നാദാപുരത്ത് ചരിത്രം തിരുത്താന്‍ യു.ഡി.എഫ്; ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫ്
നാദാപുരം: 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളും ഇത്തവണയും അങ്കത്തിനിറങ്ങുന്നു എന്നതാണ് നാദാപുരത്തിന്റെ പ്രത്യേകത. സിറ്റിങ് എം.എല്‍.എയായ ഇ.കെ വിജയന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.പി രാജന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു.
കഴിഞ്ഞ തവണ ഇ.കെ വിജയന്‍ ജയിച്ചത് 4,759 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 74,742 വോട്ട് വിജയന് ലഭിച്ചപ്പോള്‍ 69,983 വോട്ടാണ് പ്രവീണ്‍ കുമാറിന് കിട്ടിയത്. 14,493 വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥി എം.പി രാജനും ലഭിച്ചിരുന്നു. ഒരു തവണ മുസ്‌ലിം ലീഗ് പ്രതിനിധിയായ ഹമീദലി ഷംനാട് ജയിച്ചതൊഴിച്ചാല്‍ മണ്ഡലം രൂപീകരണ കാലം മുതല്‍ ഇടതുപക്ഷമാണ് നാദാപുരത്ത് വിജയിക്കാറുള്ളത്. 50 വര്‍ഷമായി സി.പി.ഐയുടെ പ്രതിനിധികളാണ് ഇവിടെ വിജയിച്ചുവരുന്നത്. ഇ.കെ വിജയനാണ് കഴിഞ്ഞ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 10 പഞ്ചായത്തുകളാണ് നാദാപുരം മണ്ഡലത്തിലുള്ളത്. നാദാപുരം, തൂണേരി, വാണിമേല്‍, ചെക്യാട് എന്നിവിടങ്ങളില്‍ യു.ഡി.എഫും എടച്ചേരി, വളയം, നരിപ്പറ്റ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. കായക്കൊടിയില്‍ നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്.
കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് രംഗത്തുള്ളത്. 1,250 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ചക്ക് ഇ.കെ വിജയന്‍ വിജയിക്കണമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. മുഴുവന്‍ പഞ്ചായത്തുകളിലും സി.പി.എം
പര്യടനം നടത്തിക്കഴിഞ്ഞു. ടൗണുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും മുന്‍കാല നേതാക്കള്‍, രക്തസാക്ഷികളുടെ കുടുംബം എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. പഞ്ചായത്ത് റാലികളും വിദ്യാര്‍ഥി റാലിയും നടന്നു. പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും എളമരം കരീം എം.പിയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തിനെത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കള്‍ വരും ദിനങ്ങളില്‍ മണ്ഡലത്തിലെത്തും. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രവീണ്‍കുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നിറസാന്നിധ്യമായ ഇദ്ദേഹത്തിന്റെ ജനകീയതയും സ്വീകാര്യതയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇത്തവണ യു.ഡി.എഫ് ക്യാംപുകളില്‍ നല്ല നിലയില്‍ വോട്ടു ചേര്‍ക്കുക കൂടി ചെയ്തത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രവാസി സമൂഹത്തിന്റെ ഇടപെടലും കാര്യമായി നടക്കുന്നുണ്ട്. അരനൂറ്റാണ്ട് കാലമായി തുടരുന്ന വികസന മുരടിപ്പിന് മാറ്റം വരണമെന്നാണ് യു.ഡി.എഫ് പ്രചാരണം. ശാശ്വത സമാധാനവും സമഗ്ര വികസനവുമാണ് യു.ഡി.എഫ് വാഗ്ദാനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനാര്‍ഥി പര്യടനവും ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിനെത്തും.
ബി.ജെ.പി സംസ്ഥാന സമിതി അംഗമായ എന്‍.ഡി.എ സ്ഥാനാര്‍ഥി എം.പി രാജനും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രചാരണ രംഗത്തുള്ളത്. മൂന്നു മുന്നണികള്‍ക്ക് പുറമെ എസ്.ഡി.പി.ഐയുടെ കെ.കെ നാസര്‍ മാസ്റ്ററും നാഷനല്‍ ലേബര്‍ പാര്‍ട്ടിയുടെ കെ.കെ ശ്രീധരനും സ്വതന്ത്രനായ ടി. പ്രവീണ്‍കുമാറും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."