ഏകാന്തത
1. അമ്മ
വെളുപ്പിന് എത്ര നേരത്തെ എഴുന്നേറ്റാലും രാത്രി എത്ര വൈകി കിടന്നാലും അടുക്കളയില്‍ വെളിച്ചം അണക്കാതെ എപ്പോഴും നമ്മെ തോല്‍പ്പിക്കാനായി നേരത്തെ എഴുന്നേറ്റു നേരം വൈകി കിടക്കുന്നൊരാളുണ്ട്. അതത്രെ അമ്മ.
2. എന്റെ മിടുക്ക്
ഞാന്‍ മിടുക്കനാണ് എന്നെനിക്കറിയാം. എന്നേക്കാള്‍ മിടുക്കുള്ളവര്‍ക്കടുത്തു പോകുമ്പോള്‍ ഞാന്‍ പുറകിലേക്കാകുന്നു. ലോകതത്വം അതാണെന്ന് ഉള്‍ക്കൊള്ളുന്നിടത്താണ് എന്നിലെ ശാന്തിയും സമാധാനവും കുടികൊള്ളുന്നത് എന്ന് ഞാന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
3. അപ്‌ഡേഷന്‍
അപ്‌ഡേഷന്‍ എന്താണെന്ന് ഞാനറിയുന്നത് മൊബൈലില്‍ കളിച്ചിരിക്കുന്ന പത്തു വയസുകാരി മകളെ ശകാരിച്ചപ്പോള്‍ നാല്‍പതുകാരനായ ഞാന്‍ 20 വര്‍ഷം പിറകിലാണെന്ന് അവള്‍ പറഞ്ഞപ്പോഴാണ്.
4. നാളെ നീ...
പരേതനെ കണ്ടു വേഗത്തില്‍ പോരുമ്പോള്‍ നാളത്തെ ചിന്തയായിരുന്നു മനസില്‍. ആ സമയം പിറകില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു, ഇന്നു ഞാന്‍ നാളെ നീ.
5. കോഴിയും ക്ലോക്കും
വെളുപ്പിന് കൂവിയില്ലെങ്കില്‍ നേരം പുലരില്ലെന്ന് കോഴി കരുതുംപോലെ താനില്ലെങ്കില്‍ സമയവുമില്ലെന്ന് ക്ലോക്കും കരുതുന്നുണ്ടാവുമോ?
6. കണ്ണാടി
സുഖമായൊന്നുറങ്ങാനുള്ള രാത്രിക്കുവേണ്ടി പകല്‍മുഴുവന്‍ ദുരിതക്കയത്തില്‍ മുങ്ങിപൊങ്ങുന്നതാരെന്നറിയാന്‍ ചെന്നുനോക്കിയതോ കണ്ണാടിക്കുമുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."