ഗോള്‍ഡന്‍ ത്രെഡ്‌സും കെ.എസ്.ഇ.ബിയും കെപിഎല്‍ ഫൈനലില്‍
കൊച്ചി/കോഴിക്കോട്: ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയും, കെഎസ്ഇബിയും രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍. ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സെമിയില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ സാറ്റ് തിരൂരിനെ തോല്‍പ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടന്ന സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബാസ്‌കോ ഒതുക്കുങ്ങലിനെ 21നാണ് കെഎസ്ഇബി അട്ടിമറിച്ചത്. കെഎസഇബിയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ഞായറാഴ്ച വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടിലാണ് കിരീടപ്പോരാട്ടം.
19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല. ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി സി.എം മനോബിന്റെ മികച്ച പ്രകടനവും സാറ്റിന്റ തോല്‍വിക്ക് വഴിയൊരുക്കി. ഇത് നാലാം തവണയാണ് സാറ്റ് തിരൂര്‍ കെപിഎല്‍ സെമിയില്‍ തോല്‍ക്കുന്നത്. സാറ്റിന്റെ കാമറൂണ്‍ താരം ഹെര്‍മന്‍ കളിയിലെ താരമായി. കനത്ത മഴക്കൊപ്പമായിരുന്നു താരങ്ങള്‍ രണ്ടാം പകുതി മുഴുവന്‍ കളിച്ചത്.
മൈതാന പരിചയം മുതലെടുത്ത് കളിതുടക്കത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നേറി. ഇസ്ഹാഖ് നുഹുവിന്റെ രണ്ടു ശ്രമങ്ങളും ഗോളിയെ പരീക്ഷിക്കാന്‍ മതിയായില്ല. സാറ്റിന് ലഭിച്ച ഒരുതുറന്ന അവസരം ഗോളിയും പ്രതിരോധവും കോര്‍ണറിന് വഴങ്ങി തടഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടുകോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുന്നിലെത്താന്‍ സാറ്റിനായില്ല. അവര്‍ പതിയെ പന്തില്‍ താളം കണ്ടെത്തി. കളി ത്രെഡ്‌സിന്റെ പകുതിയിലേക്ക് മാറി. പക്ഷേ സാറ്റിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കുറവായിരുന്നു. ഗോള്‍ഡന്‍ ത്രെഡ്‌സ് ലോങ്‌ബോളുകള്‍ പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ത്രെഡ്‌സ് തിരൂരിന്റെ പ്രതിരോധക്കോട്ട പൊളിച്ചു മുന്നേറി.
മൈതാനമധ്യത്തില്‍ നിന്ന് ഇടതുവിങിലേക്കെത്തിയ പന്ത് ഹരിശങ്കര്‍ ബോക്‌സിലേക്ക് ക്രോസ് ചെയ്തു. പോസ്റ്റിന്റെ ഇടതുഭാഗത്ത് തൊട്ടുമുന്നിലായി നിന്ന ഇസ്ഹാഖ് നുഹു കടുത്ത പ്രതിരോധത്തിനിടയില്‍ നിന്ന് ഷോട്ടുതിര്‍ത്തു. പ്രതിരോധത്തില്‍ തട്ടിയ പന്ത് ഒത്തറാസിയിലേക്ക്. ഐവറിതാരത്തിന്റെ ബൈസിക്കിള്‍ കിക്ക് ഗോളിക്ക് ഒരു അവസരവും നല്‍കാതെ വലയിലെത്തി.
കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."