സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നു; വിമർശനവുമായി സി.എ.ജി റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ച് സർക്കാരിനെതിരേ വിമർശനവുമായി സി.എ.ജി റിപ്പോർട്ട്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നതായും ചില സ്ഥാപനങ്ങളുടെ കണക്കുകൾ മറച്ച് വയ്ക്കുന്നതായും 2020-21 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ സി.എ.ജി കുറ്റപ്പെടുത്തുന്നു. വരവും ചിലവും തമ്മിൽ വൻ അന്തരം ഉണ്ടാകുകയാണെന്നും ബജറ്റിൽ പറയുന്നതിനേക്കാൾ അധിക തുക എല്ലാ വകുപ്പുകളിലും അനുവദിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലിവിൻ്റെ വ്യക്തമായ കണക്കുകൾ നൽകാത്തതിനാൽ ഒട്ടു മിക്ക വകുപ്പുകളിലും ഓഡിറ്റ് പൂർത്തിയാക്കാനും സാധിക്കുന്നില്ല. കിഫ്ബി (669.05 കോടി), കെ.എസ്എസ്പി.എൽ (8604.19 കോടി) എന്നീ സ്ഥാപനങ്ങൾ ബജറ്റിന് പുറത്ത് കടം എടുക്കുകയാണ്.
സർക്കാരിൻ്റെ കടം എടുക്കലിൻ്റെയും ബാധ്യതകളുടെയും വെളിപ്പെടുത്തലുകളിൽ ഇത് പ്രതിഫലിപ്പിച്ചില്ലെന്നും സി.എ.ജി പറയുന്നു. 2020 ലെ ഓഡിറ്റ് റിപ്പോർട്ടിൽ കണക്കുകളുടെ തീർപ്പാക്കൽ മുടങ്ങുന്നത് അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ 2021 ൽ കണക്കുകൾ തീർപ്പാക്കാത്ത ഫയലുകൾ വർധിക്കുകയാണ് ഉണ്ടായതെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു. മുൻ സാമ്പത്തിക വർഷത്തേക്കാൾ കഴിഞ്ഞ സാമ്പത്തിക വർഷം ധനകമ്മിയിൽ 17132.22 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. സർക്കാരിൻ്റെ കാര്യക്ഷമതയില്ലായ്മ മൂലം ചില വകുപ്പുകളുടെ പ്രവർത്തനം വളരെ മോശമാകുന്നു. വാട്ടർ അതോറിറ്റി ( 4532.84 കോടി)സംസ്ഥാന ഹൗസിംഗ് ബോർഡ് (1752.76 കോടി), കെ.എസ്ഇ.ബി (1786.23 കോടി) ഗതാഗത കോർപ്പറേഷൻ (4245.27 കോടി) എന്നീ സ്ഥാപനങ്ങൾക്ക് സർക്കാർ മുൻകൂറായി നൽകുന്ന വായ്പകളിൽ നാല് സ്ഥാപനങ്ങൾ തിരച്ചടവിൽ വൻ വീഴ്ച വരുത്തി. 2021 ലെ ട്രഷറി കണക്കുകൾ യഥാസമയം സി.എ.ജിക്കു നൽകിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."