അവസാന പന്തുവരെ ആവേശം വിക്കറ്റ് കാക്കാനാവാതെ തലതാഴ്ത്തി മടക്കം കഴിഞ്ഞ 36 മണിക്കൂറിനുള്ളിലെ സംഭവവികാസങ്ങൾ
ഇസ്‌ലാമാബാദ്
മാർച്ച് എട്ടിനാണ് അവിശ്വാസപ്രമേയം സംയുക്ത പ്രതിപക്ഷം പാക് ദേശീയസഭയിൽ വച്ചത്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം പ്രമേയത്തിൻമേൽ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി. പി.ടി.ഐയിൽ നിന്ന് 24 എം.പിമാർ കൂറുമാറിയതിനാൽ പ്രമേയം വിജയിക്കുമെന്ന് ഉറപ്പായതോടെ വിദേശഗൂഢാലോചന ചൂണ്ടിക്കാട്ടി ഭരണഘടനാവിരുദ്ധമെന്നാരോപിച്ച് പ്രമേയം തള്ളി.
പിന്നാലെ ദേശീയസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനൊരുങ്ങാനും ഇമ്രാൻഖാൻ അഭ്യർഥിച്ചു. പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചു. ശനിയാഴ്ച രാവിലെ 10.30ന് വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു വ്യാഴാഴ്ച സുപ്രിംകോടതി ഉത്തരവിട്ടത്. ഇതുപ്രകാരമാണ് അന്ന് രാവിലെ ദേശീയസഭ സമ്മേളിച്ചത്. ഒരേസമയം നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ മണിക്കൂറുകളായിരുന്നു ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാത്രിവരെയുള്ള 36 മണിക്കൂർ.
ശനിയാഴ്ച പകൽ
10.30: ദേശീയഗാനവും പ്രാർഥനയും ആമുഖമായി ചൊല്ലി ദേശീയസഭ ചേർന്നു.
10.45: ഭരണപക്ഷത്തിന്റെ ബഹളം മൂലം സഭ തടസ്സപ്പെടുന്നു.
ഉച്ചയ്ക്ക് 12.30: സഭ വീണ്ടും ചേരുന്നു. വോട്ടെടുപ്പ് വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പി.ടി.ഐ അംഗങ്ങളുടെ സുദീർഘമായ പ്രസംഗം. വീണ്ടും തടസ്സപ്പെടുന്നു.
2.30: സഭാനടപടികൾ പുനരാരംഭിക്കുന്നു. കൂറുമാറിയവരെ വോട്ടുചെയ്യാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം. സഭാനടപടികൾ ഇഫ്താർ കഴിഞ്ഞ് എട്ടുമണിയിലേക്ക് നീട്ടിവച്ചു.
രാത്രി
8.00: സഭ വീണ്ടും ചേരുന്നു. വോട്ടെടുപ്പ് നീളുന്നതിനാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷ മുന്നറിയിപ്പ്. പിന്നാലെ നിയമനടപടികൾക്ക് തുടക്കമിടാനുള്ള പ്രതിപക്ഷ ആലോചന. ഇശാ നിസ്‌കാര ശേഷം സഭ പുനരാരംഭിക്കുമെന്ന് അറിയിപ്പ്.
9.00: ഇമ്രാൻഖാന്റെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭായോഗം. പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം
10.00: രാത്രി 12 മണിക്ക് സുപ്രിംകോടതി തുറക്കാൻ ചീഫ് ജസ്റ്റിസിന്റെ നിർദേശം
11.00: കോടതി കടുത്ത നടപടി സ്വീകരിച്ചതോടെ തിരക്കിട്ട നീക്കങ്ങൾ. 12.30ന് വോട്ടെടുപ്പ് തുടങ്ങുമെന്ന് അറിയിച്ചു.
11.30: സ്പീക്കറും െഡപ്യൂട്ടി സ്പീക്കറും രാജിവച്ചു
11.45: പാക് ഉദ്യോഗസ്ഥരാരും അനുവാദമില്ലാതെ രാജ്യംവിടരുതെന്ന് ഉത്തരവ്
12.00: പാക് ദേശീയസഭയ്ക്ക് ചുറ്റും വൻ സൈനികവിന്യാസം.
12.30: വോട്ടെടുപ്പിനായി സഭ ചേരുന്നു
12.45: വോട്ടെടുപ്പ് തുടങ്ങി. പി.ടി.ഐ അംഗങ്ങൾ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി
1.30: ഔദ്യോഗിക ഫലപ്രഖ്യാപനം. 342 അംഗ ദേശീയ സഭയിൽ പ്രമേയത്തെ അനുകൂലിച്ച് 174 പേർ വോട്ടുചെയ്തു.
3.00: നടപടികൾ പൂർത്തിയാക്കി പാക് ദേശീയ സഭ പിരിഞ്ഞു
ഇന്നലെ പകൽ
2.00: പി.എം.എൽ(എൻ) നേതാവ് ഷഹബാസ് ഷരീഫിനെ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാർഥിയായി തിരഞ്ഞെടുത്തു
3.00: ഷാ മഹ്മൂദ് ഖുറേഷിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പി.ടി.ഐ തെരഞ്ഞെടുക്കുന്നു
3.50: ഷഹബാസ് ഷരീഫും ഷാ മഹ്മൂദ് ഖുറേഷിയും നാമനിർദേശം സമർപ്പിച്ചു
4.30: ഇമ്രാൻഖാൻ അടിയന്തര പി.ടി.ഐ യോഗം വിളിച്ചു
4.45: ഷഹബാസിന്റെ നാമനിർദേശത്തിലെ പ്രശ്‌നങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ രാജിവയ്ക്കാൻ പി.ടി.ഐ എം.പിമാരുടെ തീരുമാനം.
5.30: അറ്റോർണി ജനറൽ ഖാലിദ് ജാവേദ് രാജിവച്ചു
രാത്രി
8.00: പി.ടി.ഐ പാർലമെന്ററി പാർട്ടി യോഗം തുടങ്ങി
8.30: പാർട്ടി എം.പിമാരെല്ലാം ഇന്ന് രാജിവയ്ക്കാൻ പി.ടി.ഐ യോഗത്തിൽ തീരുമാനം
9.00: ഷഹബാസിനെ പിന്തുണയ്ക്കാൻ പി.പി.പി തീരുമാനിച്ചതായി ബിലാവൽ ഭൂട്ടോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."