കോർപറേഷനുകളിൽ ഉയർന്ന തസ്തികയിലെ വിരമിക്കൽ പ്രായം ഇനി 70
ബാസിത് ഹസൻ
തൊടുപുഴ
സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ, സ്വയംഭരണ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലെ ഉയർന്ന തസ്തികകളിലെ വിരമിക്കൽ പ്രായം ഇനി 70 വയസ്.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴികെയുള്ള മറ്റ് സ്വയംഭരണ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നിവയിലെ മാനേജിങ് ഡയരക്ടർ, സെക്രട്ടറി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ എന്നിവരുടെ ഉയർന്ന പ്രായപരിധിയാണ് 70 വയസാക്കി നിജപ്പെടുത്തി ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗൾ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ 16ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിരമിക്കൽ പ്രായം ഉയർത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡി, സി.ഇ.ഒ എന്നിവരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തിയിരുന്നു.
സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിൽ സഹകരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. വിവിധ കോർപറേഷനുകളുടെ തലപ്പത്തിരിക്കുന്ന വേണ്ടപ്പെട്ടവർക്കുവേണ്ടിയാണ് തിടുക്കത്തിലുള്ള ഉത്തരവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
യുവജന സംഘടനകളുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ ഫെബ്രുവരി 14നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് വിരമിക്കൽ പ്രായപരിധി ഉയർത്താൻ തത്വത്തിൽ തീരുമാനിച്ചത്.
തുടർന്ന് കഴിഞ്ഞ 16ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു.
വിഷയം വിവാദമാവാതിരിക്കാൻ നിയമസഭ അവസാനിക്കുന്ന 18നാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ ഉയർന്ന തസ്തികകളിൽ പുതിയ നിയമനാവസരം പാടെ നഷ്ടമാവും.
വിരമിക്കൽ പ്രായം 9 വർഷം മുതൽ 14 വർഷം വരെ ഉയർത്തിയതിനാൽ പ്രമോഷൻ സാധ്യത കുറയുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."