കാടിറങ്ങി കാട്ടാനക്കൂട്ടം; തുരത്താനുള്ള ശ്രമം തുടര്‍ന്ന് വനംവകുപ്പ്
തൃശൂര്‍ പാരിപ്പള്ളി മേഖലയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. റബ്ബര്‍ തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പ്രത്യേക പരിശീലനം നേടിയ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മ്മസേനയെ പാലപ്പിള്ളിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
പാലപ്പിള്ളിയിലെ റബ്ബര്‍തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന അമ്പതോളംവരുന്ന കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ ശ്രമം ഇന്നലെയും തുടര്‍ന്നു. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് ആനകളെ തുരത്താന്‍ രംഗത്തുള്ളത്. ഞായറാഴ്ച രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം പാലപ്പിള്ളി സെന്ററിലും പരിസരത്തും നാശംവിതച്ചിരുന്നു.പിന്നീട് കൊച്ചിന്‍ മലബാറിന്റെ തോട്ടത്തിലേക്ക് കയറിയ ആനകള്‍ അവിടെത്തന്നെ തമ്പടിക്കുകയായിരുന്നു.
പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ ചിമ്മിനി ഡാമിന്റെ പരിസരത്തെ കാടുകളിലേക്ക് മാറ്റാനാണ് ശ്രമം. ഇതിനായി വിവിധ ഫോറസ്റ്റ് ഡിവിഷനുകളിലെ പരിചയസമ്പന്നരായ വാച്ചര്‍മാരെ എത്തിക്കുമെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടാന ഓടിച്ച് ഒരു തൊഴിലാളിയ്ക്ക് പരുക്കേറ്റിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് മേഖലയിൽ ആൾ സഞ്ചാരം കുറഞ്ഞതോടെയാണ് ആനകൾ കൂട്ടത്തോടെ തോട്ടങ്ങളിൽ തങ്ങാൻ തുടങ്ങിയത്. വനത്തോട് ചേർന്നുള്ള തോട്ടങ്ങളിൽ റീപ്ലാന്റ് ചെയ്യാൻ റബർ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. യഥാസമയം റീപ്ലാന്റ് ചെയ്യാതിരുന്നതോടെ അവിടെ അടിക്കാട് വളർന്നു. കാടിറങ്ങി വന്ന ആനകൾക്ക് ഇത് സമൃദ്ധമായ തീറ്റയായി.
ചില ആനകൾ ഇവിടെ പ്രസവിക്കുക കൂടി ചെയ്തതോടെ തോട്ടങ്ങൾ ആനകളുടെ ആവാസകേന്ദ്രമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."