'ഗെറ്റ് ഔട്ട് രവി'യിലെത്തിച്ച തമിഴകത്തെ പോര്
ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ-ഗവർണർ പോര് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സൂക്ഷ്മവായനയിൽ ഒരുവേള ഗവർണറുടെ നിലപാട് ശരിയല്ലേ എന്ന് തോന്നാം. അതത് സർക്കാരുകൾക്ക് ഈ നടക്കുന്ന പോരുകളിൽ പങ്കില്ലെ എന്നും സംശയിക്കാം.
നിലവിൽ ബംഗാളിനു പിന്നാലെ തമിഴ്‌നാട്ടിലാണ് അസ്വാഭാവികമായ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. സഭ സമ്മേളിക്കുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കീഴ് വഴക്കമാണ്. അതത് സർക്കാരുകളുടെ നയപ്രഖ്യാപനം വായിക്കുക എന്ന കർത്തവ്യമാണ് ഗവർണറിൽ നിക്ഷിപ്തമായിരിക്കുന്നത്. തമിഴ്‌നാട്ടിലാവട്ടെ ഗവർണർ ഒരു പടികൂടി കടന്ന് അതിൽ വെട്ടിത്തിരുത്തലുകൾ വരുത്തുകയും ചിലത് ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തു. എഴുതി നൽകിയതിൽ നിന്ന് ഗവർണർ വ്യതിചലിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്റ്റാലിൻ വിഷയം ചൂണ്ടിക്കാട്ടി എതിർപ്പ് അറിയിച്ചു.
ഗവർണർ കൂട്ടിച്ചേർത്തതെന്തോ അത് ഒഴിവാക്കണമെന്നും ഒഴിവാക്കിയത് നിലനിർത്തി സഭ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രമേയം കൊണ്ടുവന്ന് പാസാക്കുകയും ചെയ്തു. തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്നു എന്ന ഘട്ടത്തിൽ ഗവർണർ സഭ ബഹിഷ്‌കരിക്കുന്നതാണ് പിന്നീട് കണ്ടത്. തമിഴ്‌നാട്ടിലെ ഗവർണർ അതുചെയ്യും. ആർ.എൻ രവിയെക്കുറിച്ച് അതിലപ്പുറവും കേട്ടിട്ടുള്ളതുമാണ്. ഇവിടെ ചിന്തനീയമായ വിഷയം ഗവർണറുടെ നടപടിയാണ്.
കേന്ദ്രതലത്തിൽ രാഷ്ട്രപതിക്കുള്ളതിനു സമാനമായ അധികാരങ്ങളും ചുമതലകളുമാണ് ഗവർണർക്കുള്ളത്. സംസ്ഥാനത്തിന്റെ നിർവാഹകാധികാരിതന്നെ ഗവർണറാണ്. എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡിഷ്യൽ, സാമ്പത്തിക അധികാരങ്ങൾക്ക് പുറമെ പല കാര്യങ്ങളിലും വിവേചനാധികാരങ്ങളും ഗവർണർക്കുണ്ട്. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട് ഗവർണറുടെ ചെയ്തി വിവാദമായിരിക്കുന്നതും.
വർഷാദ്യം സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപനം നടത്തുന്നത് ഗവർണറാണ്. സർക്കാർ എഴുതി നൽകുന്നതാണ് ഗവർണർ വായിക്കുക. വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കുകയും തിരുത്തൽ വരുത്തിയ പുതിയ കോപ്പി വായിക്കുകയുമാണ് പതിവ്.നിയമസഭയുടെ അവിഭാജ്യ ഘടകമാണ് ഗവർണർ. സഭ സമ്മേളനങ്ങൾ വിളിക്കുന്നതും അവസാനിപ്പിക്കുന്നതും ഗവർണറുടെ അധികാരത്തിൽ പെടുന്നതാണ്. ഭരണഘടനയുടെ 176ാം വകുപ്പ് സഭയെ ഗവർണർ പ്രത്യേകം അഭിസംബോധന ചെയ്യുന്നതിനെ പറ്റി നിർവചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയായി മന്ത്രിസഭ രൂപീകരിക്കുമ്പോഴും എല്ലാ വർഷത്തിൻ്റെയും തുടക്കത്തിലും ഗവർണർ സഭയെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നാണ് വകുപ്പ് വിവക്ഷിക്കുന്നത്. എന്നാൽ, സഭ സമ്മേളിക്കുന്നതിനിടെ ഒരിക്കൽപ്പോലും അതിലിടപെടാൻ ഗവർണർക്ക് അധികാരം നൽകുന്നില്ല. സഭ സമ്മേളിക്കാൻ ഗവർണർക്ക് ആവശ്യപ്പെടാമെങ്കിലും സഭ കൂടിയതെന്തിനെന്ന് ചോദ്യം ചെയ്യാൻ അധികാരമില്ലതാനും. ഇതെല്ലാം അതതിന്റെ മര്യാദയിലും ക്രമത്തിലും നടക്കുന്നുണ്ട്. ഇവിടെ സർക്കാർ നൽകിയ നയപ്രഖ്യാപനം ഗവർണർക്ക് മാറ്റാൻ അധികാരമുണ്ടോ മാറ്റിയതും ഒഴിവാക്കിയതും കൂട്ടിച്ചേർത്തതും ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
തമിഴ്നാട്ടിലും സർക്കാർ എഴുതി നൽകിയത് ഗവർണർ വായിച്ചെങ്കിലും ചില ഭാഗങ്ങൾ ഒഴിവാക്കി. പ്രത്യേകിച്ച് ദ്രാവിഡ മോഡൽ ഭരണമെന്ന ഭാഗം ഒഴിവാക്കിയതാണ് സ്റ്റാലിന്റെ പ്രതിഷേധത്തിന്റെ മൂല കാരണം. ഗവർണർ വ്യതിചലിച്ചെന്ന് മനസിലാക്കിയ മുഖ്യമന്ത്രി, സഭ ഗവർണർക്ക് വായിക്കാൻ നൽകിയതുമാത്രം വായിച്ചാൽ മതിയെന്നും ഗവർണറുടേതെന്ന രീതിയിൽ വായിക്കപ്പെട്ടത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ഗവർണർ വായിച്ച നയപ്രഖ്യാപനത്തിനെതിരേ പ്രമേയവും പാസാക്കി. ഇതോടെയാണ് ഗവർണർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയത്.
ദ്രാവിഡ പ്രത്യയശാസ്ത്രം വിഭാഗീയതയാണെന്നും തമിഴ്‌നാട് എന്നത് ഇന്ത്യ എന്ന ഏക രാജ്യത്തിൽ നിന്ന് ഭിന്നമായ രാജ്യമാണെന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്നും അതിനാൽ തമിഴകം എന്നു മതിയെന്നുമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ വായിച്ചത്. ഇത് സർക്കാരിന്റെ നിലപാടിന് കടകവിരുദ്ധമായതിനാൽ അവർ എതിർത്തു. അതും പോരാഞ്ഞ് പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി എന്നിവരെ പരാമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ പൂർണമായും ഒഴിവാക്കി. തമിഴ് വികാരത്തെപ്പോലും തൊടുന്നതായി അത്. ഇതിനെതിരേ മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചതോടെയാണ് ദേശീയ ഗാനാലാപനത്തിനുപോലും നിൽക്കാതെ ഗവർണർ ആർ.എൻ രവി സഭ വിട്ടത്.
വായന സമ്പ്രദായം
ബ്രിട്ടനിൽ 1829ൽ കൊണ്ടുവന്ന സമ്പ്രദായപ്രകാരം സർക്കാർ എന്താണോ എഴുതി നൽകുന്നത് അത് മുഴുവൻ അക്ഷരംപ്രതി ഗവർണർ വായിക്കണം. കാബിനറ്റ് ഗവൺമെന്റ് എന്ന പുസ്തകത്തിൽ ഇവോർ ജെന്നിങ്‌സ് എന്ന ബ്രിട്ടിഷ് ഭരണഘടന നിയമവിദഗ്ധൻ പറഞ്ഞുവയ്ക്കുന്നത് സർക്കാർ വിഷയത്തിൽ രാജാവ് ഇടപെട്ട് വഷളാക്കരുതെന്നാണ്. രാജാവിനെ ഇവിടെ ഗവർണറായി വ്യാഖ്യാനിക്കാം. അതായത് നയപ്രഖ്യാപനത്തിൽ ഗവർണർ ഇടപെടരുതെന്ന്. ഇന്ത്യയിൽ 1966ൽ അന്തുൽ ഗഫൂർ ഹബീബുല്ല കേസിൽ കൊൽക്കത്ത ഹൈക്കോടതി പറഞ്ഞത് നയപ്രഖ്യാപനം നടത്താതെ ഗവർണർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം നിരാകരിക്കാനാവില്ലെന്നുമാണ്. ഇതൊക്കെ വച്ചുനോക്കുമ്പോൾ ഗവർണർ നയപ്രഖ്യാപനം നടത്തിയേ മതിയാവൂ എന്നുവരുന്നു.
എന്നാൽ, സർക്കാരിന്റെ പോളിസിക്ക് നിരക്കാത്തതെന്ന് തോന്നുന്ന ഭാഗം ഗവർണർക്ക് ഒഴിവാക്കാൻ അധികാരമുണ്ടെന്നും കോടതി തുടർന്നുപറയുന്നു. ഗവർണർക്ക് അത് വായിക്കാതിരിക്കാം. നടപ്പുരീതിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന രീതിയിലാണ് ഇതിനെ ഗവർണർ ഒഴിവാക്കുന്നത് എന്നാണ് കാണേണ്ടതെന്നും കോടതി പറഞ്ഞുവച്ചിട്ടുണ്ട്. ഇവിടെ ഗവർണർ വായിക്കാതെ ഒഴിവാക്കിയത് അദ്ദേഹത്തിൽ നിക്ഷിപ്തമായ നിയമ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. പ്രസക്തമല്ലെന്ന രീതിയിൽ ഒഴിവാക്കിയെന്ന പിടിവള്ളിയാണ് ഗവർണർ തൂങ്ങുന്നത്. തിരുത്തൽ വരുത്തുന്നത് മര്യാദക്കേടുതന്നെയാണുതാനും.
നയപ്രഖ്യാപനം മേശപ്പുറത്ത് വച്ച് ഗവർണർ സഭ വിടുന്നത് നിയമവിരുദ്ധമല്ലെന്നും കോടതികൾ പറയുന്നുണ്ട്. ക്രമമില്ലായ്മ എന്നാണ് ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഇവിടെ തമിഴ്‌നാട് ഗവർണർ സഭ ബഹിഷ്‌കരിച്ചത് ക്രമമില്ലായ്മ മാത്രമാണ്, നിയമവിരുദ്ധമല്ലെന്നാണ് കാണേണ്ടത്. അതുകൊണ്ടുതന്നെ തമിഴ്‌നാട് സഭയിലുണ്ടായ സംഭവങ്ങളെ ഭരണഘടനയുടെ 212 വകുപ്പ് പ്രകാരം ചോദ്യം ചെയ്യാപ്പെടാവുന്നതുമല്ല.
എങ്കിലും, തുടർന്നുവരുന്ന സംഹിതകളിൽ നിന്ന് വ്യതിചലിച്ചുള്ള ഗവർണറുടെ നീക്കവും ചെയ്തിയും ശരിയാണോ എന്ന ചോദ്യം ഇല്ലാതാകുന്നില്ല. തിരുത്തലുകൾക്കുശേഷമാണ് സർക്കാർ ഗവർണർക്ക് വായിക്കാനായി പ്രസംഗം നൽകുന്നത്. ഇതിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല.ഇവിടെ പ്രധാനമായും പരിശോധിക്കേണ്ട വസ്തുത അതുതന്നെയാണുതാനും.
ഗവർണർ നടത്തുന്ന നയപ്രഖ്യാപനത്തെ സഭ പാസാക്കുകയാണ് നടപടി ക്രമം. ഇവിടെ സ്റ്റാലിൻ പ്രമേയം കൊണ്ടുവന്ന് ഗവർണർ കൂട്ടിച്ചേർക്കൽ നടത്തിയതാണെങ്കിൽ പോലും നടത്തിയ പ്രസംഗത്തെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നുവേണം മനസിലാക്കാൻ. പകരം കൂട്ടിച്ചേർക്കാത്ത പ്രമേയം അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഗവർണറുടെ നയപ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ലെങ്കിൽ അത് അവിശ്വാസ പ്രമേയമായി മാറും. ഇതിന്റെ സാങ്കേതിക വശം അങ്ങനെയാണ്. ഫലത്തിൽ മുഖ്യമന്ത്രി പരാജയപ്പെടുന്നതിലേക്ക് ഗവർണർ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ശ്രമിച്ചു എന്നാണ് വിലയിരുത്തേണ്ടത്.
പക്ഷേ ഇത്തരത്തിൽ ഒരു സർക്കാരിനെ മറിച്ചിടാനുള്ള ഗവർണറുടെ നീക്കം നീതിരഹിതവും ജനാധിപത്യവിരുദ്ധവും അസാന്മാർഗികവുമാണ്. അതുകൊണ്ടുതന്നെ സർക്കാർ നൽകുന്ന പ്രസംഗം ഗവർണർ തിരുത്തേണ്ടതല്ലെന്ന് കാണാം. അതായത് സർക്കാരിനെ വീഴ് ത്താനായി തിരുത്തൽ വരുത്തുക എന്ന ജനാധിപത്യ വിരുദ്ധ കർമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനയോട് നീതി പുലർത്തേണ്ട രണ്ട് പോയിന്റുകളാണ്. ഇവരിരുവരും അന്യോന്യം ബഹുമാനിക്കുകയും സഹവർത്തിക്കുകയും വേണം. സഹിഷ്ണുത പുലർത്താൻ കഴിയുന്നില്ലെങ്കിൽ സർക്കാർ നടത്തിക്കൊണ്ടുപോകാനുള്ള നടപടിക്രമം ഇരുകക്ഷികളും പ്രാവർത്തികമാക്കേണ്ടതുണ്ട് താനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."