്ഥി എന്റെ അടുത്തേക്ക് നടന്നുവന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ഞങ്ങളിലൊരാളാണ്' സന പറയുന്നു. പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അവസ്ഥയാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. സന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പിറകിലത്തെ ബെഞ്ചിലാണ് താനിപ്പോഴിരിക്കുന്നതെന്നും സന പറയുന്നു.
പലകുട്ടികളും ഹിജാബ് തുടരാനാണ് തീരുമാനിച്ചതെന്നും സന പറയുന്നു. അഞ്ചോ ആറോ കുട്ടികള്‍ കോളജില്‍ നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പല കുട്ടികളും കോളജില്‍ വരാതെ വീട്ടില്‍ തന്നെ തുടരുകയാണ്- സന ചൂണ്ടിക്കാട്ടി.
ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ പ്രതിസന്ധിയിലാണ്. കോടതി വിധി വന്നതിന് പിന്നാലെ കര്‍ശന നടപടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കൊണ്ടത്. ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ശിരോവസ്ത്രം തല്‍കാലത്തേക്ക് അഴിച്ചുവെച്ച് ക്ലാസുകളില്‍ കയറാന്‍ സന്നദ്ധരായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."