ക്രിക്കറ്റിൽ ഇനിയില്ല ഹാഷിം അംല; എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് താരം
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളുമായ ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തരക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റിൽ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാംപ്യൻഷിപ്പിൽ സറേയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഇതിൽ നിന്നുകൂടി വിരമിച്ചതോടെ രണ്ടുപതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറാണ് 39 കാരനായ അംല അവസാനിപ്പിച്ചത്.
നീണ്ട കരിയറിൽ എല്ലാ ഫോർമാറ്റിലുമായി 34,104 റൺസാണ് അംലയുടെ സമ്പാധ്യം. 2004- 2019 വരെ നീണ്ട ടെസ്റ്റ് കരിയറിൽ 124 മത്സരങ്ങളിൽ 46.64 ശരാശരിയിൽ 9,282 റൺസും നേടി. ടെസ്റ്റ് റൺവേട്ടയിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ഇതിഹാസ ഓൾറൗണ്ടർ ജാക് കാലിസ്(13,206 റൺസ്) മാത്രമേ അംലയ്ക്ക് മുന്നിലുള്ളൂ. ടെസ്റ്റിൽ അംല 28 സെഞ്ചുറികൾ നേടിയപ്പോൾ 2012ൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ പുറത്താകാതെ നേടിയ 311* ആണ് ഉയർന്ന സ്‌കോർ. ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറിയും ഇതാണ്.
181 ഏകദിനങ്ങളിൽ 49.46 ശരാശരിയിൽ 27 സെഞ്ചുറികളോടെ 8,113 റൺസും 44 രാജ്യാന്തര ട്വൻറി 20കളിൽ 33.60 ശരാശരിയിൽ 1277 റൺസും അംല നേടി. ഏറ്റവും വേഗത്തിൽ 25 ഏകദിന സെഞ്ചുറികൾ പൂർത്തിയാക്കിയതും അംലയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 48.55 ശരാശരിയിൽ 19,521 റൺസും സ്വന്തമാക്കി.
ഭാവിയിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് കോച്ചായി അംല എത്താനിടയുണ്ട്. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനായി കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."