ആറടി പൊക്കവും ആയിരം കിലോ ഭാരവും; ഏറ്റവും വലിയ പോത്ത് കൗതുകമാകുന്നു
കൊല്ലം: അറവുശാലയില്‍ നിന്നും ജീവിതം തിരിച്ചുകിട്ടിയ ഷുക്കൂറിനിന്ന് വയസ് നാലും ആറടി പൊക്കവും ആയിരം കിലോ ഭാരവും. രാജാപ്പാര്‍ട്ടില്‍ കണ്ണിലുണ്ണിയായിട്ടാണ് ഷുക്കൂറിന്റെ ഓരോദിനവും. ഷുക്കൂറും യജമാനന്‍ ഇക്ബാലും തമ്മില്‍ പൂര്‍വജന്മ ബന്ധമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിമുക്ക് ചകിരിക്കട നെടിയഴികത്ത് വീട്ടില്‍ ഇഖ്ബാലിന്റെ വീട്ടിലെ ഒരംഗം കൂടിയായ ഷുക്കൂര്‍ കൊല്ലം ജില്ലയിലെ ഏറ്റവും വലിയ മുറ പോത്തുമാണ്. മൂന്ന് മാസം പ്രായം ഉള്ളപ്പോള്‍ അറുക്കാന്‍ വേണ്ടി തട്ടാമലയില്‍ നിന്നും വാങ്ങിയതായിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്റെ വളര്‍ച്ച തിരിച്ചറിഞ്ഞ ഇക്ബാല്‍ തല്‍ക്കാലം തീരുമാനം മാറ്റി.
നെടിയഴികത്ത് ഷുക്കൂറെന്നു പേരുമിട്ടു വീട്ടിലൊരംഗമായി ഇക്ബാല്‍ അവനെ കൂടെ കൂട്ടി.പിന്നീടങ്ങോട്ട് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അവന്റെ വളര്‍ച്ച. ഇന്നിപ്പോള്‍ ഷുക്കൂര്‍ ശരിക്കും ഒരു പോത്ത് രാജാവാണ്.പക്ഷെ രാജാവിന്റെ കുറുമ്പിനും പ്രത്യേകതകള്‍ ഉണ്ട്.തനിക്ക് ആഹാരം തരുന്ന പാത്രത്തില്‍ ഇഖ്ബാല്‍ വളര്‍ത്തുന്ന മറ്റു പോത്ത്കള്‍ക്കു ആഹാരം കൊടുക്കാന്‍ ഷുക്കൂര്‍ സമ്മതിക്കില്ല.തനിക്കായി കൊണ്ടു വരുന്ന കാടിവെള്ളത്തില്‍ കൈയിട്ടു കലക്കാനോ താന്‍ ഒരിക്കല്‍ കുടിച്ചതിന്റെ ബാക്കി കുടിക്കുവാനോ തയാറല്ല. കഴിച്ചു തീരുന്നതുവരെ, അല്ലെങ്കില്‍ കാടി കുടിച്ചു തീരുന്നതുവരെ അടുത്ത് നിന്നു ആരെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ പിന്നെ ഷുക്കൂറിന് ദേഷ്യമാണ്.
ഒരു ആനയെ മേയ്ക്കുന്ന ചെലവും പരിപാലനവുമാണ് ഷുക്കൂറിനു വേണ്ടതെന്നു ഇഖ്ബാല്‍ പറയുന്നു. സീസണില്‍ ഒരു ടണ്‍ ആപ്പിള്‍ ഷുക്കൂര്‍ അകത്താക്കും. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ പരുത്തിപ്പിണ്ണാക്ക് കലക്കി നല്‍കും. പിന്നെ ഉഴുന്ന് തൊലി,പച്ചക്കായ ത്തൊലി,ആപ്പിള്‍, തണ്ണിമത്തന്‍, ഏത്തപ്പഴം,മുന്തിരി തുടങ്ങിയവ കൃത്യമായി എത്തിക്കണം. ദിവസം 700 രൂപയ്ക്ക് മുകളിലാണ് ചെലവ്. ഒപ്പം എല്ലാ വര്‍ഷവും കര്‍ക്കടക മാസത്തില്‍ ആയുര്‍വേദ ചികിത്സകളും യഥാവിധി നല്‍കുന്നുണ്ട്.
അറുക്കാനും എക്‌സിബിഷനുകള്‍ക്ക് കൊണ്ടുപോകാനും പലരും വന്നു മോഹ വിലകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇഖ്ബാല്‍ പറഞ്ഞു. പക്ഷേ എത്ര മോഹവില തരാമെന്നു പറഞ്ഞാലും എന്തു ബാധ്യത വന്നാലും ഷുക്കൂറിനെ ഒരിക്കലും വില്‍ക്കില്ലെന്ന വാശിയിലാണ് ഇഖ്ബാല്‍. മിക്ക ദിവസവും വൈകുന്നേരങ്ങളില്‍ ഷുക്കൂറിനെ എണ്ണതേച്ച് മിനുക്കി കാവല്‍പ്പുര മുതല്‍ പള്ളിമുക്ക് വരെ നടത്തിക്കുന്നത് പതിവാണ്. ഷുക്കൂറിനെ കാണാനായി ഇരുവശങ്ങളിലും കടകളിലും റോഡില്‍ക്കൂടി പോകുന്ന വണ്ടികളുംവരെ കാത്തു നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ഇഖ്ബാല്‍ ഇല്ലാത്തപ്പോള്‍ ഇളയ മകനായ ഉത്തയ്ബാണ് ഷുക്കൂറിന്റെ കാര്യങ്ങള്‍ നോക്കുന്നത്. മൂത്ത മകന്‍ ഹസ്രജിനും ഭാര്യ സബ്‌നയ്ക്കും ഷുക്കൂര്‍ വീട്ടിലെ ഒരംഗത്തെ പോലെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."