എസ്.എസ്.എൽ.സി പരീക്ഷക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം
ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇന്നു മുതൽ ഏപ്രിൽ 29 വരെയാണ് പരീക്ഷ. കേരളത്തിനകത്തുള്ള 2,943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2,014 വിദ്യാർഥികൾ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി. കെ. എം. എം. എച്ച് .എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കേന്ദ്രം. മലയാളം മീഡിയത്തിൽ 1,91,787 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 പേരും തമിഴ് മീഡിയത്തിൽ 2,151 പേരും കന്നട മീഡിയത്തിൽ 1,457 പേരും പരീക്ഷ എഴുതും. ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരീക്ഷയുടെ നടത്തിപ്പിനായി 2,961 ചീഫ് സൂപ്രണ്ടുമാരെയും 2,976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും നിയോഗിച്ചിട്ടുണ്ട്.
പരീക്ഷാനടപടികൾ കുറ്റമറ്റരീതിയിൽ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, പരീക്ഷാ ഭവൻ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."