കെജ്‌രിവാളിന്റെ വീടിനുനേരെ യുവമോർച്ച ആക്രമണം
ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. തുടർന്ന് പൊലിസും പ്രവർത്തകരും ഏറ്റുമുട്ടി. കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് എ.എ.പി ആരോപിച്ചു. ദി കശ്മിർ ഫയൽസിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. കശ്മിരിലെ ഹിന്ദു കൂട്ടക്കൊലയെ കെജ്‌രിവാൾ പരിഹസിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിനു പിന്നാലെ മുതിർന്ന എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രി കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. എ.എ.പിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതിലെ രോഷമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് സാന്നിധ്യത്തിൽ ബി.ജെ.പി ഗുണ്ടകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന എ.എ.പി നേതാക്കളെല്ലാം പൊലിസും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തി. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും എ.എ.പി-പൊലിസ് അനാസ്ഥയുടെ തെളിവായി പുറത്തുവിട്ടു. ബി.ജെ.പി പതാകയുമായാണ് ഒരു സംഘം മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചത്. മതിൽ ചാടിക്കടക്കാനും ബാരിക്കേഡുകൾ തകർക്കാനും ശ്രമമുണ്ടായി. വസ്തുവകകൾ തകർക്കുകയും ഗേറ്റിൽ കാവി നിറം പൂശുകയും ചെയ്തു.
70 പേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ നിയമ നടപടി തുടരുമെന്ന് പൊലിസ് പറഞ്ഞു. പൊലിസ് നൽകുന്ന വിശദീകരണ പ്രകാരം 200 ഓളം ബി.ജെ.പി, യുവമോർച്ച പ്രവർത്തകരാണ് രാവിലെ 11.30ഓടെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കശ്മിർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുട്യൂബിലൂടെ സിനിമ നൽകിക്കൂടെയെന്നും എല്ലാവർക്കും സൗജന്യമായി കാണാമായിരുന്നല്ലോയെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."