ചെറുതുരുത്തി യതീംഖാനയുടെ അഞ്ചേക്കര്‍ വഖ്ഫ് ഭൂമി കലാമണ്ഡലത്തിന് കൈമാറാന്‍ നീക്കം; തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം
കോഴിക്കോട്: തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കര്‍ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധമുയരുന്നു. ഈമാസം ഒന്നിന് വഖ്ഫ് മന്ത്രി വി.അബ്ദുറഹിമാന്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വഖ്ഫ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റുന്നതിനു വേണ്ടിയാണ് സ്ഥലം വിട്ടുനല്‍കുന്നത്. ബന്ധപ്പെട്ട വഖ്ഫ് സ്ഥാപനമോ വഖഫ് ബോര്‍ഡോ അറിയാതെയാണ് നിലവിലുള്ള കേന്ദ്ര വഖ്ഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ എതിര്‍പ്പുയരുന്നുണ്ട്.
1978 മെയ് 12ന് മുസ്ലിംകളുടെ മതപരവും ധാര്‍മികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോയാമു ഹാജി എഴുതിക്കൊടുത്ത വള്ളത്തോള്‍ നഗറിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വഖ്ഫ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ നടപടി. കലാമണ്ഡലത്തോട് ചേര്‍ന്നു കിടക്കുന്നതാണ് യതീംഖാനയുടെ ഈ ഭൂമി. ഇത് ഏറ്റെടുത്ത് പകരം യതീംഖാനയോടു ചേര്‍ന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഈ വാഗ്ദാനം നടപ്പാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. യതീംഖാനയ്ക്ക് സമീപത്തുള്ള സ്വകാര്യ സ്ഥലം ഏറ്റെടുക്കല്‍ എളുപ്പമല്ല. ഇക്കാര്യത്തില്‍ വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ യതീംഖാന അധികൃതരെ അറിയിക്കുകയോ ചെയ്യാതെയാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടായത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ച്ചയായി നടക്കുന്ന വഖ്ഫ് ഭൂമി അന്യാധീനപ്പെടലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഫാറൂഖ് കോളജിന് അവകാശപ്പെട്ട എറണാകുളത്തെ ചെറായി ബീച്ചിലെ 404.76 ഏക്കര്‍ ഭൂമി കൈയേറിയവര്‍ക്ക് നികുതി അടയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി ഹൈക്കോടതി ഇത് തടഞ്ഞിരുന്നു.
1950ല്‍ ഇടപ്പള്ളി സബ്ബ് റജിസ്റ്റാര്‍ ഓഫിസില്‍ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും വിദ്യഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത സ്ഥലമാണ് കോര്‍പറേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പില്‍ എ.കെ കുഞ്ഞിമായിന്‍ ഹാജിയുടെ കുടുംബം വഖഫ് ചെയ്ത സ്ഥലം നഷ്ടപ്പെടുത്താന്‍ വഖ്ഫ് ബോര്‍ഡിന്റെ അനുമതിയോടെ നീക്കങ്ങള്‍ നടക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച 500 ഏക്കര്‍ ഭൂമിയാണ് പാലാപ്പറമ്പില്‍ വഖ്ഫ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കൈകാര്യം ചെയ്യുന്നത്.
കാസര്‍കോട് എം.ഐ.സി വക ഭൂമി കൊവിഡ് ആശുപത്രിക്ക് ടാറ്റയ്ക്കുവേണ്ടി ഏറ്റെടുത്തത് വഖ്ഫ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അധികാരമേറ്റയുടനെ അന്യാധീന വഖ്ഫുകള്‍ തിരിച്ച് പിടിക്കുമെന്ന് ആവേശ പ്രഖ്യാപനം നടത്തിയ മന്ത്രിയുടെ കാര്‍മികത്വത്തിലുള്ള ചെറുതുരുത്തി വഖ്ഫ് കൊള്ളയില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് ബോര്‍ഡ് അംഗങ്ങളായ പി.വി.അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ഹാജി, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."