നമ്പര്‍ പ്ലേറ്റില്‍ തൊടുമ്പോള്‍ സൂക്ഷിക്കുക, പിന്നാലെ പണിവരും
കോട്ടയം: എ.ഐ കാമറ വാഹനപരിശോധനയില്‍ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയാല്‍ ആര്‍.സി (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ കാമറ വാഹനപരിശോധനയിലാണ് വ്യാപക കൃത്രിമം ബോധ്യപ്പെട്ടത്. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ശിക്ഷാനടപടികള്‍
മറ്റുള്ള വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാല്‍ ആര്‍.സി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത് പൊലിസ് കേസെടുക്കും.
നമ്പര്‍പ്ലേറ്റ് ഇല്ലെങ്കില്‍ വാഹനത്തിന്റെ ആര്‍.സി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടിവരും.
2019 ഏപ്രില്‍ ഒന്നിനുശേഷം നിര്‍മിച്ച വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റിയശേഷം അനധികൃത നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും.
നമ്പര്‍പ്ലേറ്റ് മടക്കിവച്ചാല്‍ ആറുമാസത്തേക്ക് ആര്‍.സി സസ്പെന്‍ഡ് ചെയ്യും. നമ്പര്‍പ്ലേറ്റ് മറച്ചാല്‍ ആറുമാസം ആര്‍.സി സസ്പെന്‍ഷന്‍.
നിയമലംഘനം കണ്ടെത്താന്‍
വ്യാജ നമ്പര്‍പ്ലേറ്റ്, അക്കങ്ങള്‍ വ്യക്തമല്ലാതിരിക്കല്‍, നമ്പര്‍ മറച്ചുവെക്കല്‍, മടക്കിവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി എടുക്കുക.
നമ്പര്‍ പ്ലേറ്റാണ് ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ സഹായിക്കുന്നത്. ഇതിലെ കൃത്രിമം കാരണം വണ്ടി കാമറയില്‍ പതിഞ്ഞാലും നടപടിയെടുക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."