കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ വെടിവെപ്പ്; പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു
ജറൂസലം: പലസ്തീൻ - ഇസ്രായേൽ അശാന്തി തുടരുന്നു. ജറൂസലമിലെ ജൂത സിനഗോഗിനു സമീപമുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ നടന്ന വെടിവെപ്പിൽ പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. 13 വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെടിവെപ്പിൽ പരിക്കേറ്റ 47 വയസുള്ള പിതാവിനെയും 23 വയസുള്ള മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് 42 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കിഴക്കൻ ജറുസലം നഗരത്തിൽ പ്രാദേശിക സമയം രാത്രി 8.15ഓടെയായിരുന്നു ആക്രമണം. വ്യാഴാഴ്ച ഇസ്രായേൽ അധിനിവേശ സേന വൃദ്ധയടക്കം ഒമ്പത് ഫലസ്തീനികളെ കൊലപ്പെടുത്തി മണിക്കൂറുകൾ പിന്നിടുന്നതിനിടെയാണ് ഇസ്രായേലിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 21 കാരനാണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമിയെ സൈന്യം കൊലപ്പെടുത്തി. തനിച്ചെത്തിയ തോക്കുധാരി തുരുതുരെ വെടിവെക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ പരക്കെ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അൽ മഗാസി അഭയാർഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂൻ, വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലായി ഒമ്പത് ആക്രമണങ്ങൾ നടത്തിയിരുന്നു. .
പലസ്തീനിൽ നിന്ന് 1967ൽ ഇസ്രായേൽ പിടിച്ചടക്കിയ പ്രദേശമാണ് കിഴക്കൻ ജറുസലം. വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും പലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250ലേറെ പലസ്തീനികളാണ് ഇവിടെ കൊല്ലപ്പെട്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."