കുണ്ടന്നൂര്‍ വെടിക്കെട്ടപകടം: പരുക്കേറ്റയാള്‍ മരിച്ചു
തൃശൂര്‍: കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. പുക ഉയരുന്നത് കണ്ട് ഓടിയെത്തി വെള്ളം ഒഴിച്ചുകെടുത്താന്‍ ശ്രമിച്ച മണികണ്ഠന് ഇന്നലെ ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മണികണ്ഠന് ഇന്നാണ് മരണപ്പെട്ടത്.
വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. എന്നാല്‍, പുക ഉയരുന്നത് കണ്ട് മണികണ്ഠന് ഓടിയെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ സമീപത്ത് എത്താതിരുന്നതിനാല്‍ രക്ഷപ്പെട്ടു.
അപകടത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന് അന്വേഷിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ വലിയ പ്രകമ്പനം ഉണ്ടായി. സമീപത്തെ വീടുകള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു.
അപകടത്തിനു പിന്നാലെ ലൈസന്‍സിയെയും സ്ഥലമുടമയെയും കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈസന്‍സി ശ്രീനിവാസന്, സ്ഥലമുടമ സുന്ദരേശന് എന്നിവരെയാണ് വടക്കാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തത്. ഫോറന്‍സിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."