HOME
DETAILS

കേരളം കടക്കെണിയിലേക്കോ?

  
backup
April 08 2022 | 19:04 PM

45634562-2022-april

ഡോ. എൻ.പി അബ്ദുൽ അസീസ്


കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക വിദഗ്ധരിലും രാഷ്ട്രീയക്കാരിലും പൊതുജനങ്ങൾക്കിടയിലുമുള്ള ചർച്ചാവിഷയമാണ് കേരളത്തിന്റെ സാമ്പത്തികാരോഗ്യം. സംസ്ഥാനത്തിൻ്റെ പൊതുകടം റോക്കറ്റ് വേഗതയിൽ കുതിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന ഈ പൊതുകടവും റവന്യൂ ധനക്കമ്മിയിലെ കുത്തനെയുള്ള വർധനവുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. സംസ്ഥാനത്തിന്റെ സ്തംഭനാവസ്ഥയിലായ വരുമാനവും കുതിച്ചുയരുന്ന ചെലവുകളുമാണ് ഇതിന്റെ പ്രധാന കാരണം. കേരളത്തിന്റെ പൊതുകടം ഇപ്പോൾ നാലു ലക്ഷം കോടിയിലേക്ക് കടക്കുകയാണ്. അതായത് ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിലാണുള്ളത്. കൊവിഡും തൽഫലമായുണ്ടായ ലോക്ക്ഡൗണും കാരണം നികുതി വരുമാനത്തിൽ കുറവ് സംഭവിക്കുകയും ജി.എസ്.ടി നഷ്ടപരിഹാരം നിലക്കുകയും ചെലവ് വർധിക്കുകയും ചെയ്തതോടെ സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കേരളത്തിന്റെ ധനകാര്യം പോയ്‌ക്കൊണ്ടിരിക്കുന്നത്.


സംസ്ഥാനത്തിന്റെ പൊതുകടം 2021-22 സാമ്പത്തിക വർഷത്തിൽ 3.27 ലക്ഷം കോടി രൂപയായിരുന്നു. ഇത് മൊത്ത ആഭ്യന്തരസംസ്ഥാന ഉൽപ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 37.39 ശതമാനമാണ്. എന്നാൽ, 2022 മാർച്ച് മാസത്തിൽ കടം 3.33 ലക്ഷം കോടിയായി ഉയർന്നു. പുതിയ ബജറ്റിലെ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ കടം 3.71 ലക്ഷം കോടിയായി ഉയരുകയും ചെയ്യും. സംസ്ഥാനത്തിന്റെ കടത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള വായ്പകൾ, ആഭ്യന്തര കടങ്ങൾ, അഡ്വാൻസുകൾ, ചെറുകിട സമ്പാദ്യത്തിന്റെയും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെയും ബാധ്യതകൾ എന്നിവയാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ധനക്കമ്മി നികത്താനായി സംസ്ഥാനം ചെറുകിട സമ്പാദ്യങ്ങളെയും പ്രൊവിഡന്റ് ഫണ്ടുകളെയും വിപണി വായ്പകളെയുമാണ് പ്രധാനമായും ആശ്രയിച്ചത്.


2011ൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 0.78 ലക്ഷം കോടി രൂപയായാണെങ്കിൽ 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ അതു 1.57 ലക്ഷം കോടി രൂപയായി. എന്നാൽ, 2021ൽ രണ്ടാം എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ അത് 3.27 ലക്ഷം കോടി രൂപയായി ഉയർന്നു. 2011-16 കാലയളവിൽ പ്രതിമാസം 1000 കോടിയോളം രൂപയാണ് കടമെടുത്തത്. 2016-21 കാലത്ത് അത് 2000 കോടി രൂപയായും കൊവിഡ് കാലയളവിൽ അത് 3000 കോടി രൂപയായും വർധിച്ചു. 2011ലെ കേരളത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വ നിയമം (എഫ്.ആർ.ബി.എം) അനുസരിച്ച്, സുസ്ഥിരമായ കടം എന്നത് ജി.എസ്.ഡി.പിയുടെ 23 ശതമാനമായാണ് കണക്കാക്കുന്നത്. എന്നാൽ 2013-14 ഓടെ അത് ഈ പരിധിയും മറികടന്നു. അതിനുശേഷം സംസ്ഥാനകടം കുതിച്ചുയരുന്ന പ്രവണതയിലാണുള്ളത്.


കടക്കെണിയിൽ കുരുങ്ങി മുങ്ങിത്താഴുമ്പോഴും കടം വാങ്ങാനുള്ള പുതിയ സ്രോതസ്സുകളെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുകളിൽ പറഞ്ഞ കടങ്ങൾക്കെല്ലാം പുറമെയാണ് സർക്കാർ കിഫ്ബിയിലൂടെയും സാമൂഹിക സുരക്ഷാപദ്ധതിയിലൂടെയും വീണ്ടും കടമെടുക്കുന്നത്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കടമെടുക്കുന്നതിന് പരിധിയുണ്ട്. അതിനെ മറികടക്കാൻ സർക്കാർ ഉപയോഗിച്ച കുറുക്കുവഴികളാണ് കിഫ്ബിയും മറ്റു സുരക്ഷാപദ്ധതികളും. ഇതിനും പുറമെയാണ് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി കോടികൾ വിദേശവായ്പ സ്വീകരിക്കാനുള്ള തീരുമാനം. വായ്പയെടുത്ത പണത്തിൽ നിന്ന് വരുമാനം ലഭിച്ചാൽ മാത്രമേ നമുക്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനർഥം പണം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയണം എന്നാണ്. സിൽവർ ലൈൻ ലാഭകരമായി മാറുന്നതുവരെ വായ്പകൾ വായ്പയായി തന്നെ തുടരുകയും കടം വർധിക്കുകയും ചെയ്യും. സമീപഭാവിയിലൊന്നും പദ്ധതി ലാഭകരമാകുമെന്ന് സിൽവർ ലൈനിനെ അനുകൂലിക്കുന്നവർ പോലും വിശ്വസിക്കുന്നില്ല.


ജപ്പാൻ ഇന്റർനാഷണൽ കോ-ഓപറേഷൻ ഏജൻസിയിൽനിന്നും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽനിന്നും വായ്പയെടുത്ത് സിൽവർ ലൈൻ പദ്ധതി പൂർത്തീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. കൂടാതെ പലിശ നിരക്ക് വളരെ കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇതിൽ മറഞ്ഞിരിക്കുന്ന ചെലവുകൾ സർക്കാർ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. വായ്പ രൂപയിലല്ല, മറിച്ച് ഡോളറിലാണ് നൽകേണ്ടത്. വർത്തമാനകാല ട്രെൻഡുകൾ പരിഗണിച്ചാൽ പത്തുവർഷത്തിനുള്ളിൽ ഡോളറിന്റെ മൂല്യം വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ, ഭാവിയിൽ വലിയ തുക തിരിച്ചടവായി നൽകേണ്ടിവരും.ഏതുവിധത്തിലായാലും സിൽവർ ലൈൻ കേരളത്തെ കടക്കെണിയിലേക്ക് നയിക്കുകതന്നെ ചെയ്യും.


കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കേരളത്തിൻ്റെ കടങ്ങൾ നിയന്ത്രിതമാണോ? എന്തെല്ലാം അപകടാവസ്ഥകളാണ് ഇതിൽ മറഞ്ഞിരിക്കുന്നത്? എന്നിങ്ങനെയുള്ള സ്വാഭാവിക ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. കടം വാങ്ങിയ പണം വരുമാനം ഉണ്ടാക്കുന്ന എന്തെങ്കിലും മാർഗത്തിൽ ഉപയോഗിക്കണം എന്നുള്ളതാണ് പ്രധാനം. അല്ലെങ്കിൽ സർക്കാരിന് മറ്റുവരുമാന മാർഗങ്ങളിൽനിന്നുമായി തിരിച്ചുപിടിക്കാൻ കഴിയണം. അല്ലാത്തപക്ഷം അതൊരു നിയന്ത്രിത കടമാവില്ല. നിയന്ത്രിത കടം എന്നത് തിരിച്ചടവ് ഉൾപ്പെടെ കടം വീട്ടാനുള്ള ഗവൺമെന്റിന്റെ കഴിവാണ്. കടമെടുത്ത ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യക്ഷമതയും അധികവിഭവ ഉൽപ്പാദനം വഴി അതിന്റെ ബാധ്യത നിറവേറ്റാനുള്ള സംസ്ഥാനത്തിന്റെ ശേഷിയും നിയന്ത്രിത കടത്തിന്റെ പ്രധാന നിർണായകങ്ങളാണ്. ഉയർന്ന വരുമാനം നൽകുന്ന പ്രോജക്റ്റുകളിൽ വായ്പയെടുത്ത് നിക്ഷേപിക്കുന്ന രീതിയാണ് നല്ല കടം. അത്തരം സന്ദർഭങ്ങളിൽ കടം വാങ്ങുന്നതിനുള്ള ചെലവിനെക്കാൾ വരുമാനം വർധിക്കുകയും തിരിച്ചടക്കാനുള്ള ശേഷിയുണ്ടാവുകയും ചെയ്യും.
പക്ഷേ, കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ റവന്യൂ കമ്മിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരം ഭയാനകമാംവിധം വലുതാണ്. പത്തു വർഷങ്ങൾക്കുമുമ്പ് ഇത് 19 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 48 ശതമാനമായി ഉയർന്നിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ 100 രൂപ ചെലവഴിക്കുമ്പോൾ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 52 രൂപ മാത്രമാണ് ലഭിക്കുന്നത്. ബാക്കിയുള്ളത് കടം വാങ്ങിയാണ് നൽകുന്നത്. കടം വാങ്ങുന്നത് പ്രശ്‌നമല്ലെന്ന നിരീക്ഷണം പല വിദഗ്ധരും നൽകിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ അത് ശരിയുമാണ്. മാത്രമല്ല, ഇന്ത്യയിൽ കേരളത്തെക്കാൾ കൂടുതൽ കടമുള്ള സംസ്ഥാനങ്ങളുമുണ്ട്. 2019-20ലെ ലഭ്യമായ കണക്കനുസരിച്ച് ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ബംഗാൾ, ഹിമാചൽപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളുടെ പൊതുകടം കേരളത്തെക്കാൾ കൂടുതലാണ്. അതുപോലെ വികസിതരാജ്യങ്ങളുടെ പൊതുകടവും ദേശീയ വരുമാനവും തമ്മിലുള്ള അനുപാതം വളരെ ഉയർന്ന നിരക്കിലാണുള്ളത്. ഐ.എം.എഫിന്റെ രേഖകൾ പ്രകാരം, പൊതുകടം- ജി.ഡി.പി അനുപാതത്തിൽ ജപ്പാനാണ് (237.54%) ഒന്നാം സ്ഥാനത്തുള്ളത്. ഇത് ഇറ്റലിയിൽ 133.43 ശതമാനവും യു.എസിൽ 106.7 ശതമാനവുമാണ്. ഇതേ സൂചികയിൽ ഇന്ത്യയുടെ അനുപാതം 70 ശതമാനവുമാണ്. അതിനാൽ, കേരളത്തിന്റെ അനുപാതമായ 37.39 ശതമാനം താരതമ്യേനെ അത്ര വലിയ കടബാധ്യതയല്ല എന്നു പറഞ്ഞു വാദിക്കുന്നവരുമുണ്ട്.


ദൗർഭാഗ്യവശാൽ, സമീപകാലത്ത് സംസ്ഥാനം മൂലധനച്ചെലവിനല്ല ഈ വായ്പകൾ വിനിയോഗിക്കുന്നത്. മറിച്ച് ശമ്പളം, പെൻഷൻ തുടങ്ങി ദൈനംദിന റവന്യൂ ചെലവുകൾക്കും സേവനങ്ങൾക്കും വേണ്ടിയാണ് കേരളം കടമെടുക്കുന്നതിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഈ വായ്പകൾ ന്യായമായ ഉൽപാദന, വരുമാന മാർഗങ്ങളിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സംസ്ഥാനവും കൂടുതൽ കടക്കെണിയിൽ അകപ്പെട്ടേക്കും. ഈ കെണിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ ഒരു നേതാക്കളും പാർട്ടികളും മുന്നോട്ടുവരണമെന്നില്ല. ആത്യന്തികമായി, പെട്രോളിനും ഡീസലിനും ഭൂമിയുടെ രജിസ്‌ട്രേഷനും മദ്യത്തിനും മറ്റുമായി ഉയർന്ന നികുതി ചുമത്തി കൂടുതൽ പണം നൽകാൻ സാധാരണക്കാർ നിർബന്ധിതരാകും. ഇത് സാധന-സേവനങ്ങളുടെ വില കൂടുന്നതിനും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതിനും കാരണമാകും.


ശ്രീലങ്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പല സൂചകങ്ങളിലും ശ്രീലങ്കയും കേരളവും തമ്മിൽ ശ്രദ്ധേയമായ സമാനതകളുണ്ട്. ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി വൻതോതിൽ കടമെടുത്തതിന്റെ വീഴ്ചയാണ് ഇപ്പോഴുള്ള പ്രതിസന്ധിയുടെ പല കാരണങ്ങളിലൊന്ന്. ശ്രീലങ്ക സ്വതന്ത്ര രാജ്യമാണെങ്കിൽ കേരളം ഒരു സംസ്ഥാനം മാത്രമാണ്. എന്നിരുന്നാലും ശ്രീലങ്കൻ പ്രതിസന്ധിയുടെ മൂലകാരണങ്ങൾ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലും ഉണ്ടെന്ന വസ്തുത കണക്കിലെടുത്ത് ഒരുപാട് പഠിക്കേണ്ടതുണ്ട്. അതിനാൽ, സംസ്ഥാനം എല്ലാ മേഖലകളിലും ചെലവ് ചുരുക്കി പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago