2006ല്‍ ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ 13മത്; ഗുജറാത്ത് കലാപംമൂലം മോദി ഒറ്റപ്പെട്ടപ്പോള്‍ കൂടെനിന്നു; അങ്ങിനെയാണ് അദാനി ലോകത്ത് രണ്ടാമത്തെ പണക്കാരനായത്
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അവഗണിക്കപ്പെടുന്നുവെന്ന സൂചനകൾക്കിടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങൾക്കായി വൻതോതിൽ പണമിറക്കിയ ഗൗതം അദാനി, പിന്നീട് നരേന്ദ്രമോദിയുടെ തണലിൽ ലോകത്തെ അതിസമ്പന്നനായി മാറിയത് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ. കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് റിലയൻസ് അടക്കമുള്ള വമ്പൻമാർ കാര്യമായി സംഭാവനനൽകിയിരുന്നില്ല. എന്നാൽ അദാനി പണമിറക്കി. കലാപം വീഴ്ത്തിയ ചോരയുടെ മണം ആറും മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ദേശീയതലത്തിലും, ആഗോളതലത്തിലും ഒറ്റപ്പെട്ടിട്ടും നരേന്ദ്രമോദി വിജയിച്ചു.
നാടകീയതകൾ നിറഞ്ഞതാണ് അദാനിയുടെ ജീവിതം. 1981ൽ തന്റെ 19ാം വയസ്സിൽ ബോംബെയിൽ നിന്ന് മടങ്ങി സഹോദരനൊപ്പം തുടങ്ങിയ പ്ലാസ്റ്റിക് ബിസിനസ് ആണ് അദാനിയുടെ ആദ്യ സംരംഭം. 1998ൽ ചരക്കുകൈമാറ്റ മേഖലയിൽ പ്രവേശിച്ചു. അടുത്തവർഷം ടേൺ ഓവർ 2.2 കോടി രൂപ. മുന്ദ്രയിൽ കാർഗിലും അദാനിയും സംയുക്തമായി ഉപ്പുകയറ്റുമതി സംരംഭം തുടങ്ങി. 1997 ആയപ്പോഴേക്കും ടേൺ ഓവർ 150 കോടി. മുന്ദ്ര ഏറ്റവും വലിയ സ്വകാര്യ തുറമുഖമായതോടെ 2002ൽ അദാനിയുടെ മൊത്തം ആസ്തി 3,300 കോടി രൂപയായി വർധിച്ചു.
അപ്പോഴേക്കും ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് സംസ്ഥാനത്ത് അധികാരമാറ്റം സംഭവിക്കുകയും നരേന്ദ്രമോദി മുഖ്യമന്ത്രിയാവുകയും ചെയ്തു. അടുത്തവർഷം മുസ്ലിംകളെ ലക്ഷ്യംവച്ചുള്ള കലാപവും നടന്നു. കലാപത്തിന്റെ ഇമേജിൽ നിന്ന് വ്യവസായ ഭരണാധികാരി എന്ന ഇമേജ് നരേന്ദ്രമോദിക്ക് ലഭിക്കുന്നതിനായുള്ള അദാനിയുടെ ഇടപെടലായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ. അതിന്റെ പ്രതിഫലമായി വൻതോതിൽ വായ്പയും നികുതി കുറയ്ക്കലും അദാനിക്ക് ലഭിച്ചു.
ഗുജറാത്ത് കലാപം ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മോദിയുടെ ഇമേജിന് പരിക്കേൽപ്പിക്കുമെന്ന് ഉറപ്പായ സന്ദർഭങ്ങളിലാണ് അദാനിയെന്ന കൗശലക്കാരന്റെ കണ്ണ് ഉടക്കിയത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മോദിക്ക് വിസവിലക്കേർപ്പെടുത്തുകയും 'രാജധർമം' പാലിച്ചില്ലെന്ന് അടൽ ബിഹാരി വാജ്‌പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികൾ മോദിനേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്തുവന്ന ഘട്ടത്തിൽ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിയുകയായിരുന്നു അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യൻ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വർഗീയ വിഭജനത്തിന്റെ രക്തക്കറകളിൽ നിന്ന് ഉയർച്ച കണ്ടെത്തിയ ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് എന്ന വിശേഷണം അദാനിക്ക് മാത്രമാണ്.
പ്രതിസന്ധിഘട്ടത്തിൽ കൂടെനിന്ന അദാനിയെ മോദി കൈയഴിഞ്ഞ് സഹായിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലിരുന്ന 2001 മുതൽ 2014 വരെയുള്ള കാലയളവ് അദാനിയുടെ ബിസിനസ് വളർച്ചയുടെ തുടക്കകാലം കൂടിയായിരുന്നു. അദാനിയുടെ വിപണി മൂലധനം 73ദശലക്ഷം ഡോളറിൽ (2002) നിന്ന് 7.8 ബില്യൺ ഡോളറിലേക്ക് (2014) കുതിച്ചുയർന്നു. 2014ൽ മോദി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെ എതിരില്ലാത്ത വിധത്തിൽ അദാനിയുടെ കുതിപ്പ് പിന്നീട് ഇരട്ടിവേഗതയിലും ആയി. ഇന്ത്യയിൽ റിലയൻസിനെയും പിന്തള്ളി ആഗോളതലത്തിൽ കോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്തും എത്തി.
മുഖ്യമന്ത്രിയായതോടെ മോദിയുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ച അദാനി, മോദിയുടെ വിശ്വസ്ത അനുയായി ആവുകയും അദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലും വിദേശത്തും വ്യക്തിഗത പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. കലാപം നടക്കുമ്പോൾ നോക്കിനിന്ന ഭരണാധികാരിയെന്ന ഇമേജിൽനിന്ന് വ്യവസായ സൗഹൃദ ഭരണാധികാരിയെന്ന ഇമേജിലേക്ക് മോദിയെ പരിവർത്തിപ്പിച്ചെടുക്കുന്നതിലും അദാനി വിജയിച്ചു.
ഗുജറാത്തിലെ വളരെ സുപ്രധാന ഇടപാടുകളും അദാനിക്ക് ലഭിക്കുന്നതിന് മോദി ഇടപെട്ടു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത്, എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചു പടിഞ്ഞാറൻ തീരത്തെ മുന്ദ്രയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമഖമം നിർമ്മിക്കുന്നതിനായി നിസാര വിലക്ക് (ചതുശ്ര മീറ്ററിന് ഒരു രൂപ മുതൽ 16 രൂപ വരെ) ധാരാളം ഭൂമി അദാനി ഗ്രൂപ്പിന് കൈമാറുകയത് ഒരുചെറിയ ഉദാഹരണം.
തുറമുഖ, കൽക്കരി, ഊർജമേഖലകളിലാണ് ഏവരെയും അമ്പരിപ്പിക്കുന്ന അദാനിയുടെ വളർച്ച. 2000 ന്റെ തുടക്കത്തിൽ രാജ്യത്തെ അതിസമ്പന്നരുടെ കൂട്ടത്തിൽ ആരുമല്ലാതിരുന്നു ആദാനി. 2006ൽ ഇന്ത്യയുടെ 40 സമ്പന്നരിൽ 13 മനായിരുന്നു അദാനി. ആകെ സ്വത്ത് 30,150 കോടി രൂപ. 2014 മെയിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിയുടെ വളർച്ച പൊടുന്നനെയായി. 2014ന്റെ അവസാന മൂന്നുമാസം നേടിയത് 550.8 ശതമാനം വളർച്ച. ഈ കാലയളവിൽ മാത്രം കമ്പനിയുടെ ലാഭം 120.75 കോടി. തൊട്ടുമുമ്പുള്ളവർഷം 42.74 കോടി നഷ്ടത്തിലായിരുന്നപ്പോഴാണിത്. 2015 മെയ് 27ലെ കണക്കുപ്രകാരം ആസ്തി 51,600 കോടി രൂപയായിരുന്നു. അതായത് അരലക്ഷം കോടി രൂപയ്ക്കടുത്ത്. എന്നാൽ ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം പത്തുലക്ഷം കോടി രൂപയുടെ ആസ്തിയാണ് അദാനിക്കുള്ളത്. ബാങ്കുവായ്പകളും സർക്കാർ സഹായവും യഥേഷ്ടം ലഭിച്ചതാണ് അദാനിക്ക് സഹാകരമായത്.
ഇന്നിപ്പോൾ ഏറ്റവും പുതിയ കണക്ക് പ്രകാരം ലോക അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുന്നു അദാനി. ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫ് ബെസോസിനെയും പിന്തള്ളിയാണ് അദാനി ഫോബ്‌സ് പുറത്തിറക്കുന്ന പട്ടികയിൽ രണ്ടാമതെത്തിയത്. 154.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാമത് ആസ്തി 273.5 ബില്യൺ ഡോളർ. ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയാണ് അതിസമ്പന്നപ്പട്ടികയിൽ ആദ്യ പത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."