ചെണ്ടക്കാരനും ഒട്ടകവും
പേര്‍ഷ്യയിലെ കര്‍ഷകര്‍ വിളകള്‍ തിന്നാന്‍ വരുന്ന പക്ഷികളെയും ചെറുമൃഗങ്ങളെയും ആട്ടിയോടിക്കുന്നതിന് തങ്ങളുടെ മക്കളെ ചെണ്ട കൊട്ടാന്‍ പഠിപ്പിക്കുമായിരുന്നു. ചെറിയ കുട്ടികള്‍ പാടത്തിരുന്ന് രാവും പകലും പൂതി കെടുന്നതുവരെ ചെണ്ടകൊട്ടിയിരിക്കും. അവര്‍ക്കതൊരു രസമാണ്. ചെണ്ട പൊക്കാന്‍ മാത്രം വലുതായിട്ടുള്ള കുട്ടികള്‍ വരെ ചെണ്ട കൊട്ടും. അവരില്‍ ഒരുത്തന്‍ എപ്പോഴും ചെണ്ട കൊട്ടിക്കൊണ്ടിരുന്നു. ചെണ്ടയുടെ ഒച്ച അവന് വലിയ ഇഷ്ടമായിരുന്നു. അതുകേട്ട് പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്നത് കണ്ട് അവന്‍ ആഹ്ലാദിച്ചു.
യുദ്ധപ്രിയനായ സുല്‍ത്താന്‍ മഹ്മൂദ് ഈ ചെണ്ടക്കാരന്‍ പയ്യന്റെ കുടുംബവയലിനു സമീപം തന്റെ സൈന്യവുമായി എത്തി. സൈന്യം അവിടെ തമ്പടിച്ചു. അവര്‍ കൊണ്ടുവന്ന യുദ്ധസാമഗ്രികളുടെ കൂട്ടത്തില്‍ കൂറ്റന്‍ ബാന്റ് വഹിക്കുന്ന ഒരൊട്ടകവും ഉണ്ടായിരുന്നു. യുദ്ധവേളയില്‍ പട്ടാളത്തിലെ ബാന്റ് സംഘം കൊട്ടിക്കൊണ്ടിരുന്നത് ഈ കൂറ്റന്‍ ബാന്റ് ആണ്. അതിന്റെ ഒച്ച നിരന്തരം കേട്ട് ഒട്ടകത്തിന്റെ കര്‍ണപുടം പൊട്ടിപ്പോയിരുന്നു.
ഒരു ശബ്ദവും ഒട്ടകം കേള്‍ക്കില്ല. സുല്‍ത്താന്റെ സൈന്യം ഒട്ടകത്തെ കെട്ടഴിച്ച് മേയാന്‍ വിട്ടു. പച്ചപ്പുല്ല് തിന്നു തിന്ന് ഒട്ടകം ചെണ്ട കൊട്ടുന്ന പയ്യന്റെ കുടുംബം വകയുള്ള കൃഷി സ്ഥലത്തെത്തി. അതുവരെ തിന്നിട്ടില്ലാത്ത രുചികരമായ ഇലകള്‍ തിന്ന് ഒട്ടകം കൃഷിയിടത്തില്‍ സന്തോഷത്തോടെ മേഞ്ഞുനടന്നു.
രാവിലെ പതിവുപോലെ പാടത്ത് എത്തിയ കുട്ടി കാണുന്നത് വിളയെല്ലാം തിന്നുനശിപ്പിക്കുന്ന ഒട്ടകത്തെയാണ്. അവന്‍ ചെണ്ട കൊട്ടാന്‍ തുടങ്ങി. എത്രനേരം കൊട്ടിയിട്ടും ഒട്ടകത്തിന് ഒരു ഭാവഭേദവുമില്ല. പരിസരത്തുള്ള ആളുകള്‍ക്ക് ഈ ചെണ്ടയൊച്ച വലിയ ശല്യമായിത്തീരുകയും ചെയ്തു.
എന്താണു സംഭവിക്കുന്നത് എന്നറിയാന്‍ കുട്ടിയുടെ അയല്‍പക്കത്ത് താമസിക്കുന്ന ഒരാള്‍ പാടത്തേക്ക് വന്നു. ബാന്റുമായി നടന്നു മേയുന്ന ഒട്ടകത്തെയും ചെണ്ട കൊട്ടിയിരിക്കുന്ന കുട്ടിയെയും കണ്ടപ്പോള്‍ അയാള്‍ക്ക് സംഗതിയുടെ കിടപ്പ് മനസിലായി. അയല്‍വാസി കുട്ടിയുടെ അടുത്തേക്ക് നടന്നുചെന്ന് പതുക്കെ അവന്റെ തോളില്‍ സ്പര്‍ശിച്ചു. 'മകനെ, ഒട്ടകത്തെ ഓടിക്കാനാണോ നീ ചെണ്ട കൊട്ടുന്നത്?'- അയാള്‍ ചോദിച്ചു.
കുട്ടി അതെ എന്ന അര്‍ഥത്തില്‍ തലയാട്ടി. 'ഈ ഒട്ടകം പട്ടാളത്തിന്റേതാണ് എന്ന് നിനക്കറിയില്ലേ?'- അയാള്‍ ചോദിച്ചു.
കുട്ടി വീണ്ടും തലയാട്ടി ചെണ്ട കൊട്ട് തുടര്‍ന്നു. 'ഒട്ടകപ്പുറത്തുള്ള കൂറ്റന്‍ ബാന്റ് നീ കണ്ടില്ലേ?'- അയാള്‍ തന്റെ കൈ രണ്ടും വിടര്‍ത്തി വലിപ്പം കാണിച്ച ശേഷം തുടര്‍ന്നു: 'ഇത്രേം വലിയ ബാന്റിന്റെ ശബ്ദം കേട്ട് കേട്ട് ചെവി പൊട്ടിപ്പോയ ഒട്ടകമാണത്. നിന്റെ ഈ ചെറിയ ചെണ്ടയുടെ ശബ്ദം അതു കേള്‍ക്കുകയില്ല. പക്ഷികളെയും മുയലുകളെയും ഓടിക്കാനേ അതു പറ്റൂ.'
തന്റെ പ്രവര്‍ത്തിയുടെ നിരര്‍ഥകത മനസിലാക്കി കുട്ടി ചെണ്ട കൊട്ടുന്നത് നിര്‍ത്തി. ആളുകള്‍ക്ക് ധൈര്യമായി അവരുടെ പ്രവര്‍ത്തികളില്‍ മുഴുകാന്‍ സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."