കൊവിഡ് രണ്ടാം തരംഗം: കോഴിക്കോട് കൂടുതല്‍ നിയന്ത്രണം; ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരം കടന്നതോടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും. ഇവിടങ്ങളില്‍ നിന്ന് മറ്റ് വാര്‍ഡുകളിലേക്കുള്ള യാത്ര നിരോധിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസൗകര്യങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. പോസറ്റിവിറ്റി നിരക്ക് നിലവില്‍ 22 ദശാംശം 67 ശതമാനമാണ്. കൊവിഡ് നിരക്ക് ജില്ലയില്‍ ഇനിയും കൂടുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പ്രാദേശികതലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയിലെ എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ നടത്തിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കും.
കൊവിഡ് പരിശോധന കൂട്ടാന്‍ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
ആഴ്ചയില്‍ കോര്‍പറേഷന്‍ പരിധിയില്‍ 25 ഉം മുന്‍സിപ്പാലിറ്റികളില്‍ നാലും പഞ്ചായത്തുകളില്‍ രണ്ടും കുത്തിവെപ്പ് കേന്ദ്രങ്ങള്‍ ഒരുക്കാനും കളലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ഇതുവരെ 421202 പേര്‍ക്ക് ഒന്നാംഘട്ട കുത്തിവെപ്പും 60434 പേര്‍ക്ക് രണ്ടാഘട്ട കുത്തിവെപ്പും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."