ചൈന ഇന്ത്യക്കും ലോകത്തിനും പ്രധാന വെല്ലുവിളിയെന്ന് യുഎസ്
വാഷിങ്ടണ്‍: ചൈന ഇന്ത്യക്കും ലോകത്തിനും പ്രധാന വെല്ലുവിളിയാണെന്നതിനാല്‍ പ്രതിരോധ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ ഇന്ത്യ-അമേരിക്ക ആശയവിനിമയം വളരെ പ്രധാനമാണെന്ന് യു.എസിന്റെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വൈറ്റ് ഹൗസില്‍ ജെയ്ക് സള്ളിവന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഇതിനു ശേഷമാണ് സള്ളിവന്‍ മാധ്യമങ്ങളെ കണ്ടത്.
പ്രതിരോധ, ഇന്റലിജന്‍സ് മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരസ്പരം പ്രയോജനപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. തന്ത്രപരവും വാണിജ്യപരവും ശാസ്ത്രീയവുമായ സമീപനങ്ങള്‍ പങ്കുവയ്ക്കുന്നതിനും പരസ്പര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണിത്. ഇതിനായി ഇനീഷ്യേറ്റീവ് ഓന്‍ ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജീസ് അഥവാ ഐ.സി.ഇ.ടിക്ക് കഴിഞ്ഞ വര്‍ഷം രൂപംനല്‍കിയിരുന്നു.
ടോക്കിയോവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഐ.സി.ഇ.ടി ആരംഭിക്കാന്‍ തീരുമാനിച്ചത്. ചൈനയ്‌ക്കെതിരായ സാങ്കേതിക വികസനം ജോ ബൈഡന്‍ ഭരണകൂടം വളരെ പ്രധാനമായി കാണുന്നു.
ചൈനയുമായുള്ള ഭൗമ-രാഷ്ട്രീയ മത്സരത്തിന്റെ പശ്ചാത്തലം ഇപ്പോള്‍ ഒരു ദശാബ്ദത്തിലേറെയായി യുഎസ്-ഇന്ത്യ ബന്ധത്തിന്റെ സവിശേഷതയാണെന്ന് സള്ളിവന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഉയര്‍ച്ചയെക്കുറിച്ചും ആ ഉയര്‍ച്ചയില്‍ പങ്കാളിയാകാനുള്ള അമേരിക്കയുടെ ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് യു.എസിന്റെ ഇന്തോ-പസഫിക് തന്ത്രത്തിന്റെ പ്രയോജനകരവും അനിവാര്യവുമായ ഭാഗമാണെന്ന് കരുതുന്നതായും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."