പാറക്കടവ് ടൗണിലും പുഴയിലും മാലിന്യനിക്ഷേപം രൂക്ഷം
പാറക്കടവ്: ടൗണിലും പുഴയിലും മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. ടൗണിലെ കച്ചവടക്കാരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു മാലിന്യം നിക്ഷേപിക്കാന്‍ താമസസ്ഥലങ്ങളിലോ മറ്റോ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ പുഴയോരത്താണു മാലിന്യം നിക്ഷേപിക്കുന്നത്. രാവിലെയും രാത്രിനേരങ്ങളിലും പുഴയോരത്തു പ്രാഥമിക കാര്യങ്ങള്‍ നിര്‍ഹിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാരില്‍ ചിലരും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
ടൗണിലെ ഓടകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതു കാരണം മഴ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു മലിനമാകുകയാണ്. റോഡില്‍ വാഹനങ്ങള്‍ തട്ടി ചാകുന്ന നായകളെയും പൂച്ചകളെയും പുഴയില്‍ തള്ളുന്നതു പതിവു കാഴ്ചയാണ്. നിരവധി തവണ പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ബോധവല്‍ക്കരണം നടത്താനും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
അതിനിടെ, ടൗണിലെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര തീരുമാനം കൈക്കൊള്ളാന്‍ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു തീരുമാനമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ ടൗണില്‍ മാലിന്യം തള്ളുന്നതു തടയാന്‍ പൊലിസ് രാത്രികാല പട്രോളിങ് നടത്തണമെന്നും പുഴയോരങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."