ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായി രാജിവയ്ക്കുമെന്ന് അഭ്യൂഹം
ഇസ്‌ലാമാബാദ്
ഭരണസഖ്യത്തിലെ പ്രമുഖ പാർട്ടിയായ എം.ക്യു.എം-പി പ്രതിപക്ഷവുമായി ധാരണയിലെത്തിയതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നില പരുങ്ങലിലായി.
മൂന്നാം തീയതി അവിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്റെ രാഷ്ട്രീയ ഭാവിക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവങ്ങൾ അരങ്ങേറുന്നത്.
പ്രതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിർന്ന എം.ക്യു.എം-പി നേതാവ് ഫൈസൽ സബ്‌സ്വാരി സ്ഥിരീകരിച്ചു. എം.ക്യു.എം-പി പി.പി.പിയുമായി ധാരണയായതോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാക് പാർലമെന്റിന്റെ അധോസഭയിൽ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.സാമ്പത്തിക ദുർവിനിയോഗവും വിദേശനയത്തിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇമ്രാനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
342 അംഗ പാക് ദേശീയ അസംബ്ലിയിൽ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ 172 അംഗങ്ങളുടെ പിന്തുണയാണ് പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടത്. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018ൽ അധികാരത്തിലേറിയത്. ഇമ്രാന്റെ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിക്ക് 155 എം.പിമാരാണുള്ളത്.
എം.ക്യു.എം-പി പിന്തുണ പിൻവലിച്ചതോടെ ഇമ്രാന്റെ പാർട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്.
ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.അതേസമയം പാർട്ടി എം.പിമാരോട് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ നിർദേശിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. രഹസ്യമായി പ്രതിപക്ഷത്തിന് അംഗങ്ങൾ വോട്ടുചെയ്യുന്നത് തടയാനാണിത്.
അതിനിടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ഇമ്രാൻ അവസാന നിമിഷം അതിൽ നിന്ന് പിന്മാറി.
അദ്ദേഹം ഏതു നിമിഷവും രാജി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പാക് ജനത.
അതിനിടെ ഇമ്രാൻ ഖാൻ സർക്കാരിന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് ഉടൻ പുതിയ പ്രധാനമന്ത്രിയാകുമെന്നും പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം ചേർന്ന എം.ക്യു.എം-പിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം ഇമ്രാൻ ഖാൻ രാജിവയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുന്ന കളിക്കാരനാണ് അദ്ദേഹമെന്നും മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."