ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ഞായറാഴ്ചകളില്‍ ഫ്രീകാള്‍
മലപ്പുറം: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് രാജ്യത്ത് ഏത് സേവനദാതാക്കളുടെയും മൊബൈല്‍ ഫോണുകളിലേക്കും ലാന്ഡ്ലൈനിലേക്കും നാളെ മുതല്‍ ഞായറാഴ്ചകളില്‍ പരിധിയില്ലാതെ വിളിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്നതായി ജനറല്‍ മാനേജര്‍ എ.എസ് സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാത്രി ഒന്‍പതു മുതല്‍ ഏഴു വരെ നിലവിലുള്ള സൗജന്യ സമയം കണക്കാക്കുമ്പോള്‍ ആഴ്ചയില്‍ പകുതി സമയവും ബിഎസ്എന്‍എല്‍ ലാന്ഡ്ഫോണ് സൗജന്യമാണ്. വരിക്കാരെ ആകര്‍ഷിക്കുന്നതിനായി പ്രതിമാസം 49 രൂപക്ക് ലാന്ഡ്ഫോണ് കണക്ഷന് ലഭ്യമാണ്. ഈ പദ്ധതിയില്‍ ആദ്യത്തെ ആറു മാസം 49 രൂപയാണ് ഈടാക്കുന്നത്. അതിനു ശേഷം ഉപഭോക്താവിന് ജനറല്‍ പ്ലാനുകളിലേക്ക് മാറാവുന്നതാണ്. ഞായറാഴ്ചകളിലേയും രാത്രിയിലുമുള്ള സൗജന്യ വിളികള്‍ ഈ കണക്ഷനുകളിലും ലഭ്യമാണ്. ഈ കണക്ഷനില്‍ ഇന്സ്റ്റലേഷന് ചാര്‍ജ്ജ് ഒഴിവാക്കുകയും ഒരു ബിഎസ്എന്‍എല്‍ മൊബൈല്‍ സിംകാര്‍ഡ് സൗജന്യമായി ലഭിക്കുകയും ചെയ്യും. ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ഏറ്റവും കുറഞ്ഞ വേഗത 512 കെബിപിഎസില്‍ നിന്ന് ഒരു എംബിപിഎസ് നല്കുന്ന ഒരേയൊരു സേവനദാതാവാണ് ബിഎസ്എന്‍എല്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യനാലുമാസം കൊണ്ടു തന്നെ നമ്പര്‍ പോര്‍ട്ടബിലിറ്റി വഴി ജില്ലയില്‍ 4036 പേര് ബിഎസ്എന്‍എല്‍ വിട്ട് പോയപ്പോള്‍ 14052 പേരാണ് ബിഎസ്എന്‍എലിലേക്ക് മറ്റു സേവദാതാക്കളില് നിന്ന് എത്തിയത്. ഈ നേട്ടത്തിനു പിന്നില്‍ ത്രിജി ടവറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും പുതിയതായി അവതരിപ്പിച്ച് സ്റ്റുഡന്റ് സ്പെഷ്യല്‍ പ്ലാന്‍, ലാന്‍ഡ് ഫോണിലേക്ക് സൗജന്യ കോള്‍ ഫോര്‍വേഡിംഗ്, ഏറ്റവും കുറഞ്ഞ ഡാറ്റതാരിഫ് എന്നീ സൗകര്യങ്ങളുമാണെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."