മരണം 8000 കവിഞ്ഞു; മരണ താഴ് വരയായി തുർക്കി- സിറിയൻ അതിർത്തികൾ
ഇസ്തംബുൾ: സിറിയൻ- തുർക്കി അതിർത്തിപ്രദേശങ്ങളിലുണ്ടായ തുടർച്ചയായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞു. പതിനായിരങ്ങളാണ് പരുക്കേറ്റ് ആശുപത്രികളിലുള്ളത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെ മരണസംഖ്യ ഇരട്ടിയായി ഉയരുമെന്നാണ് അധികൃതർ പറയുന്നത്.
തുർക്കിയിൽ മാത്രം ആറായിരത്തോളം മരണം സ്ഥിരീകരിച്ചു; 20000ൽ അധികം പേർക്കു പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. മരണം 20,000 വരെ ഉയർന്നേക്കുമെന്നാണു നിഗമനം.
കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.
തുർക്കി അധികൃതരുടെ കണക്കുപ്രകാരം 3 ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിൽ 5775 കെട്ടിടങ്ങളാണു തകർന്നത്. ഇതിൽ ചരിത്രപ്രാധാന്യമുള്ള പൗരാണികകെട്ടിടങ്ങളും ഉൾപ്പെടുന്നു. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."