HOME
DETAILS
MAL
ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം
backup
April 20 2021 | 04:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തില്‍ ടാക്‌സികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ രണ്ടു തവണ വാക്‌സിനേഷന്‍ സ്വീകരിച്ചവരിലും വൈറസ് പടരുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ വേഗത്തില്‍ പടരുന്ന ഡബിള്‍ മ്യൂട്ടന്റ് കൊവിഡ് വൈറസ് കേരളത്തില്‍ വ്യാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
- കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്ന സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ കണ്ടെത്തിയാല്‍ അവ നിശ്ചിത ദിവസങ്ങള്‍ അടച്ചിടാന്‍ പൊലിസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ നടപടിയെടുക്കും.
- കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊവിഡുമായി ബന്ധപ്പെട്ട അവശ്യജോലികള്‍ക്ക് കലക്ടര്‍മാര്‍ക്ക് നിയോഗിക്കാവുന്നതാണ്.
- സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റും ഒത്തുചേരലുകളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ.
- ആരാധനാലയങ്ങളില്‍ ആരാധനകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം
- 21, 22 തിയതികളില്‍ മൂന്നു ലക്ഷം ആളുകളെ കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ ലക്ഷ്യമിട്ട് രണ്ടാമത്തെ മാസ് ടെസ്റ്റിങ് ക്യാംപയിന്‍ നടത്തുവാന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.
- ജില്ലാതല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലാ, നഗര അതിര്‍ത്തികളില്‍ പ്രവേശനത്തിനായി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാന്‍ പാടുള്ളതല്ല.
- ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവരെ ടെസ്റ്റ് ചെയ്യുന്നതിനും ആരോഗ്യവകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണം.
- കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട നിലവിലെ നയം ചര്‍ച്ച ചെയ്തു മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശം.
- ടെസ്റ്റിങ് ഡാറ്റ സുഗമവും സമയബന്ധിതവുമായി അപ്‌ലോഡുചെയ്യുന്നതിനായി കൊവിഡ് വെബ്‌പോര്‍ട്ടലുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് നടപടിയെടുക്കണം.
- സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍, ടെസ്റ്റിങ് സാമഗ്രികള്‍, അവശ്യ മരുന്നുകള്‍, കിടക്കകള്‍ മുതലായവയുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം.
- നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആഘോഷങ്ങളോ ആളുകളുടെ തിരക്കുകളോ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."